മാള സബ്ട്രഷറിയിലേക്കുള്ള റോഡില്‍ വെള്ളക്കെട്ട്
മാള: മാളച്ചാലിനോട് ചേര്‍ന്ന് നിര്‍മിച്ച മാള സബ്ട്രഷറിയിലേക്കുള്ള പാത മഴ പെയ്തു തുടങ്ങിയാല്‍ വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയിലാണ്.
മഴ കനത്ത് പെയ്താല്‍ പാതയും ട്രഷറി കെട്ടിടം തന്നെയും വെള്ളത്തില്‍ മുങ്ങുന്നതോടെ പെന്‍ഷന്‍കാരും വെള്ളത്തില്‍ മുങ്ങി നീന്തേണ്ടിവരും പെന്‍ഷന്‍ കൈപ്പറ്റാന്‍.
അല്‍പനേരം മഴപെയ്താല്‍ പോലും കെട്ടിടത്തിന് ചുറ്റും വെള്ളം പൊങ്ങുമെന്ന് അധികൃതരും പെന്‍ഷനേഴ്‌സും പറയുന്നു. ടൈല്‍സ് വിരിച്ച നടപ്പാതയാണ് ആദ്യം വെള്ളത്തില്‍ മുങ്ങുന്നത്.
ഇതുമൂലം പെന്‍ഷന്‍ ഉള്‍പ്പടെ സാമ്പത്തിക ഇടപാടിനെത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടിയാണ് കെട്ടിടത്തിലേക്ക് കയറുന്നത്.കാല്‍ നൂറ്റാണ്ടുകാലം അന്നമനടയില്‍ പ്രവര്‍ത്തിച്ചിരുന്ന സബ്ട്രഷറി വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് മാളയിലേക്ക് മാറ്റിയത്.
തട്ടകത്ത് ജോസഫ് എന്നയാള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ മാളച്ചാലിന്റെ വെള്ളക്കെട്ട് പ്രദേശത്താണ് കെട്ടിടനിര്‍മാണം നടക്കുന്നതെന്നാരോപിച്ച പ്രമുഖ രാഷ്ട്രീയകക്ഷികളും പരിസ്ഥിതി സംഘടനകളുമെല്ലാം രംഗത്തുവന്നിരുന്നു.
എന്നാല്‍ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരമാണ് ഇവിടേക്ക് ട്രഷറിപ്രവര്‍ത്തനം മാറ്റിയത്. മഴ കനത്താല്‍ ഈ പ്രദേശമാകെ വെള്ളത്തില്‍മുങ്ങുക പതിവാണ്. ചാലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വന്‍തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോലും നടക്കുന്നുണ്ട്.
സമീപത്തെ അനധികൃത മത്സ്യ-മാംസ വില്‍പനശാലകളില്‍ നിന്നുള്ള മാലിന്യം ഈ വെള്ളത്തിലൂടെ ഒലിച്ച് പലയിടങ്ങളില്‍ വ്യാപിക്കുന്നതായും പരാതിയുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള ചീപ്പ്(ബണ്ട്) തുറന്ന് വെള്ളം കളയലാണ് ഇപ്പോള്‍ നടക്കുന്നത്.
എന്നാല്‍ ഇത് പൂര്‍ണമായും തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുക പതിവാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് പെന്‍ഷന്‍കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."