നമോ ടി.വി സംപ്രേഷണം: തെര. കമ്മിഷന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി
ന്യൂഡല്‍ഹി: ഞായറാഴ്ച സംപ്രേഷണം ആരംഭിച്ച ബി.ജെ.പി അനുകൂല ടെലിവിഷന്‍ നമോ ടി.വിക്കെതിരെ തെരഞ്ഞെടുപ്പു കമ്മിഷന്‍. എന്ത് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് സമയത്ത് ടി.വിക്ക് സംപ്രേഷണാനുമതി നല്‍കിയതെന്ന് കമ്മിഷന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയത്തോട് ആരാഞ്ഞു.
ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രാലയത്തിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സംപ്രേഷണാനുമതി ആവശ്യപ്പെട്ട് നമോ ടി.വി നല്‍കിയ അപേക്ഷയുടെ വിശദാംശങ്ങളും കമ്മിഷന്‍ ആവശ്യപ്പെട്ടു. ചാനലിനെതിരെ കോണ്‍ഗ്രസും എ.എ.പിയും നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മിഷന്റെ നടപടി. അതേസമയം, ഇതൊരു വാര്‍ത്താധിഷ്ടിത ചാനലല്ലെന്നും പരസ്യം മാത്രം ലക്ഷ്യമിടുന്നതാകയാല്‍ അനുമതിയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഞായറാഴ്ചയാണ് നമോ ടി.വി സംപ്രേഷണം തുടങ്ങിയത്. മോദിയുടെ ചിത്രമാണ് ചാനലിന്റെ ലോഗോ ആയി ഉപയോഗിച്ചിരിക്കുന്നത്.
നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളുള്‍പ്പെടെയുള്ള പരിപാടികള്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും പാര്‍ട്ടി പരിപാടികളും 24 മണിക്കൂര്‍ സംപ്രേഷണം ചെയ്യുന്നതിനു വേണ്ടിയാണ് ചാനല്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും ചാനല്‍ സംപ്രേഷണംചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചാനല്‍ ഉപയോഗിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു കമ്മിഷനു നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. പരസ്യങ്ങളില്ലാതെ 24 മണിക്കൂര്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് ചാനലിന്റെ സാമ്പത്തിക ഉറവിടത്തെ കുറിച്ചും സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ചും സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞമാസം 30ന് വാര്‍ത്താവിനിമയവിതരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സ്വകാര്യചാനലുകളുടെ പട്ടികയില്‍ നമോ ടി.വി ഉള്‍പ്പെട്ടിരുന്നില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ചാനല്‍ തുടങ്ങാനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയെ നമോ ടി.വി മാനേജ്‌മെന്റ് സമീപിച്ചിട്ടുണ്ടോയെന്നായിരുന്നു എ.എ.പിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, ബര്‍ഖാ ദത്ത്, പുണ്യപ്രസൂണ്‍ ജോഷി തുടങ്ങിയവര്‍ ഉള്‍പെടുന്ന ഹാര്‍വെസ്റ്റ് ടി.വി കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിവാദം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ അനുമതിയോടെ നമോ ടിവിയുടെ പ്രക്ഷേപണം നടക്കുന്നത്.
'മേം ഭി ചൗക്കിദാര്‍' സംപ്രേഷണം; ദൂരദര്‍ശനും നോട്ടിസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബി.ജെ.പിയുടെ പ്രചാരണ പരിപാടിയായ 'മേം ഭി ചൗക്കിദാര്‍' (ഞാനും കാവല്‍ക്കാരനാണ്) സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടിസയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഔദ്യോഗിക വാര്‍ത്താവിതരണ സംവിധാനമായ ദൂരദര്‍ശനെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മിഷന്റെ നടപടി. ഈ വിഷയത്തില്‍ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും കമ്മിഷനു പരാതി നല്‍കിയിരുന്നു. മേം ഭി ചൗക്കീദാര്‍ പരിപാടി ദൂരദര്‍ശന്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും യൂട്യൂബിലും ദൂരദര്‍ശന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പരിപാടി പ്രചരിപ്പിക്കുകയും ചെയ്തതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."