മസൂദിനെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തല്‍: മുഴുവന്‍ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തും: യു.എസ്
വാഷിങ്ടണ്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു. എന്‍ രക്ഷാസമിതി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനായി മുഴുവന്‍ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുമെന്ന് യു.എസ്.
രക്ഷാസമിതിയുടെ ആഗോള ഭീകര പട്ടികയില്‍ ജെയ്‌ഷെ മുഹമ്മദ് തലവനെ ഉള്‍പ്പെടുത്താന്‍ യു.എസും സഖ്യകക്ഷി കളും സാധ്യമായ മുഴുവന്‍ വഴികളും ഉപയോഗപ്പെടുത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ഇതിനായുള്ള കരട് പ്രമേയം രക്ഷാസമിതിയില്‍ സമര്‍പ്പിച്ചെന്ന കാര്യം വക്താവ് സ്ഥിരീകരിച്ചു. യു.കെയുടെയും ഫ്രാന്‍സിന്റെയും സഹകരണത്തോടെയായിരുന്നു നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, പ്രമേയവുമായി മുന്നോട്ടുപോകാനുള്ള യു.എസിന്റെ പ്രഖ്യാപനത്തിനെതിരേ വിമര്‍ശനവുമായി ചൈന വീണ്ടും രംഗത്തെത്തി. യു.എസിന്റെ നീക്കം തെക്കന്‍ ഏഷ്യയില്‍ സമാധാനം ഉണ്ടാക്കുന്നതില്‍ പ്രതിസന്ധികളാണുണ്ടാക്കുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷ്വാങ് പറഞ്ഞു.
രക്ഷാസമിതിയെ നേരിട്ട് സമീപിച്ച നടപടി തെറ്റായ മാതൃകയാണ്. മസൂദ് വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ചൈന സ്വീകരിക്കുന്നത്. യു.എന്നിന്റെ 1267 ഉപരോധ കമ്മിറ്റിയെ സമീപിച്ച് ചര്‍ച്ചയിലൂടെ ഇത് പരിഹരിക്കണമെന്നാണ് രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും കരുതുന്നത്. പ്രമേയവുമായി നേരിട്ട് രക്ഷാസമിതിയെ സമീപിച്ചതിന് പകരം പരസ്പര ധാരണയിലെത്തുകയാണ് വേണ്ടിയിരുന്നത്.
വിഷയത്തില്‍ മികച്ച ഫലമുണ്ടാക്കാനായി ചൈന ശക്തമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലുണ്ടായ യു.എസ് നീക്കം ഒരു ഗുണവും ചെയ്യില്ല. മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്താനായുള്ള ചര്‍ച്ചകള്‍ തുടരും. ഉചിതമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
പുല്‍വാമ ആക്രമണത്തിലെ ജെയ്‌ഷെ മുഹമ്മദ് പങ്കാളിത്തം സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഈ വിഷയത്തില്‍ ചൈന നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്ന് ഗെങ് ഷ്വാങ് പറഞ്ഞു. തെക്കന്‍ ഏഷ്യന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യയും പാകിസ്താനും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച തുടരുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മസൂദ് അസ്ഹറിനെതിരേ പ്രമേയവുമായി നേരിട്ട് രക്ഷാസമിതിയെ സമീപിച്ച യു.എസ് നീക്കത്തെ വിമര്‍ശിച്ച് ചൈന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യു.എന്‍ നടപടികളില്‍ യു.എസ് തെറ്റായ മാതൃകയാണെന്നും ചൈന ആരോപിച്ചിരുന്നു.
ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള തെളിവുകള്‍ ഇന്ത്യക്ക് പാകിസ്താന്‍ കൈമാറിയിരുന്നു. എന്നാല്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഭീകര ബന്ധങ്ങളൊന്നും കണ്ടെത്താനായില്ലെന്നാണ് പാകിസ്താന്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."