വാഹനാപകടം ; ആറ് മാസത്തിനിടയില്‍ കൊടുങ്ങല്ലൂരില്‍ പൊലിഞ്ഞത് ഒരു ഡസന്‍ ജീവനുകള്‍
കൊടുങ്ങല്ലൂര്‍: വാഹനാപകടങ്ങള്‍ പെരുകുന്ന കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പൊലിഞ്ഞത് ഒരു ഡസന്‍ ജീവനുകള്‍.
കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ കോട്ടപ്പുറം ബൈപ്പാസില്‍ വിവിധ അപകടങ്ങളിലായി അഞ്ച് പേരാണ് മരണമടഞ്ഞത്. നാല് പേര്‍ മരണമടഞ്ഞ ദേശീയപാതയും മൂന്ന് പേരുടെ ജീവനെടുത്ത ചെറുകിട റോഡുകളും നിലവാര വ്യത്യാസമില്ലാതെ ചതിക്കുഴികളായി മാറുകയാണ്. അപകടങ്ങള്‍ പെരുകുമ്പോഴും പ്രതിരോധ നടപടികള്‍ കടലാസിലൊതുങ്ങുകയാണ്. കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസില്‍ വാഹനാപകടങ്ങള്‍ തടയാന്‍ കാര്യക്ഷമമായ നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല. വേഗത നിര്‍ണയ റഡാര്‍ സംവിധാനം, സൂചനാ ബോര്‍ഡുകള്‍, അപകട സാധ്യതാ പ്രദേശങ്ങളില്‍ റിഫ്‌ളക്ടറുകള്‍, തെരുവുവിളക്കുകള്‍ തുടങ്ങി/യ തത്വത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും തീരുമാനം പ്രാവര്‍ത്തികമായിട്ടില്ല. ബൈപ്പാസില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചതായി റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ടോമിന്‍ തച്ചങ്കരി കൊടുങ്ങല്ലൂരില്‍ വച്ച് പ്രഖ്യാപിച്ചത് അദ്ദേഹവും അധികൃതരും മറന്നിട്ടുണ്ടാകാമെങ്കിലും നാട്ടുകാര്‍ മറന്നിട്ടില്ല. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയും സുരക്ഷിത യാത്രക്ക് ആവശ്യമായ സംവിധാനങ്ങളും ഒരുക്കാത്തതിനാല്‍ അധികൃതര്‍ക്കെതിരേ ആക്ഷേപമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."