നേതാക്കള്‍ തലക്കുമുകളില്‍ തലങ്ങും വിലങ്ങും പറക്കും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ചിലവുചുരുക്കലുമൊക്കെയുണ്ടെങ്കിലും പ്രചാരണത്തിനായി നേതാക്കള്‍ ഇത്തവണയും ആകാശത്തിലൂടെ തലങ്ങും വിലങ്ങും പറക്കും. പ്രചാരണത്തിനായി നേതാക്കള്‍ക്ക് പറക്കാന്‍ കോടികള്‍ ചിലവിട്ടാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 20 ഹെലികോപ്റ്ററുകളും 12 ബിസിനസ് ജെറ്റുകളുമാണ് ബി.ജെ.പി തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലുതാണിത്. കോണ്‍ഗ്രസ് 10 ഹെലികോപ്റ്ററുകളും നാലു ബിസിനസ് ജെറ്റുകളും വാടകയ്‌ക്കെടുത്തിട്ടുണ്ട്. മണിക്കൂറിന് 2,80,000 രൂപ വാടകയുള്ള സെസ്സാന സിറ്റേഷന്‍ എസ്.എല്‍.എസ്, മണിക്കൂറിന് 4,00,000 വാടകയുള്ള ഫാല്‍ക്കണ്‍- 4000 എന്നീ ബിസിനസ് ജെറ്റുകളാണ് ബി.ജെ.പി വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഹെലികോപ്റ്ററുകള്‍ അഗസ്ത- 109, ബെല്‍- 412, അഗസ്ത- 139 എന്നീ കമ്പനികളുടേതാണ്. മണിക്കൂറിന് 1,80,00 മുതല്‍ നാലു ലക്ഷം വരെയാണ് വാടക.
മണിക്കൂറിന് 1,48,000 രൂപ വാടകവരുന്ന സെസ്സാന സിറ്റേഷന്‍ ജെറ്റ് ടു, 2,48,000 രൂപ വാടക വരുന്ന സെസ്സാന സിറ്റേഷന്‍ എക്‌സല്‍, ഫാല്‍ക്കണ്‍- 400 എന്നീ ബിസിനസ് ജെറ്റുകളാണ് കോണ്‍ഗ്രസിന്റെത്. ബെല്‍- 407 യൂറോകോപ്റ്റര്‍ ഡി- 3, എന്നിങ്ങനെ മണിക്കൂറിന് ഒരു ലക്ഷം മുതല്‍ 1.35 ലക്ഷംവരെ വാടകവരുന്ന ഒരു എഞ്ചിന്‍ മാത്രമുള്ള ഹെലികോപ്റ്ററുകളും ഇരട്ട എഞ്ചിനുള്ള ബെല്‍ 412വും അഗസ്തയും കോണ്‍ഗ്രസ് വാടകയ്‌ക്കെടുത്തുകഴിഞ്ഞു. എക്കാലത്തും കോണ്‍ഗ്രസിനെക്കാള്‍ ബി.ജെ.പിയാണ് കൂടുതല്‍ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാറ്. ഇത്തവണ കൂടുതല്‍ വിമാനങ്ങള്‍ ബി.ജെ.പി എടുത്തെങ്കിലും വാടകയില്‍ കഴിഞ്ഞതവണത്തേതിനെക്കാള്‍ വലിയവര്‍ധനവുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് കാലമായപ്പോള്‍ കമ്പനികള്‍ കുത്തനെ വാടക കൂട്ടിയിരുന്നു. ഇത്തവണയും 2014ലെ അതെ വാടകയേയുള്ളൂ. എന്നാല്‍ കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ എടുത്തതിനാല്‍ കൂടുതല്‍ വാടക നല്‍കണം.
തെലങ്കാന ഭരിക്കുന്ന ടി.ആര്‍.എസ്, ആന്ധ്രപ്രദേശ് ഭരിക്കുന്ന ടി.ഡി.പി എന്നിവയാണ് ഇത്തവണ വിമാനം വാടകയ്‌ക്കെടുത്ത മറ്റു രണ്ടുപാര്‍ട്ടികള്‍. ഒരു ഫാര്‍ക്കണ്‍ 4000 ബിസിനസ് ജെറ്റും രണ്ടു ഹെലികോപ്റ്ററുകളും വീതമാണ് ഇവരെടുത്തത്. എസ്.പി ഇരട്ട എഞ്ചിനുള്ള ബെല്‍- 412, അഗസ്ത- 109, അഗസ്ത- 139 എന്നിവയെടുത്തു. കര്‍ണാടക ഭരണകക്ഷിയായ ജെ.ഡി.എസ് ഒന്നും വാടകയ്‌ക്കെടുത്തിട്ടില്ലെങ്കിലും ആവശ്യമുള്ളപ്പോള്‍ ഹെലികോപ്റ്ററുകള്‍ എടുക്കുന്നുണ്ട്. രണ്ടുരീതിയിലാണ് ഇത്തരത്തില്‍ എയര്‍ക്രാഫ്റ്റുകള്‍ വാടകയ്‌ക്കെടുക്കാന്‍ കഴിയുക. 45 ദിവസത്തേക്ക് എടുത്തുവയ്ക്കുകയും ദിവസം പറന്നില്ലെങ്കിലും മൂന്നു മണിക്കൂറിന്റെ വാടക നല്‍കുകയും ചെയ്യുന്നതാണ് ഇതിലൊന്ന്. മുന്ന് മണിക്കൂറിലധികം പറന്നാല്‍ മണിക്കൂര്‍ കണക്കാക്കി തന്നെ വാടക നല്‍കണം. വിമാനം ആവശ്യമുള്ളപ്പോള്‍ മാത്രം എടുക്കുന്ന അഡ്‌ഹോക്ക് രീതിയാണ് രണ്ടാമത്തേത്. ഇതിന് ചിലവ് കുറവാണെങ്കിലും വിമാനം ആവശ്യമുള്ളപ്പോള്‍ കിട്ടണമെന്നില്ല. പാര്‍ട്ടികള്‍ ചെക്കായോ ബാങ്ക് ട്രാന്‍സ്ഫറായോ ആണ് പണം നല്‍കാറുള്ളതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."