'പുരോഗമന'ക്കാരാവാന്‍ മതവേലി ചാടുന്നവര്‍
ഇസ്‌ലാമിക ശരീഅത്തും രാജ്യനിയമവ്യവസ്ഥയും അനുവദിക്കുന്ന ഒരു കാര്യം നാം ചെയ്യുമ്പോള്‍ അതിനെ മോശമായി ചിത്രീകരിച്ചു ചില തല്‍പരകക്ഷികള്‍ നമ്മെ കഠിനമായി ആക്ഷേപിക്കുന്നു. എന്നാല്‍ നാം അതു ഉപേക്ഷിക്കണോ? ഉപേക്ഷിക്കലാകുമോ പുരോഗമനം? അതാകുമോ പ്രായോഗിക ബുദ്ധി? ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നു നേരിടുന്ന ഒരു പ്രശ്‌നമാണിത്. 'പുരോഗമന'ത്തിന്റെ പേരില്‍ ഉപേക്ഷിക്കുന്നതിന്റെ പിന്നില്‍ക്കൂടിയിരിക്കുന്നു ചിലര്‍. ഉദാഹരണത്തിനു ജുമുഅ നിസ്‌കാരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പള്ളിയിലെ ജുമുഅ, ജമാഅത്തുകള്‍ സര്‍ക്കാര്‍ നിരോധിക്കുകയും ഫലത്തില്‍ മൂന്നു മാസത്തോളം പള്ളികള്‍ അടഞ്ഞുകിടക്കുകയും ചെയ്തു. ലോക്ക്ഡൗണിന്റെ ഇളവുകളുടെ കൂട്ടത്തില്‍ നിശ്ചിത നിബന്ധനകള്‍ക്കു വിധേയമായി പള്ളികള്‍ തുറക്കാനും ജുമുഅ, ജമാഅത്തുകള്‍ നടത്താനും സര്‍ക്കാര്‍ അനുവദിച്ചു. ഈ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചു പള്ളികള്‍ തുറക്കാന്‍ സമസ്തയുടെ നേതാക്കള്‍ ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ പറയുന്ന നിബന്ധനകള്‍ പാലിക്കാന്‍ കഴിയുമെന്നു ഉറപ്പുള്ള അധിക മഹല്ലു ജമാഅത്തുകളും ജുമുഅ തുടങ്ങി.
എന്നാല്‍ 'പുരോഗമന'വാദികളെന്നു സ്വയം അഭിമാനം കൊള്ളുന്ന പുത്തന്‍വാദികള്‍ ഇതെഴുതുമ്പോള്‍ പള്ളി അടച്ചുപൂട്ടി ജനങ്ങള്‍ക്കു ജുമുഅ നഷ്ടപ്പെടുന്നതില്‍നിന്നു ഒഴിവായിട്ടില്ല. എന്താണതിന്റെ പിന്നിലെ ചേതോവികാരമെന്ന് അവര്‍ തന്നെയാണ് പറയേണ്ടത്. ഒരു പക്ഷേ, അതായിരിക്കും 'പുരോഗമന'മെന്നതുകൊണ്ടാകുമോ? പൊതുധാരയില്‍ നിന്നകന്നു സഞ്ചരിക്കുക പുത്തന്‍വാദികളുടെ പൊതുസ്വഭാവമാണ്.
ജുമുഅയില്‍ പങ്കെടുത്ത ഏതെങ്കിലും ഒരാള്‍ക്കു കൊവിഡ് ബാധിച്ചാല്‍ 'പള്ളിക്കൊറോണ'യെന്നു പറഞ്ഞു സമുദായത്തിന് ചീത്തപ്പേരുണ്ടാകുമോ എന്നാണ് ചിലരുടെ ഭീതി. സമസ്തയും സര്‍ക്കാരും പറഞ്ഞ എല്ലാ നിബന്ധനകളും പാലിച്ചാണ് യഥാര്‍ഥത്തില്‍ പള്ളിയില്‍ ജുമുഅ നടത്തുന്നത്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് പകരാനുള്ള സകല പഴുതുകളും അടച്ചുതന്നെ. പിന്നെ, മറ്റെവിടെ നിന്നെങ്കിലും സമ്പര്‍ക്കത്തിലൂടെ പകര്‍ന്ന രോഗത്തെ എങ്ങനെയാണ് പള്ളിക്കൊറോണ എന്നു വിളിക്കുന്നത്? അങ്ങാടികളിലും ബസുകളിലും ബസ്സ്റ്റാന്റുകളിലും അകലം പാലിക്കാതെ പലപ്പോഴും മാസ്‌ക് പോലും ധരിക്കാതെ ഇടപഴകിയവരില്‍ ആര്‍ക്കെങ്കിലും കൊറോണ ബാധിച്ചാല്‍ അതിനു അങ്ങാടി കൊറോണ, ബസ്റ്റാന്റ് കൊറോണ എന്നൊക്കെ വിളിക്കാറുണ്ടോ? അപ്പോള്‍ ഇത് അസുഖം മറ്റൊന്നാണ്. മനസ്സിനു ബാധിച്ച 'കൊറോണ'. ഇത്തരം ആക്ഷേപം ഒരിക്കലും കണക്കിലെടുക്കേണ്ടതില്ല. ഇല്ലെങ്കില്‍ ഇവിടെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. പാലക്കാട് ജില്ലയില്‍ ആന ചെരിഞ്ഞപ്പോള്‍ മലപ്പുറത്തെ മുസ്‌ലിംകളെ ആക്ഷേപിച്ച എം.പിമാരും മന്ത്രിമാരുമൊക്കെയുള്ള നാടാണിത്.
മുസ്‌ലിം അനന്തരാവകാശനിയമം, മുത്വലാഖ്, വിവാഹ പ്രായപരിധി, ശാബാനു കേസ്, സ്‌കൂള്‍ പഠന സമയമാറ്റം തുടങ്ങി മതത്തെയും സമുദായത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളിലൊക്കെ വിരുദ്ധചേരിയില്‍ ചേര്‍ന്നു കൈയടി നേടലാണ് പലരും, പല പ്രസ്ഥാനങ്ങളും 'പുരോഗമന'മായി കണ്ടത്. വരയും വാമൊഴിയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ചു പ്രതിയോഗികള്‍ക്ക് വേണ്ടതെല്ലാം അവര്‍ എറിഞ്ഞുകൊടുത്തു. ജുമുഅയുടെ കാര്യത്തിലും പുരോഗമനക്കാര്‍ അവിടെത്തന്നെ നില്‍ക്കുന്നു.
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ആക്ഷേപിക്കുന്നവരിലേക്ക് ചെവികൊടുക്കാതെ തികച്ചും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ആര്‍ജ്ജവം കാണിക്കണം. അതാണ് പൂര്‍വികരുടെ പാത. പ്രവാചകന്മാര്‍ തൊട്ടു ഇന്നുവരെയുള്ള ഇസ്‌ലാമിക പ്രബോധകരുടെ വഴി.നൂഹ് നബി(അ)യെ ഭ്രാന്തന്‍, ഹൂദ് നബിയെ വിഡ്ഢി, സ്വാലിഹ് നബിയെ സിഹ്‌റ് ബാധിച്ചവന്‍ എന്നൊക്കെയാണ് ശത്രുക്കള്‍ ആക്ഷേപിച്ചത്. ഭ്രാന്തന്‍, ജോത്സ്യന്‍, ഭ്രാന്തനായ കവി തുടങ്ങിയവ നബി(സ)ക്കെതിരേ ശത്രുക്കള്‍ തൊടുത്തുവിട്ട ആക്ഷേപങ്ങളില്‍ ചിലതാണ്. മദ്ഹബിന്റെ ഇമാമുകള്‍ അടക്കമുള്ള മഹാന്മാര്‍ ഒട്ടേറെ ദുരാരോപണങ്ങള്‍ക്കു വിധേയമായി. സുന്നികള്‍ക്കെതിരേ പുത്തനാശയക്കാര്‍ ശിര്‍ക്കും ബിദ്അത്തും ആരോപിച്ചു. ഖുറാഫികളെന്നു ചീത്തപ്പേര് വിളിച്ചു. ആവശ്യമുള്ളതിനു മാത്രം മറുപടി നല്‍കി. അല്ലാത്തത് അവഗണിച്ചു ലക്ഷ്യത്തില്‍ മുന്നേറുകയായിരുന്നു പൂര്‍വികരൊക്കെ ചെയ്തത്. അതാണ് നാം സ്വീകരിക്കേണ്ട മാതൃക. ആരെങ്കിലും എന്തെങ്കിലും പറയുമെന്നു വിചാരിച്ചു ആദര്‍ശത്തില്‍നിന്നു പിന്മാറല്‍ ഭീരുത്വമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."