മൂന്നു പേര്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി; പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മൂന്നു പേര്‍ കൂടി ഇന്നലെ (ഏപ്രില്‍ 03) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.ഐ(എം) ഡമ്മി സ്ഥാനാര്‍ഥിയായി രാമചന്ദ്രന്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായി എ. ദേവദത്തന്‍, സതീഷ് കുമാര്‍ എന്നിവരാണു ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിക്ക് പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കുമ്മനം രാജശേഖരന്‍ ഇന്നലെ മൂന്നു സെറ്റ് പത്രികകള്‍ കൂടി നല്‍കി. സി.പി.ഐ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സി. ദിവാകരനും എസ്.യു.സി.ഐ(സി) സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ എസ്. മിനിയും ഓരോ സെറ്റ് പത്രികയും ഇന്നലെ സമര്‍പ്പിച്ചു.
പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 18 ആയി. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലായി ഒന്‍പതു സ്ഥാനാര്‍ഥികള്‍ വീതം പത്രിക നല്‍കിയിട്ടുണ്ട്. ഇന്നു വൈകിട്ട് മൂന്നു വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത്.
വരാണാധികാരിയായ ജില്ലാ കലക്ടര്‍ക്കാണ് പത്രികകള്‍ നല്‍കേണ്ടത്. വരണാധികാരിയുടെ അഭാവത്തില്‍ സ്‌പെസിഫൈഡ് എ.ആര്‍.ഒമാരായി നിശ്ചയിച്ചിട്ടുള്ള സബ് കലക്ടര്‍ കെ. ഇമ്പശേഖറിനും (തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം) റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ മോന്‍സി പി. അലക്‌സാണ്ടറിനും (ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം) പത്രികകള്‍ സമര്‍പ്പിക്കാം. നാളെയാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടുവരെ പത്രികകള്‍ പിന്‍വലിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."