ടി.ജെ. ജോസഫിന്റെ വേര്‍പാട്; അരങ്ങൊഴിഞ്ഞത് നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകന്‍
തൊടുപുഴ: കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിസ്വാര്‍ഥ ജനസേവനത്തിന്റെ മാതൃക പിന്‍തലമുറയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചാണ് തൊടുപുഴക്കാര്‍ സ്‌നേഹപൂര്‍വം ഔതച്ചേട്ടന്‍ എന്ന് വിളിക്കുന്ന മുന്‍ നഗരസഭ ചെയര്‍മാന്‍കൂടിയായ ടി.ജെ ജോസഫ് യാത്രയാവുന്നത്. സാധാരണക്കാരനായ ജനനേതാവ് എന്ന വിശേഷണമാണ് ഇദ്ദേഹത്തിന് ചേരുക.
യൂത്ത് കോണ്‍ഗ്രസിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ഇദ്ദേഹം പദവികള്‍ക്ക് വേണ്ടി തമ്മിലടിക്കുന്ന രാഷ്ട്രീയക്കാരില്‍ നിന്ന് വേറിട്ടുനിന്നു.
അധികാരവടംവലിയില്‍ നിന്നൊഴിഞ്ഞു നിന്ന ടി.ജെ ജോസഫ് പൊതുപ്രവര്‍ത്തനത്തിന്റെ അവസാനാളുകളിലാണ് തൊടുപുഴ നഗരസഭയുടെ വൈസ് ചെയര്‍മാനും തുടര്‍ന്ന് ചെയര്‍മാനുമായയത്.
സൗമ്യമായ പെരുമാറ്റവും ലളിതജീവിതവും മുഖമുദ്രയാക്കിയ ഇദ്ദേഹം രാഷ്ട്രീയഭേദമെന്യേ നല്ലൊരു സുഹൃദ്ബന്ധവും കാത്തുസൂക്ഷിച്ചു. തൊഴിലാളി നേതാവ് എന്ന നിലയിലും തിളങ്ങി. നഗരസഭയിലെ അറക്കപ്പാറ വാര്‍ഡില്‍നിന്നും തുടര്‍ച്ചയായി 15 വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടതും ഇദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ അംഗീകാരമായി. 15 വര്‍ഷം ഡി.സി.സി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു. 2006 മുതല്‍ കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റായിരുന്നു. ഐ.എന്‍.ടി.യു.സിയുടെ താലൂക്ക് കമ്മിറ്റി റീജണല്‍ കമ്മിറ്റി അധ്യക്ഷനായി 35 വര്‍ഷം ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്നു. കൂടാതെ നിരവധി യൂണിയനുകളുടെയും ഭാരവാഹിയായി.
തൊടുപുഴയിലെ ആധുനിക പൊതുശ്മശാനം 'ശാന്തിതീരം' യാഥാര്‍ഥ്യമായത് ഇദ്ദേഹം ചെയര്‍മാനായിരുന്ന കാലഘട്ടത്തിലാണ്. എന്ന നാമത്തില്‍ യാഥാര്‍ത്ഥ്യമായത്. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ്, അരിക്കുഴ കൃഷിഫാം എന്നിവയുടെ ഉപദേശകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1970 കളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ ഇടതുകണ്ണിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ആത്മവീര്യത്തിനു മുന്നില്‍ എതിരാളികള്‍ പോലും മുട്ടുകുത്തിയിരുന്നു. തൊടുപുഴയിലെ ഒരു ജനകീയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ഇദ്ദേഹം അന്തരിച്ചത്.
ടി.ജെ ജോസഫിന്റെ നിര്യാണത്തില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ പി.ജെ ജോസഫ്, പി.ടി തോമസ്, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ ജോസ് കിഴക്കേക്കര, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി.വി മത്തായി എന്നിവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."