അതിര്‍ത്തി ലംഘിച്ച് തമിഴ്‌നാട് കൊടിമരങ്ങള്‍ പിഴുതതായി ആക്ഷേപം തമിഴ്‌നാട് അധികൃതര്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു
നെടുങ്കണ്ടം: കേരള അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി തമിഴ്‌നാട് ഉദ്യോഗസ്ഥര്‍. തമിഴ്‌നാട് റവന്യൂ, പൊലിസ് വിഭാഗങ്ങള്‍ അതിര്‍ത്തി ചെക് പോസ്റ്റിലെത്തി സി.പി.എം, ബി.ജെ.പി, ഐ.എന്‍.ടി.യു.സി പ്രസ്ഥാനങ്ങളുടെ കൊടിമരം പിഴുതു.
കേരള അതിര്‍ത്തിയില്‍ കടന്നു കയറി കൊടിമരം പിഴുതതോടെ കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. മുറിച്ചു മാറ്റിയ കൊടി മരങ്ങള്‍ തമിഴ്‌നാട് പൊലിസ് ഇവിടെ നിന്നു കടത്തുകയും ചെയ്തു. അതേസമയം, അതിര്‍ത്തിയിലെ കടകള്‍ പൊളിക്കുകയായിരുന്നു തമിഴ്‌നാട് അധികൃതരുടെ ലക്ഷ്യമെന്നും സൂചനയുണ്ട്.
ഉത്തമപാളയം ഡി.വൈ.എസ്.പി, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് കൊടിമരം നീക്കം ചെയ്തത്. കഴിഞ്ഞ ദിവസമാണ് സി.പി.എം കൊടിമരം നാട്ടിയത്. കമ്പംമെട്ട് എസ്‌ഐ ഷനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തമിഴ്‌നാട് ഡിവൈ എസ്.പിയെയും മറ്റും കേരള അതിര്‍ത്തിയില്‍ നിന്ന് അപ്പുറംകടത്തി. കമ്പംമെട്ട് എസ്.ഐ എല്‍ കുമാറിനെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
നെടുങ്കണ്ടം സി.ഐ റെജി എം കുന്നിപ്പറമ്പന്‍, എസ്.ഐ ഷനല്‍കുമാര്‍ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. തമിഴ്‌നാട്ടില്‍ നിന്ന് വന്‍ പൊലിസ് സംഘം സ്ഥലത്തൈത്തി രാത്രി വൈകിയും ക്യാംപ് ചെയ്യുകയാണ്.
ഇന്നലെ വൈകീട്ട് 4.18നാണ് അപ്രതീക്ഷതമായി റവന്യൂ വിഭാഗം തമിഴ്‌നാട്ടില്‍ നിന്ന് പൊലിസ് സന്നാഹവുമായെത്തിയത്. സമീപത്തെ തമിഴ്‌നാട് വനം വകുപ്പ് ഓഫിസില്‍ നിന്നു വൈദ്യുതി യന്ത്രങ്ങളുടെ സഹായത്തോടെയാണ് കൊടിമരങ്ങള്‍ തമിഴ്‌നാട് റവന്യൂ, പൊലിസ് വിഭാഗങ്ങള്‍ ചേര്‍ന്ന് മുറിച്ച് കടത്തിയത്. കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് മുന്നുമാസമായി നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."