മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം: അനുകൂലിച്ചത് പാര്‍ട്ടി പറഞ്ഞതിനാലെന്ന് പി.കെ ബിജു എം.പി
തൃശൂര്‍: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ചത് പാര്‍ട്ടി പറഞ്ഞതുകൊണ്ടു മാത്രമെന്ന് ആലത്തൂരിലെ സി.പി.എം സ്ഥാനാര്‍ഥി പി.കെ ബിജു.
ഇക്കാര്യത്തില്‍ തന്റെ വ്യക്തിപരമായ നിലപാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരു പ്രസക്തിയുമില്ല. പാര്‍ട്ടി പറഞ്ഞത് അനുസരിക്കുക എന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ രാഷ്ട്രീയം പറയാം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണം ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിന് മറുപടി പറയാനും അദ്ദേഹം തയാറായില്ല. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശത്തില്‍ ഈ ഘട്ടത്തില്‍ അഭിപ്രായം പറയുന്നില്ല. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ എത്തിയിട്ടുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. കഴിഞ്ഞ ദിവസം വിജയരാഘവനെ ന്യായീകരിച്ച് സംസാരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം ആലത്തൂര്‍ സി.പി.എമ്മിന്റെ സുരക്ഷിത മണ്ഡലമാണെന്നും വ്യക്തമാക്കി. മണ്ഡലത്തില്‍ യു.ഡി.എഫ് രാഷ്ട്രീയം പറഞ്ഞല്ല വോട്ടുപിടിക്കുന്നത്. പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ഹാജര്‍ നിലയുള്ള എം.പിമാരില്‍ മുന്‍പന്തിയിലാണ് താന്‍. ആരോഗ്യ രംഗത്തും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും എം.പി എന്ന നിലയില്‍ ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ തനിക്ക് കഴിഞ്ഞു. നൂറിലധികം സ്‌കൂളുകള്‍ എം.പി ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടര്‍വത്കരിക്കാന്‍ സാധിച്ചുവെന്നും സി.പി.എം സ്ഥാനാര്‍ഥി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."