പിന്തുണയ്ക്കപ്പെടേണ്ട വൈദ്യസമൂഹം
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും പ്രഥമ പ്രസിഡന്റുകൂടിയായ ഡോ. ബിധന്‍ചന്ദ്ര റോയി (ഡോ. ബി.സി റോയ്)യുടെ ജന്മദിനവും ചരമദിനവുമായ ജൂലൈ ഒന്ന് ദേശീയ തലത്തില്‍ ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുകയാണ്. പൊതുസമൂഹത്തിന് ഡോക്ടര്‍മാര്‍ നല്‍കുന്ന സേവനങ്ങളെയും സംഭാവനകളെയും ഓര്‍ക്കുന്നതിനും അവരെ ആദരിക്കുന്നതിനുമാണ് ദിനാചരണം നടത്തുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍പോലും രോഗികളെ സൗജന്യമായി ചികിത്സിക്കുമായിരുന്നു, സ്വാതന്ത്ര്യ സമര സേനാനി കൂടിയായ ഡോ. ബി.സി റോയ്. ലോകം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക കുഴപ്പത്തിലേക്കും അതോടൊപ്പം തന്നെ മഹാമാരിയുടെ കെടുതികളിലേക്കും കൂപ്പുകുത്തുന്ന അവസരത്തിലാണ് ഈ വര്‍ഷത്തെ ഡോക്‌ടേഴ്‌സ് ദിനം ആചരിക്കപ്പെടുന്നത്.
പൊതുസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ചും നേതൃപരമായ സംഭാവനകളെക്കുറിച്ചും പലപ്പോഴും വിസ്മരിക്കപ്പെട്ടുപോകുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ കാര്യത്തില്‍ മറ്റിതര സംസ്ഥാനങ്ങളെക്കാള്‍ ആരോഗ്യരംഗത്തെ പുരോഗതിയും കുതിച്ചുചാട്ടവും ചര്‍ച്ചചെയ്യുമ്പോള്‍പോലും സാമൂഹ്യസാക്ഷരത അവകാശ ബോധങ്ങള്‍ക്കൊപ്പം തന്നെ വൈദ്യ സമൂഹത്തിന്റെ നിസ്സീമവും നിസ്തുലവുമായ സേവനം സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എടുത്തുപറയുന്നത് കണ്ടിട്ടില്ല. രണ്ടുവര്‍ഷം മുമ്പുണ്ടായ നിപാ പകര്‍ച്ചപ്പനിയും ഇപ്പോഴത്തെ കൊവിഡ് മഹാമാരിയും കേരള സമൂഹത്തയൊന്നാകെ ഭീതിയിലാഴ്ത്തിയപ്പോള്‍ ആത്മാര്‍ഥതയോടെ വൈദ്യസമൂഹം ആ ചെറുത്തുനില്‍പ്പില്‍ മുമ്പില്‍നിന്ന സാഹചര്യത്തിലാണ് പൊതുസമൂഹം ഡോക്ടര്‍മാരുടെ സേവനങ്ങളെ അംഗീകരിക്കുന്നതായി കണ്ടത്.
കേരള സമൂഹത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഡോക്ടര്‍മാര്‍ ആരോഗ്യകേരളം കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് നാട്ടുവൈദ്യന്മാരും ആയുര്‍വേദ ചികിത്സയുമായിരുന്നു കേരളത്തില്‍ പ്രമുഖ ചികിത്സാരീതി. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തോടെ, ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ ജീവനക്കാരുടെ ചികിത്സയ്ക്കായി കേരളമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി തുറന്ന ആധുനിക വൈദ്യശാസ്ത്ര ഡിസ്പ്പന്‍സറികളാണ് പിന്നീട് മോഡേണ്‍ മെഡിസിന്‍ ആശുപത്രികളായി മാറിയത്. സാംക്രമിക രോഗങ്ങള്‍ തടയുന്നതിലൂന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രതിരോധ ചികിത്സയ്ക്ക് പ്രാധാന്യം വന്നത് 1960-70 കളിലാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ കുതിച്ചുചാട്ടത്തിന് ഇതൊരു പ്രധാനഘടകമാണ്. അക്കാലത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഗവണ്‍മെന്റ് സെക്രട്ടറിമാരുടേതിനു തുല്യമായതോ അതിലധികമോ ശമ്പളവും മറ്റാനുകൂല്യങ്ങളും കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് ഡോക്ടര്‍മാരുടെ സേവന, വേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതില്‍ മാറി വന്ന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. സ്വകാര്യ പ്രാക്ടീസ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചത് ഒരളവുവരെ അവരുടെ ശമ്പള വര്‍ധനവിനെ പിറകോട്ടടുപ്പിക്കുന്നതിന് കാരണമായി.
ഈ അടുത്ത കാലത്ത് മാത്രമാണ് ഡോക്ടര്‍മാരുടെ നിയമനങ്ങളുടെ കാര്യത്തില്‍ സംഖ്യാപരമായ വര്‍ധനവുണ്ടായത്. സര്‍ക്കാര്‍ മേഖലയിലെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും ജനങ്ങള്‍ക്ക് എണ്‍പതുകളിലും തൊണ്ണൂറുകളിലും കൂടുതല്‍ സ്വീകാര്യമായി. പലപ്പോഴും ഗ്രാമീണ മേഖലയിലെ ചെറിയ ക്ലിനിക്കുകളിലെ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ കുടുംബ ഡോക്ടര്‍മാരാകുകയും പൊതുജീവിതത്തിലെ ഇളക്കി മാറ്റാന്‍ കഴിയാത്ത കണ്ണികളായി മാറുകയും ചെയ്തു. അക്കാലത്തെ സാമൂഹ്യ പ്രസ്ഥാനങ്ങള്‍, ശാസ്ത്ര സംഘടനകള്‍, മെഡിക്കല്‍ ഇതര സേവന സംഘടനകള്‍, സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എന്നിവയില്‍ മാത്രമല്ല, രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും വരെ ഡോക്ടര്‍മാര്‍ നേതൃത്വനിരയിലേയ്ക്കുയര്‍ന്നു വന്നു. ജനതയുടെ ആരോഗ്യത്തിലും ജീവിത നിലവാരത്തിലും വലിയ ആഘാതമാണ് ഇവ രണ്ടും ഏല്‍പ്പിക്കുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ വൈദ്യ ചികിത്സാരംഗത്തും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും വന്ന പല നിയമങ്ങളും മാറ്റങ്ങളും ഡോക്ടര്‍മാരെ പ്രൊഫഷണലുകളില്‍നിന്ന് കേവലം തൊഴിലാളികളാക്കി മാറ്റുന്ന അവസ്ഥയുണ്ടാക്കി. സേവനരംഗത്തുനിന്ന് ആശുപത്രികളെയും ഡോക്ടര്‍മാരെയും ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴില്‍ കൊണ്ടുവന്നത് ചികിത്സയിലെ മാനുഷികവശം കാണാതെ പോയതുകൊണ്ടാണ്. ഈ അടുത്തകാലത്ത് ചികിത്സാരംഗത്തെ ഉപഭോക്തൃ നിയമത്തിന്റെ കീഴില്‍നിന്ന് മാറ്റിയത് സ്വാഗതാര്‍ഹമാണ്. ഗ്രാമീണ മേഖലയിലുള്‍പ്പെടെ ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കുകള്‍, ചെറുകിട ആശുപത്രികള്‍, നഴ്‌സിങ് ഹോം എന്നിവ തുടങ്ങുന്നതിന് വിവിധ വകുപ്പുകളില്‍നിന്നുള്ള ലൈസന്‍സ് എടുക്കേണ്ട അവസ്ഥയുണ്ടായി. കോര്‍പറേറ്റ് ആശുപത്രികളുടെ കടന്നുവരവും രോഗനിര്‍ണ്ണയത്തില്‍ ആധുനിക ഉപകരണങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന പങ്കും മരുന്നുകളുടെ വിലവര്‍ധനവും എല്ലാം തന്നെ ചികിത്സാരംഗത്തെ വ്യവസായമായി കാണുന്നതിന് കാരണമായി. മാത്രവുമല്ല, ഇന്‍ഷുറന്‍സ് മേഖലയുടെ ചികിത്സാരംഗത്തേക്കുള്ള സാന്നിധ്യം ഇതിന് ആക്കംകൂട്ടുകയും ചെയ്തു. ഇതെല്ലാമാണ് കഴിഞ്ഞ ദശാബ്ദത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള സാമൂഹ്യമായ പ്രാധാന്യം കുറയാന്‍ കാരണമായത്.
ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ ക്ലിനിക്കുകള്‍ക്കും ചെറുകിട ആശുപത്രികള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനുള്ള പദ്ധതി - സ്റ്റാര്‍ട്ട്അപ്പ് ക്ലിനിക്കുകള്‍ - സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതാണ്. ചികിത്സാരംഗത്തെ ആവശ്യങ്ങള്‍ക്കായി പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം ചെലവാക്കുന്ന കേരള സമൂഹത്തിന് ഇത്തരം സംരംഭങ്ങള്‍ ചികിത്സയ്ക്കു വേണ്ടിയുള്ള പണച്ചെലവ് കുറയ്ക്കുന്നതിനു സഹായിക്കും. വിവിധ ദേശീയ ആരോഗ്യ പദ്ധതികളുടെ ഭാഗമായി ചികിത്സയ്ക്കുള്ള മരുന്നുകള്‍, രോഗനിര്‍ണ്ണയ പരിശോധനകള്‍ എന്നിവ ഇത്തരം ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാക്കാന്‍ വേണ്ട തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം (ദേശീയ ടി.ബി, മലേറിയ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ഉദാഹരണം).
സാമൂഹ്യ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന സമൂഹമാണ് കേരളം. മിക്കവാറും എല്ലാവരും തന്നെ ( സ്വകാര്യ - സര്‍ക്കാര്‍ ജീവനക്കാര്‍, തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, വിവിധ പ്രൊഫഷണലുകള്‍ എന്നിവര്‍ ഉള്‍പ്പെടെ) ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ പൊതുസമൂഹത്തിനു നല്‍കുന്ന സേവനത്തെ തീരെ അവഗണിക്കുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. സ്വന്തം വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും ഉപേക്ഷിക്കേണ്ടി വന്നിട്ടുപോലും, ഒഴിവുകളില്ലാതെ രോഗീപരിചരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും പലപ്പോഴും ആശുപത്രി ജന്യ രോഗങ്ങള്‍ മൂലം രോഗഗ്രസ്തരാവുന്ന അവസ്ഥയും ഡോക്ടര്‍മാര്‍ക്കുണ്ട്. ഇതിനു പുറമേ വര്‍ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങളും ഡോക്ടര്‍മാര്‍ക്കെതിരേയുള്ള കൈയേറ്റങ്ങളും തികച്ചും ആശങ്കയുളവാക്കും. ഡോക്ടര്‍മാരുടെ കൂട്ടായ്മയിലൂടെയുള്ള സഹായങ്ങളല്ലാതെ സര്‍ക്കാര്‍ തലത്തിനുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി വൈദ്യസമൂഹത്തിനിപ്പോഴും അന്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെട്ട് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിക്കണമെന്ന് ഈ ഡോക്ടര്‍ ദിനത്തില്‍ നമുക്ക് ഒരുമിച്ച് ആവശ്യപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."