വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു
ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കൊല്ലം എസ്.എന്‍ കോളജിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. കൊല്ലം എസ്.എന്‍ കോളജില്‍ 1997-98 കാലഘട്ടത്തില്‍ സില്‍വര്‍ ജൂബിലിക്ക് ഒരു കോടി പതിനഞ്ചു ലക്ഷം പിരിച്ചെടുത്തതില്‍ 55 ലക്ഷം വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നതാണ് കേസ്. കൊല്ലം കടപ്പാക്കട സ്വദേശിയും എസ്.എന്‍ ട്രസ്റ്റ് അംഗവുമായ സുരേന്ദ്രബാബു നല്കിയ പരാതി പ്രകാരമാണ് അന്വേഷണവും ചോദ്യം ചെയ്യലും.
ഇന്നലെ വൈകിട്ട് നാലോടെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന് തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം രണ്ട് കാറുകളിലായെത്തിയ ക്രൈംബ്രാഞ്ച് സംഘം രാത്രി വൈകുവോളം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു. 2004 മുതല്‍ വര്‍ഷങ്ങളായി നടന്ന കേസില്‍ രേഖകളൊന്നും കണ്ടെത്തിയില്ലെന്നു പറഞ്ഞ് പൊലിസ് എഴുതിത്തള്ളുന്ന ഘട്ടത്തില്‍ പരാതിക്കാരന് വീണ്ടും നല്കിയ കേസിലാണ് കോടതി ക്രൈംബ്രാഞ്ചിന് വിട്ടത്.
ആറുമാസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവ് നല്‍കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് വീണ്ടും പരാതിക്കാരന് കോടതിയെ സമീപിക്കുകയും കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന ഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരു മാസം ആവശ്യപ്പെട്ടു. എന്നാല്‍ ജൂലൈ ആറുവരെയാണ് കോടതി അനുവദിച്ചത്. വരുന്ന തിങ്കളാഴ്ച ആ സമയവും തീരാനിരിക്കെയാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."