പ്രതിരോധമേഖലയിലെ സ്വകാര്യവല്‍ക്കരണം: ജീവനക്കാര്‍ സമരത്തിലേക്ക്
കൊച്ചി: പ്രതിരോധമേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുമെതിരേ ജീവനക്കാര്‍ സമരത്തിലേക്ക്.
രാജ്യസുരക്ഷ മുന്‍നിര്‍ത്തി പ്രതിരോധമേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ഡി.ഇ.എഫ്) നേതൃത്വത്തില്‍ നാലുലക്ഷം ജീവനക്കാര്‍ ഒപ്പിട്ട് പ്രധാനമന്ത്രിക്ക് 28ന് മെമ്മോറാണ്ടം സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ അതേനയം പിന്തുടരുന്ന എന്‍.ഡി.എ സര്‍ക്കാര്‍ മര്‍മപ്രധാനമായ പ്രതിരോധ ഉല്‍പാദന രംഗത്ത് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വാതില്‍ തുറന്നിട്ടിരിക്കുകയാണ്.
ടാറ്റ, അംബാനി, അദാനി, മഹീന്ദ്ര, എല്‍ ആന്‍ഡ് ടി തുടങ്ങിയ 222 സ്വകാര്യ കമ്പനികള്‍ക്ക് ഇതിനോടകം ലൈസന്‍സ് നല്‍കി. ഇവരെല്ലാംതന്നെ വിദേശ കമ്പനികളുമായി യോജിച്ച് ആയുധങ്ങള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം ഒപ്പുശേഖരണ മാസമായി ആചരിക്കും. ജൂലായ് മൂന്നു മുതല്‍ പാര്‍ലമെന്റിന് സമീപം റിലേ നിരാഹാര സത്യഗ്രഹം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."