മഹേശന്റെ മരണത്തില്‍ തുഷാറിനെതിരെ കുടുംബം: കുടുങ്ങുമെന്നായപ്പോള്‍ മരിച്ച മനുഷ്യനെയും അഴിമതിയില്‍ കുരുക്കുന്നു
ആലപ്പുഴ: എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കുടുംബം. 15 കോടി കെ.കെ മഹേശന് എടുത്തിട്ട് എവിടെപ്പോയെന്നാണ് ഇവരുയര്‍ത്തുന്ന ചോദ്യം. അത്രയും പണമുണ്ടായിരുന്നുവെങ്കില്‍ എന്തിന് മഹേശന് ആത്മഹത്യ ചെയ്യണമെന്നും കുടുംബം ചോദിക്കുന്നു. ക്രമക്കേട് നടന്ന ചേര്‍ത്തല യൂണിയന്റെ ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയാണ്. മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ പകച്ചിരിക്കുകയാണ് തുഷാറെന്നും ബന്ധു അനില്‍കുമാര്‍ ആരോപിച്ചു.
അതേസമയം കെ.കെ മഹേശനെതിരായ തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണങ്ങളെ കുടുംബം തള്ളിക്കളഞ്ഞു. നിലനില്‍പ്പിന്റെ ഭാഗമായാണ് തുഷാര്‍ അഴിമതി ആരോപണങ്ങളുന്നയിക്കുന്നത്. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഹേശനും തുഷാറും ഒന്നിച്ചാണ് ചേര്‍ത്തല യൂണിയന് ഭരിച്ചത്. രണ്ടുപേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടത്തിയത്.
മഹേശന് ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം. പ്രത്യേക അന്വേഷണസംഘം എല്ലാം പരിശോധിക്കട്ടെയെന്നും കുടുംബം പ്രതികരിച്ചു.
കെകെ മഹേശന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകള്‍ പിടിക്കപ്പെട്ടപ്പോള്‍ വെള്ളാപ്പള്ളിയെ കുടുക്കാന്‍ കുറിപ്പ് എഴുതി വച്ച് മഹേശന് ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം.ക്രമക്കേട് നടത്തിയ കാര്യം മഹേശന് തന്നോട് തുറന്നു സമ്മതിച്ചിരുന്നതായും തുഷാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."