കടലാമയെ കൊന്ന് ഇറച്ചിയാക്കി: റിട്ട. പൊലിസ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
കാട്ടാക്കട : കടലാമയെ കൊന്നു ഇറച്ചിയാക്കിയ റിട്ടയേര്‍ഡ് പോലീസ് ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര പെരുംപഴുതൂര്‍ ആലംപൊറ്റ അശ്വതി ഭവനില്‍ മുരളീധരന്‍ (52) നെയ്യാറ്റിന്‍കര പെരുംപഴുതൂര്‍ പാറ വിളാകത്ത് കുളത്തിന്‍ കര പുത്തന്‍വീട്ടില്‍ റിട്ട. പൊലിസ് ഉദ്യോഗസ്ഥനായ സുകുമാരന്‍ (58) എന്നിവരെയാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫിസറും സംഘവും അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം വനം ഡിവിഷന്റെ കീഴിലുള്ള പരുത്തിപ്പള്ളി റെയിഞ്ചിലെ പരിധിയില്‍ നെയ്യാറ്റിന്‍കര പെരുംപഴുതൂര്‍ ആലംപൊറ്റ അശ്വതി ഭവനില്‍ മുരളീധരന്‍ന്റെ വീട്ടില്‍ കടലാമയെ കൊന്ന് ഇറച്ചി ആക്കുകയാണ് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവാഴ്ച പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആര്‍. വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 17 കിലോയോളം തൂക്കമുള്ള ആമയുടെ ഇറച്ചിയും മറ്റു അവശിഷ്ടങ്ങളും പാചകം ചെയ്യാന്‍ ഉപയോഗിച്ചവയും സംഘം കണ്ടെടുത്തു.
2800 രൂപയ്ക്കു മല്‍സ്യ വില്പനക്കാരില്‍ നിന്നും വാങ്ങിയതാണ് എന്നും ഔഷധ ഗുണമുള്ളത് കൊണ്ടാണ് കടലാമ ഇറച്ചിയാക്കി പാചകം ചെയ്യാന്‍ തുനിഞ്ഞത് എന്നും പിടിയിലായവര്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു . 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഉരഗ വര്‍ഗത്തില്‍പ്പെട്ട ജീവിയാണ് കടലാമ ഇതിനെ അനധികൃതമായി വേട്ടയാടുകയോ കൊല്ലുകയോ,ഇവയുടെ മുട്ടകള്‍ ശേഖരിക്കുന്നതോ ഇവയെല്ലാം വില്‍പന നടത്തുന്നതോ നിയമാനുസൃതം വന്യജീവി നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത് പ്രകാരം കേസ് റെജിസ്റ്റര്‍ ചെയ്തു. നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വില്‍പ്പന നടത്തിയവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും അവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. ഗംഗാധരന്‍ കാണി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ മുഹമ്മദ് നസീര്‍ ,ട്രൈബല്‍ വാച്ചര്‍ ആര്‍. ശശിക്കുട്ടന്‍, ഫോറസ്റ്റ് വാച്ചര്‍ ജെ വരദരാജന്‍ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."