ടാക്‌സി രജിസ്‌ട്രേഷന്‍ നടത്തി ടാക്‌സ് വെട്ടിപ്പ്: ആഡംബര കാര്‍ പിടികൂടി
തിരുവല്ല: ടാക്‌സി രജിസ്‌ട്രേഷന്‍ നടത്തി ടാക്‌സ് വെട്ടിപ്പ് നടത്തി വന്ന ആഡംബര കാര്‍ തിരുവല്ല ജോയിന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ പിടികൂടി. കുട്ടനാട് പാണ്ടങ്കേരി കറുകയില്‍ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് പിടിച്ചെടുത്തത്.
57 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ജാഗ്വാര്‍ ഇനത്തില്‍പ്പെട്ട കാര്‍ തിരുവല്ല കുമ്പനാടുവച്ചാണ് പിടികൂടിയത്.
ടാക്‌സി രജിസ്‌ട്രേഷന്‍ നടത്തിയാല്‍ നികുതിയില്‍ ഇളവ് നേടാമെന്ന പഴുത് മുതലെടുത്താണ് തട്ടിപ്പ് നടത്തിവന്നത്. വിവാഹ പാര്‍ട്ടിക്ക് വേണ്ടി വാടകയ്ക്ക് ഓട്ടം പോകുന്നതിനിടയിലാണ് കാര്‍ പിടികൂടിയത്. ഡ്രൈവര്‍ ആലന്തുരുത്തി വടശേരി പറമ്പില്‍ ജറിന്‍ വി.കുര്യന്റെ ലൈസന്‍സും പിടിച്ചെടുത്തു.
2015ല്‍ വാങ്ങിയ കാര്‍ അന്നു മുതല്‍ ടാക്‌സി രജിസ്‌ട്രേഷനിലായിരുന്നു സര്‍വിസ് നടത്തിയിരുന്നത്. സ്വകാര്യ കാറുകളുടെ രജിസ്‌ട്രേഷന്‍ നമ്പറായിരുന്നു ഉപയോഗിച്ചിരുന്നത്.
ഒരു വിവാഹ പാര്‍ട്ടിയുടെ പക്കല്‍ നിന്ന് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപവരെ ഈടാക്കിയാണ് വാഹനം നല്‍കിയിരുന്നത്. ടാക്‌സ് തട്ടിപ്പ് നടത്തുന്ന വിലകൂടിയ വാഹനം ജില്ലയില്‍ പിടികൂടുന്നത് ആദ്യമാണ്.
ജില്ലയില്‍ സമാന രീതിയില്‍ നിരവധി വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിടികൂടിയ വാഹന ഉടമയ്ക്ക് മൂന്നിലധികം വിലകൂടിയ ആഡംബരക്കാറുകള്‍ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ പരിശോധിച്ച് വരുകയാണ്. രജിസ്‌ട്രേഷന്‍ നിയമം 39 പ്രകാരവും മോട്ടര്‍ ടാക്‌സ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്തുമാണ് കേസെടുത്തിട്ടുള്ളത്്. ഏകദേശം പത്തുലക്ഷം രൂപയോളം പിഴയടക്കേണ്ടിവരും എന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."