ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവനേകി കുരുന്നുകള്‍
കല്ലമ്പലം: ഇമ്മിണി ബല്യ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറും, കഥാപാത്രങ്ങളായ പാത്തുമ്മയും, മജീദും, സുഹ്‌റയും, ഒറ്റക്കണ്ണന്‍പോക്കറും പാത്തുമ്മയുടെ ആടുമൊക്കെ നേരിട്ടെ ത്തിയപ്പോള്‍ കാഴ്ചക്കാരായ കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. ബഷീറിന്റെ ഇരുപത്തി നാലാമത് ചരമദിനം വേറിട്ട കാഴ്ചകളൊരുക്കിയാണ് കിളിമാനൂര്‍ ഗവ. എല്‍.പി.എസിലെയും തോട്ടയ്ക്കാട് ഗവ.എല്‍.പി.എസിലെയും വിദ്യാര്‍ഥികള്‍ ആചരിച്ചത്.
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി സ്‌കൂള്‍തല പരിപാടി 'വിദ്യാസാഹിതി' യുടെ ഉദ്ഘാടനം, ബഷീര്‍ ഡോക്‌മെന്ററി പ്രദര്‍ശനവും, 'ബഷീര്‍ എന്ന വല്യഒന്ന് 'എന്ന കുട്ടികളുടെ നാടകാവിഷ്‌ക്കാരവും സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വിദ്യാരംഗം സബ് ജില്ലാ കണ്‍വീനര്‍ അനൂപ്, കിളിമാനൂര്‍ ഗവ. എച്ച്.എസ്.എസ് അധ്യാപകനായ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സുകുമാരപിള്ള അധ്യക്ഷനായി. സ്‌കൂള്‍ പ്രഥമാധ്യാപിക ശാന്തകുമാരി അമ്മ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെംബര്‍ ബീനാവേണുഗോപാല്‍, എസ്.എം.സി ചെയര്‍മാന്‍ പി. ജയകുമാര്‍, പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് പോങ്ങനാട്, അധ്യാപക പ്രതിനിധി അഭിലാഷ് സംസാരിച്ചു.
തോട്ടയ്ക്കാട് ഗവ.എല്‍.പി.എസിലെ വിദ്യാര്‍ഥികള്‍ ബഷീര്‍ അനുസ്മരണവും പാത്തുമ്മയുടെ ആട് എന്ന നോവലിന്റെ നാടകാവിഷ്‌കാരവും നടത്തി. ചാരുകസേരയില്‍ ഇരിക്കുന്ന ബഷീറും പ്രിയപത്‌നി ഫാബി ബഷീറും വിസ്മയക്കാഴ്ചയായി. നാടകാവിഷ്‌കാരത്തിലൂടെ കഥാപാത്രങ്ങളെ കൂടുതല്‍ അടുത്തറിയാനായതായി രക്ഷകര്‍ത്താക്കളും അഭിപ്രായപ്പെട്ടു. പ്രഥമാധ്യാപിക പ്രിയ, പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാര്‍, എസ്.എം.സി അംഗം, ബാബു അധ്യാപകരായ ഷെമീന, ഷൈലജ, അരുണ്‍ ദാസ്, ഷൈന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."