ലൈറ്റ് ആന്‍ഡ് സൗണ്ട് കടകള്‍ക്ക് ചാകരക്കാലം
മാനന്തവാടി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ചൂടുപിടിച്ചതോടെ തിരക്കേറിയത് ഉച്ചഭാഷിണികള്‍ വാടകക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക്. പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലം എന്ന പ്രത്യേകത കൂടി ഉള്ളതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് കടകള്‍ക്ക് വരും ദിവസങ്ങളില്‍ തിരക്കിന്റെ നാളുകളായിരിക്കും. ആദ്യ കാലഘട്ടങ്ങളില്‍ കാളവണ്ടികളിലും സൈക്കിളിലുമെല്ലാം ചെറിയ മൈക്ക് ഉപയോഗിച്ച് സ്ഥാനാര്‍ഥി തന്നെ പ്രചാരണം നടത്തുകയായിരുന്നു രീതി. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പ്രചാരണ പരിപാടികള്‍ 250, 400,700 വാട്‌സ് ശബ്ദമുള്ള കോളാമ്പി മൈക്കുകളാണ് ഉപയോഗിച്ചിരുന്നത്. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ പ്രചാരണവും ആധുനിക രീതിയിലായി.
ഇപ്പോള്‍ 2000 മുതല്‍ 4000 വരെയുള്ള വാട്‌സ് ഉള്ള വലിയ സൗണ്ട് ബോക്‌സുകളിലേക്കു മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഉച്ചഭാഷിണി രംഗത്ത് കണ്ടുവരുന്ന പ്രധാന മാറ്റം പ്രചാരണ വാഹനങ്ങളില്‍ അനൗണ്‍സര്‍മാര്‍ കുറഞ്ഞു വരുന്നതാണ്. സ്ഥാനാര്‍ഥി പര്യടനത്തിന് മാത്രമാണ് അനൗണ്‍സര്‍മാര്‍ പ്രധാനമായും ലൈവ് നടത്തുന്നത്. ബാക്കി വോട്ട് അഭ്യര്‍ഥനയും മറ്റും സി.ഡിയിലേക്കും പെന്‍ ഡ്രൈവിലേക്കും മാറുകയായിരുന്നു. റെക്കോര്‍ഡ് ചെയ്ത വോട്ട് അഭ്യര്‍ഥനയും പാരഡി ഗാനങ്ങളുമെല്ലാമായി ഇനിയുള്ള നാളുകളില്‍ സൗണ്ട് ബോക്‌സുകള്‍ കെട്ടിവച്ച വാഹനങ്ങള്‍ നഗര, ഗ്രാമ പാതകളിലൂടെ തലങ്ങും വിങ്ങും പായും. പ്രളയത്തിനു ശേഷം നിര്‍ജീവമായി ഉച്ചഭാഷിണി സ്ഥാപനങ്ങള്‍ വീണ്ടും സജീവമായതായി വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന യൂസഫ് അരോമ പറഞ്ഞു. അനൗണ്‍സ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇനി ചാകരയുടെ നാളുകളാണ്. ഇവരും തകൃതിയായി സി.ഡികള്‍ തയാറാക്കുന്ന തിരക്കിലാണ്. അതേസമയം കൂടുതല്‍ വാട്ട്‌സുകള്‍ ഉള്ള ശബ്ദം ഉപയോഗിച്ചാല്‍ പൊതുജനത്തിന് ഓണ്‍ലൈനിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാമെന്ന ഉത്തരവ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."