വ്യവസായ മലിനീകരണം രാത്രി പരിശോധന നടത്താന്‍ സ്ഥിരം സമിതി രൂപീകരിച്ചു
പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലകളിലെ മലിനീകരണ നിയന്ത്രണ സംവിധാനം രാത്രികാലങ്ങളില്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സനായി സ്ഥിരം സമിതി രൂപീകരിച്ചതായി കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന പരിസ്ഥിതി കാവല്‍ സംഘം യോഗം അറിയിച്ചു.
സംഘം ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടറുടെ പ്രതിനിധി, ഡെപ്യൂട്ടി കലക്ടര്‍ എ. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
സമിതി വ്യവസായമേഖലകളില്‍ നടത്തിയ പരിശോധനയില്‍ ചില സ്ഥാപനങ്ങളില്‍ മലിനീകരണ നിയന്ത്രണ സംവിധാനമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ വന്‍കിട വ്യവസായ സ്ഥാപനങ്ങളിലും 24 മണിക്കൂറും നിരീക്ഷിക്കാവുന്ന ഓണ്‍ലൈന്‍ മലിനീകരണ നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ പരിസ്ഥിതി കാവല്‍സംഘം സംസ്ഥാന സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും.
ഈയിടെ കഞ്ചിക്കോട് ഒരു സ്വകാര്യ സ്റ്റീല്‍ കമ്പനിയില്‍ നടന്ന പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരിസരവാസികളുടെയും ആശങ്കയും പരാതിയും സര്‍ക്കാരിനെ അറിയിക്കുമെന്ന് പരിസ്ഥിതി കാവല്‍ സംഘം അറിയിച്ചു.
സ്വകാര്യ ശീതളപാനീയ കമ്പനി ഭൂഗര്‍ഭജല ചൂഷണം നടത്തുന്നുണ്ടെന്ന ആരോപണത്തില്‍ ജല ഉപയോഗം നിയന്ത്രണ വിധേയമാക്കിയതായി യോഗം അറിയിച്ചു.
മേഖലയിലെ ഒരു സ്വകാര്യ മദ്യ കമ്പനിയും ടെക്‌സ്റ്റൈല്‍ സ്ഥാപനവും ജനവാസ മേഖലകളിലേക്ക് മലിനജലമൊഴുക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പ്രശ്‌നപരിഹാരമുണ്ടാക്കിയിട്ടുണ്ട്.
യോഗത്തില്‍ പരിസ്ഥിതി കാവല്‍സംഘം കണ്‍വീനറും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനജരുമായി ജി. രാജ്‌മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയന്‍മെന്റല്‍ എന്‍ജിനീയര്‍ ബിജു, ഡെപ്യൂട്ടി ഡി.എം.ഒ ശെല്‍വരാജ്, അസി. ജില്ലാ വ്യവസായ കേന്ദ്രം റഹ്മത്ത് അലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."