അന്‍വറിന് ഓട്ടോ വേണം, ജോയ്‌സ് ജോര്‍ജിന് ടോര്‍ച്ചും
മലപ്പുറം: അന്‍വറിന് ഓട്ടോറിക്ഷ വേണം, ജോയ്‌സ് ജോര്‍ജിന് ടോര്‍ച്ചും. ഇതുകിട്ടിയാലെ ഇരുവര്‍ക്കും ചിഹ്നം വിളിതുടങ്ങാനാവൂ.
പത്രികാസമര്‍പ്പണം ഇന്നു പൂര്‍ത്തിയാവുന്ന സംസ്ഥാനത്ത് ചിഹ്നം പറഞ്ഞു വോട്ടുപിടിക്കാനാവാതെ കുഴങ്ങിയിരിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥികളെല്ലാം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതുകാരണം ചിഹ്നം പ്രശ്‌നമല്ല. 20 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് നാലിടങ്ങളില്‍ എല്‍.ഡി.എഫിന് വേണ്ടി സി.പി.ഐയുടെ അരിവാള്‍ നെല്‍കതിര്‍ ആണ് ചിഹ്നം. ബാക്കിയുള്ള 16 സീറ്റുകളില്‍ 14 ഇടത്തും അരിവാള്‍ ചുറ്റിക നക്ഷത്രവും ചിഹ്നമാണ്.
എല്‍.ഡി.എഫ് സ്വതന്ത്രരായ പൊന്നാനിയിലെ പി.വി അന്‍വറും ഇടുക്കിയിലെ ജോയ്‌സ് ജോര്‍ജുമാണ് പ്രചാരണത്തില്‍ സജീവമായിട്ടും ചിഹ്നം തീരുമാനമാവാത്ത മുന്നണി സ്ഥാനാര്‍ഥികള്‍. ഇരുവരും കഴിഞ്ഞ ദിവസമാണ് പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികയോടൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച ചിഹ്നങ്ങളില്‍ ഏതെങ്കിലും മൂന്നെണ്ണം മുന്‍ഗണനാക്രമത്തില്‍ നിര്‍ദേശിക്കാന്‍ അവസരമുണ്ട്. ഒന്നിലധികം പേര്‍ ഒരേ ചിഹ്നത്തിന് അവകാശവാദമുന്നയിച്ചാല്‍ നിശ്ചിത നിയമങ്ങള്‍ക്ക് വിധേയമായി ചിഹ്നം തീരുമാനിക്കും.
ടോര്‍ച്ച് ചിഹ്നനത്തില്‍ കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ജോയ്‌സ് ജോര്‍ജ് ഇത്തവണയും ചിഹ്നങ്ങളില്‍ ഒന്നാം ഓപ്ഷനായി നല്‍കിയിരിക്കുന്നത് ഇതുതന്നെയാണ്. പൊന്നാനിയില്‍ ഇടതുമുന്നണിക്കു വേണ്ടി 2014ല്‍ വി. അബ്ദുറഹ്മാന്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ചിഹ്നം കപ്പും സോസറും ആയിരുന്നു. അതേസീറ്റില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരേ പോരിനിറങ്ങിയ അന്‍വറിന് ഇഷ്ടം പക്ഷെ തന്റെ ഭാഗ്യചിഹ്നമായ ഓട്ടോറിക്ഷയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുത്തക തകര്‍ത്ത് നിലമ്പൂര്‍ മണ്ഡലം പിടിക്കാന്‍ അന്‍വറിനെ സഹായിച്ചത് ഈ ചിഹ്നമായിരുന്നു.
ഓട്ടോറിക്ഷ ചിഹ്നമായി ലഭിക്കണമെന്നാണ് അന്‍വറിന്റെ അപേക്ഷ. ഇതു കിട്ടിയില്ലെങ്കില്‍ കപ്പും സോസറും വേണം. അതും ലഭിക്കാത്തപക്ഷം കത്രികയായാലും മതിയെന്നാണ് അന്‍വറിന്റെ മോഹം. എട്ടാം തിയതി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. അന്നുതന്നെയാണ് സ്വതന്ത്രരുടെ ചിഹ്നത്തില്‍ തീരുമാനമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."