കെ. സുരേന്ദ്രനെതിരേ 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍
കൊച്ചി: പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരേ 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഈ കേസുകളുടെ വിവരം സുരേന്ദ്രന്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഇല്ലാത്തതിനാല്‍ ഇവ അടങ്ങുന്ന പുതിയ പത്രിക ഇന്ന് നല്‍കിയേക്കുമെന്നാണ് സൂചന.
എന്നാല്‍, ഈ കേസുകളുടെ വിവരം തന്നെ അറിയിച്ചിട്ടില്ലെന്നും പുതിയ പത്രിക നല്‍കേണ്ട സാഹചര്യമില്ലെന്നുമാണ് സുരേന്ദ്രന്റെ വാദം. സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക തള്ളുന്നതിനായി സര്‍ക്കാര്‍ ബോധപൂര്‍വം കള്ളക്കേസുകളെടുത്ത് വിവരം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ പത്തനംതിട്ട സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.ജനുവരി രണ്ട്, മൂന്ന് തിയതികളില്‍ ശബരിമല കര്‍മസമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുടെ പേരില്‍ പാറശാല മുതല്‍ കാസര്‍കോട് വരെ വിവിധ സ്റ്റേഷനുകളിലായാണ് ഇത്രയും കേസുകള്‍.
സുരേന്ദ്രന് പുറമേ ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍ക്കും കേസുകളുണ്ട്. തൃശൂര്‍ സ്വദേശി ടി.എന്‍ മുകുന്ദന്‍ ഹെക്കോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേസുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ബി.ജെ.പി സ്ഥാനാര്‍ഥികളായ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ നാമനിര്‍ദേശപത്രികയില്‍ ഈ കേസുകളുടെ വിവരങ്ങളില്ല.
ഇത്രയേറെ കേസുകളുള്ളതായി ഇവര്‍ക്ക് നോട്ടിസ് ലഭിക്കാത്തതാണ് കാരണം. നാമനിര്‍ദേശപത്രികയില്‍ 20 കേസുകളുടെ വിവരമാണ് സുരേന്ദ്രന്‍ നല്‍കിയിട്ടുള്ളത്. അവസാനമായി ഒരു കേസില്‍ ജാമ്യമെടുത്തത് കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് ജില്ലാ കോടതിയില്‍ നിന്നാണ്.
സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, കെ.എസ്.ആര്‍.ടി.സി, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മസമിതി വക്താവ് എസ്.ജെ.ആര്‍ കുമാര്‍, ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. കെ.എസ് രാധാകൃഷ്ണന്‍, ടി.പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രമേശ്, ചാലക്കുടിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എം.എല്‍.എ, വി. മുരളീധരന്‍ എം.പി, പി.ഇ.ബി മേനോന്‍ എന്നിവരെ പ്രതികളാക്കിയാണ് ജനുവരി ഏഴിന് മുകുന്ദന്‍ ഹരജി സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."