മൂന്നിടങ്ങളില്‍ കിതച്ച് സി.പി.ഐ
തിരുവനന്തപുരം: മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങളില്‍ മൂന്നിടങ്ങളിലും സി.പി.ഐ നേരിടുന്നത് അതിശക്തമായ മത്സരം.
സിറ്റിങ് സീറ്റായ തൃശൂരില്‍ ഇത്തവണ വലിയ മത്സരം നേരിടേണ്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് സി.എന്‍ ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ ഇറക്കിയത്. ഇതില്‍ സി.എന്‍ ജയദേവന് അതൃപ്തിയുണ്ടെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ കരുത്തന്‍ ടി.എന്‍ പ്രതാപനൊപ്പം ബി.ജെ.പിക്കു വേണ്ടി നടന്‍ സുരേഷ് ഗോപി കൂടി കളത്തിലിറങ്ങിയതോടെ ആകെയുണ്ടായിരുന്ന മണ്ഡലം കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് സി.പി.ഐ.
കഴിഞ്ഞ തവണ 38,227 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 3,88,774 വോട്ടുകള്‍ നേടിയാണ് ജയദേവന്‍ യു.ഡി.എഫിലെ കെ.പി ധനപാലനെ (3,50,593 വോട്ടുകള്‍) തോല്‍പ്പിച്ചത്. മൂന്നാമതെത്തിയ ബി.ജെ.പിയിലെ കെ.പി ശ്രീശന് 1,02,625 വോട്ടുകളും ലഭിച്ചിരുന്നു. 2009നേക്കാള്‍ 4.58 ശതമാനം വോട്ടുകളുടെ വര്‍ധനവാണ് 2014ല്‍ ബി.ജെ.പി നേടിയത്. ഇത്തവണ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കൂടി വന്നതോടെ കടുത്ത ത്രികോണ മത്സരത്തിനാണ് തൃശൂര്‍ സാക്ഷിയാകുക.
കഴിഞ്ഞ തവണ 20,870 വോട്ടുകള്‍ക്ക് സത്യന്‍ മൊകേരി തോറ്റ വയനാട് മണ്ഡലത്തില്‍ നേരിയ സാധ്യത കണ്ടാണ് ഇത്തവണ പി.പി സുനീറിനെ സി.പി.ഐ നിര്‍ത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യ എതിരാളിയായി എത്തിയതോടെ ഇവിടെ ചിത്രം മാറി. രാഹുലെത്തിയതോടെ വയനാട്ടില്‍ സുനീറിന്റെ വിജയസാധ്യത വളരെ വിദൂരമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പേയ്‌മെന്റ് സീറ്റ് വിവാദമുയര്‍ന്ന തിരുവനന്തപുരം മണ്ഡലത്തില്‍ എങ്ങനെയും വിജയിച്ച് ഇമേജ് തിരിച്ചുപിടിക്കാനാണ് ഇവിടെ സി. ദിവാകരനെ സി.പി.ഐ ഇറക്കിയത്. എന്നാല്‍ യു.ഡി.എഫിലെ ശശി തരൂരിന് പുറമെ ബി.ജെ.പിക്കു വേണ്ടി കുമ്മനം രാജശേഖരന്‍ കൂടി രംഗത്തെത്തിയതോടെ മത്സരം കടുത്തിരിക്കുകയാണ്. എല്‍.ഡി.എഫിന് സ്വാധീനമുള്ള കോവളം, പാറശാല, നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ പരമാവധി ഉറപ്പിക്കാനാണ് സി.പി.ഐയുടെ ശ്രമം. അതേസമയം ബി.ജെ.പി കഴിഞ്ഞ പ്രാവശ്യം രണ്ടാമതെത്തിയ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് ദിവാകരന്‍ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."