സര്‍ഫാസി നിയമം റദ്ദാക്കണം; മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: കാര്‍ഷിക കടബാധ്യതകളുടെ പേരില്‍ സര്‍ഫാസി നിയമം വഴി കര്‍ഷകരെ തെരുവിലേക്കിറക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ നടപടി ഒഴിവാക്കണമെന്നും നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹരിതസേനയുടെ നേതൃത്വത്തില്‍ ലീഡ് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കാര്‍ഷിക ജില്ലയായ വയനാട്ടില്‍ കാലാവസ്ഥാ വ്യതിയാനത്താലും മഹാപ്രളയത്തെ തുടര്‍ന്നും കര്‍ഷക കുടുംബങ്ങള്‍ ജീവിക്കാന്‍ വഴികാണാതെ നട്ടം തിരിയുകയാണ്. ഈ അവസരത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ കാര്‍ഷിക കടബാധ്യതകളുടെ പേരില്‍ കര്‍ഷകരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സര്‍ഫാസി നിയമത്തിന്റെ പിന്‍ബലത്തോടെയുള്ള വേട്ടയാടലില്‍ ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ്.
പൊതുതെരഞ്ഞെടുപ്പ് മാസമായിട്ടു പോലും കര്‍ഷകര്‍ക്ക് ആശ്വാസമാകേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയാറാകുന്നില്ലെന്നതിന്റെ ഉദാഹരണമാണ് മൊറട്ടോറിയം പ്രഖ്യാപനം നടപ്പില്‍വരുത്താനുള്ള ഉത്തരവിറക്കുന്നതില്‍ വന്ന ഉദ്യോഗസ്ഥ വീഴ്ച. ഇതിനെതിരേ പ്രതീകാത്മകമായി കര്‍ഷകര്‍ കഴുത്തില്‍ കുടുക്കിട്ട് വീട്ടുപാത്രങ്ങളുമായാണ് ലീഡ് ബാങ്കിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ ഹാജരാക്കുന്ന കണക്കുകളില്‍ പോലും കോടികളുടെ വരുമാനം കാണിക്കുമ്പോള്‍ ഇവരെ പിന്തുണക്കുന്ന കര്‍ഷകരുടെ ആസ്തി ദിനം പ്രതി കുറഞ്ഞുവരികയാണ്.
കര്‍ഷകരെ സഹായിക്കാന്‍ ഭരണകൂടം തയാറാകുന്നില്ലെങ്കില്‍ ഭാവിയില്‍ അധികാര കേന്ദ്രങ്ങളുടെ ഉറക്കംകെടുത്തുന്ന രീതിയിലേക്ക് കര്‍ഷക സമരങ്ങള്‍ കത്തിപ്പടരണമെന്ന് ധര്‍ണാസമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി.ടി പ്രതീപ്കുമാര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രന്‍ അധ്യക്ഷനായി. പി.എന്‍ സുധാകര സ്വാമി, സി.യു ചാക്കോ, ജോസ് പുന്നക്കല്‍, എന്‍.എ വര്‍ഗീസ്, ജോസ് പാലിയാണ, സി.ആര്‍ ഹരിദാസ്, ടി.ആര്‍ പോള്‍, എം.കെ ജെയിംസ്, എം. മാധവന്‍, സുദേവന്‍ മുട്ടില്‍, പി. സന്തോഷ്, പി.എ നാഗകുമാര്‍, ഉലഹന്നന്‍ കല്ലോടി, ലത്തീഫ് റാവുത്തര്‍, ദേവസ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."