എം.ജിയില്‍ സിലബസ് അട്ടിമറിക്കാന്‍ നീക്കം; സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം
ചാന്‍സിലറുടെ സമിതിക്ക് പുല്ലുവില
കോട്ടയം: ചാന്‍സിലേഴ്‌സ് അവാര്‍ഡ് നേടിയ എം.ജി യൂനിവേഴ്‌സിറ്റി വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക്. ലക്ഷങ്ങള്‍ മുടക്കി ബോര്‍ഡ് ഓഫ് സ്റ്റഡീസ് പരിഷ്‌കരിച്ച ഡിഗ്രി സിലബസ് പൊളിച്ചെഴുതുന്നതിലൂടെ നടക്കുന്നത് വന്‍ സാമ്പത്തിക ക്രമക്കേട്. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിലബസ് പരിഷ്‌കരണത്തിന് യൂനിവേഴ്‌സിറ്റി ചാന്‍സിലര്‍ നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസ് പരിഷ്‌കരിച്ച സിലബസാണ് ഇപ്പോള്‍ രാഷ്ട്രീയ താത്പര്യ പ്രകാരം മാറ്റാന്‍ അണിയറയില്‍ നീക്കം നടക്കുന്നത്. ചാന്‍സിലേഴ്‌സ് അവാര്‍ഡ് യൂനിവേഴ്‌സിറ്റിക്ക് ലഭിച്ചതില്‍ പുതിയ സിലബസും പ്രധാന ഘടകമായിരുന്നു.
നിയമപരമായി സിലബസ് പരിഷ്‌കരണാധികാരം ബോര്‍ഡിനാണ്. എന്നാല്‍ ബോര്‍ഡിനെ അട്ടിമറിച്ച് ഇടത് സിന്‍ഡിക്കേറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ചാണ് സിലബസ് ഇടത് അനുകൂലമാക്കാന്‍ നീക്കംനടക്കുന്നത്. പാഠ്യപദ്ധതി രൂപീകരണത്തിന്റെ മറവില്‍ വന്‍തോതില്‍ സ്വജനപക്ഷപാതവും സാമ്പത്തിക ക്രമക്കേടും നടക്കുന്നതായി സംഘടനാ ഭാരവാഹി ഡോ. ജോര്‍ജ് ജയിംസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ നോക്കുകുത്തിയാക്കി ചിലരുടെ വ്യക്തിതാല്‍പര്യത്തിനായി മികച്ച സിലബസ് വീണ്ടും മാറ്റുന്നതിന് എം.ജി വി.സിയും കൂട്ടുനില്‍ക്കുന്നുവെന്ന് പ്രൊഫ. പി.ജെ തോമസ് കുരുവിള പറഞ്ഞു. സിലബസ് രൂപീകരിച്ച് സമര്‍പ്പിച്ചപ്പോള്‍ ഏറ്റവും മികച്ച സിലബസാണിതെന്ന് വ്യക്തമാക്കിയ വി.സി ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണം മാറിയപ്പോള്‍ അക്കാദമിക് മര്യാദകള്‍ മറന്നുകൊണ്ടാണ് വി.സിയും പ്രവര്‍ത്തിക്കുന്നത്. ഒന്‍പത് വര്‍ഷക്കാലം സിലബസ് പരിഷ്‌കരണം യൂനിവേഴ്‌സിറ്റിയില്‍ നടന്നിരുന്നില്ല. 2014ലാണ് ഡിഗ്രി സിലബസ് പരിഷ്‌കരിക്കാനുള്ള തീരുമാനമുണ്ടായത്. ഏറ്റവും മികച്ച സിലബസ് ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2014 പരിഷ്‌കരണ ജോലികള്‍ ആരംഭിക്കുകയും 2016 ല്‍ പുതിയ സിലബസ് സമര്‍പ്പിക്കുകയും ചെയ്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂനിവേഴ്‌സിറ്റിക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ചാന്‍സിലര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കോളജ് അധ്യാപകരായ ഡോ.റോണി ജോര്‍ജ്, ഡോ. കെ.എം ബെന്നി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."