വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ആസ്ഥാനമായി മുക്കം
മുക്കം: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ആസ്ഥാനമായി മുക്കം മാറുന്നു. മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നാളെ മുക്കത്ത് തുറക്കും. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ കാരശ്ശേരി ബാങ്കിന് മുന്നിലാണ് അത്യാധുനിക സൗകര്യത്തോടെ ശീതീകരിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഒരുങ്ങുന്നത്. കോണ്‍ഫറന്‍സ് ഹാള്‍, കേന്ദ്ര- സംസ്ഥാന നേതാക്കള്‍ക്ക് പ്രത്യേക മുറികള്‍, മീഡിയ സെന്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഓഫിസില്‍ ഒരുക്കിയിട്ടുണ്ട്. നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓഫിസ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഇവിടെയാകും ക്യാംപ് ചെയ്യുക. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മുക്കത്ത് നടന്നെങ്കിലും കമ്മിറ്റി രൂപീകരിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി ഇന്ന് വയനാട് കലക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി സംബന്ധിച്ച പ്രഖ്യാപനം നടത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ ചുമതല നല്‍കിയിരിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലം ഉള്‍കൊള്ളുന്ന മൂന്നു ജില്ലകളുടെയും മധ്യഭാഗം എന്ന നിലയിലാണ് മുക്കത്ത് ഓഫിസ് തുറക്കുന്നത്.
എം.ഐ ഷാനവാസ് എം.പിയായിരുന്ന രണ്ടു പ്രാവശ്യവും മുക്കം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഷാനവാസിന്റെ എം.പി ഓഫിസും മുക്കത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം വയനാട് പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ മുക്കത്ത് നടക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."