അണ്‍ലോക്ക്-2 പ്രഖ്യാപിച്ച് കേന്ദ്രം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക്-2 പ്രഖ്യാപിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം കടുപ്പിക്കുന്നു. മഹാരാഷ്ട്രയും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തേതന്നെ ലോക്ക്ഡൗണ്‍ ജൂലൈ 31വരെ നീട്ടിയിരുന്നു.
തമിഴ്നാട്ടില്‍ നിലവിലെ ലോക്ക്ഡൗണ്‍ ഒരു മാസത്തേയ്ക്കു നീട്ടിയതിനു പുറമേ, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം തൊണ്ണൂറായിരത്തിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്രയില്‍ നേരത്തേന്നെ കേസുകള്‍ 1.69 ലക്ഷം പിന്നിട്ടിരുന്നു.
ജൂലൈ അഞ്ചു മുതല്‍ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കര്‍ണാടക, രാത്രി കര്‍ഫ്യൂ കര്‍ശനമായി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തെലങ്കാനയിലും വിവിധയിടങ്ങളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ ഗുവാഹത്തി ഉള്‍പ്പെടുന്ന ജില്ലയില്‍ രണ്ടാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും മറ്റിടങ്ങളില്‍ രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ സ്വന്തം വീടുകളില്‍നിന്നു രണ്ടു കിലോമീറ്ററിലേറെ ദൂരത്തേയ്ക്കു സഞ്ചരിക്കുന്നത് വിലക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളും നിലവിലെ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."