'നിന്നെ കണ്ടാല്‍ തന്നെ അറിയാം പന്തികേടാണെന്ന്', കാലടി സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥിക്കെതിരെ പൊലിസിന്റെ വംശീയ അധിക്ഷേപം
കോഴിക്കോട്: ദലിത് ആക്ടിവിസ്റ്റും കാലടി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ ദിനുവിനു നേരെ പൊലിസിന്റെ വംശീയ അധിക്ഷേപം. വൈകീട്ട് സഞ്ചരിക്കുന്നതിനിടെ പൊലിസ് ബലമായി തടഞ്ഞുവെച്ചതായും വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സര്‍വകലാശാലയിലെ എം.എ വിദ്യാര്‍ഥി ദിനു വെയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പൊലിസിന്റെ വംശീയാധിക്ഷേപത്തെ കുറിച്ച് ദിനു വെളിപ്പെടുത്തിയത്. കാലടി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ബസ്സിറങ്ങി സര്‍വകലാശാലയിലേയ്ക്ക് നടന്നു പോകവേയാണ് രണ്ടു പൊലീസുകാര്‍ തടഞ്ഞു നിര്‍ത്തി തന്നെ കണ്ടാല്‍ പന്തികേടുള്ള ആളാണെന്നാണ് തോന്നുന്നുവെന്ന് ആക്ഷേപിച്ചതെന്ന് ദിനു പറയുന്നു. തടഞ്ഞുവെച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും ദിനു അറിയിച്ചു.
'അവര്‍ ജീപ്പ് ഒതുക്കി എന്നോട് സൈഡിലേക്ക് മാറി നില്‍ക്കാന്‍ പറഞ്ഞു. ശേഷം ഒരു ഡയറി എടുത്ത് എന്റെ നാട്ടിലെ അഡ്രസ്സ് ചോദിച്ചു എഴുതിയെടുക്കാന്‍ തുടങ്ങി. അഡ്രസ്സ് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് സാറെ അഡ്രസ്സ് എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. ഇത് കേട്ടപ്പോള്‍ അഡ്രസ്സ് മാത്രമല്ല വേണമെങ്കില്‍ നിന്നെ കൊണ്ടുപോയി സ്റ്റേഷന് ഇരുത്തും എന്നാണ് ആ ഉദ്യോഗസ്ഥന്‍ അമര്‍ഷത്തോടെ പറഞ്ഞത്. സര്‍ അകാരണമായി എന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി ഇരുത്താന്‍ പറ്റില്ല എന്ന് സൂചിപ്പിച്ചപ്പോള്‍ ആ രണ്ട് ഉദ്യോഗസ്ഥരും ജീപ്പില്‍ നിന്നും ചാടി ഇറങ്ങുകയും ഒരാള്‍ എന്റെ തോളില്‍ പിടിച്ചുന്തി എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തുവെന്നും ദിനു പറയുന്നു.
ദിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ന് പുലർച്ച തൊട്ട് ഇന്നേരം വരെ വിനായകൻ പോലീസുക്കാരാൽ അനുഭവിച്ചത്, ചില പോലീസ് ദാർഷ്ഠ്യങ്ങളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ പലരും അനുഭവിച്ചത്.. അന്തസ്സിനെ അറുക്കുന്ന വേദന എത്ര വലുതായിരിക്കുമെന്ന് തന്നെയാണ് ഓർത്ത് നെഞ്ച് പിടക്കുന്നത്. എന്റെ ഫിഗർ unusual ആണെന്നാണ് ആ പോലീസുകാരൻ ഒരു മണിക്കൂർ ദ്രോഹിച്ച് പറഞ്ഞു വിടുമ്പോൾ എന്റെ കൂട്ടുക്കാരിയോട് പറഞ്ഞത്...
ഇന്നു പുലർച്ചെ ഏകദേശം രണ്ടു മണിയോടുകൂടി കാലടിയിൽ KSRTC ബസ്സിറങ്ങി സർവകലാശാലയിലേക്ക് നടക്കുകയായിരുന്നു ഞാൻ. എതിരെവന്ന കാലടി സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ സ്ഥലം എവിടെയാണെന്നും എവിടെയാണ് പഠിക്കുന്നത് എവിടെ പോകുന്നു എന്നെല്ലാം ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകുകയും ചെയ്തു. മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ല എന്നു തന്നെ വ്യക്തമായ് പറഞ്ഞു.തുടർന്ന് അവർ ജീപ്പ് ഒതുക്കി എന്നോട് സൈഡിലേക്ക് മാറി നിൽക്കാൻ പറഞ്ഞു. ശേഷം ഒരു ഡയറി എടുത്ത് എൻറെ നാട്ടിലെ അഡ്രസ്സ് ചോദിച്ചു എഴുതിയെടുക്കാൻ തുടങ്ങി. അഡ്രസ്സ് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എന്തിനാണ് സാറെ അഡ്രസ്സ് എന്ന് ഞാൻ സംശയം പ്രകടിപ്പിച്ചു. ഇത് കേട്ടപ്പോൾ അഡ്രസ്സ് മാത്രമല്ല വേണമെങ്കിൽ നിന്നെ കൊണ്ടുപോയി സ്റ്റേഷന് ഇരുത്തും എന്നാണ് ആ ഉദ്യോഗസ്ഥൻ അമർഷത്തോടെ പറഞ്ഞത് .സർ അകാരണമായി എന്നെ സ്റ്റേഷനിൽ കൊണ്ടുപോയി ഇരുത്താൻ പറ്റില്ല എന്ന് സൂചിപ്പിച്ചപ്പോൾ ആ രണ്ട് ഉദ്യോഗസ്ഥരും ജീപ്പിൽ നിന്നും ചാടി ഇറങ്ങുകയും ഒരാൾ എന്റെ തോളിൽ പിടിച്ചുന്തി എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തു. പോലീസുകാരോട് ആണോടാ ചോദ്യം ചോദിക്കുന്നത് എന്നും
" നീ പോലീസുകാരെ ഊമ്പാൻ നിൽക്കുകയാണോ" എന്നും അസഭ്യം പറഞ്ഞു .തുടർന്ന് എന്നെ എടാ പോടാ എന്നെല്ലാം വിളിച്ചു തുടങ്ങിയപ്പോൾ, സാർ മാന്യമായി സംസാരിക്കണം എന്ന് അഭ്യർത്ഥിച്ചു .നീ അങ്ങനെ നിയമം പഠിപ്പിക്കേണ്ട എന്നുപറഞ്ഞുകൊണ്ട് അവർ എന്നോട് ഐഡികാർഡ് ആവശ്യപ്പെട്ടു. ഐഡി കാർഡ് ഹോസ്റ്റലിൽ ആണെന്നും ആവശ്യമെങ്കിൽ ഹോസ്റ്റലിൽ പോയി കൊണ്ടുവരാമെന്നും പറഞ്ഞപ്പോൾ നിന്നെ ഞങ്ങൾ അങ്ങനെ വിടില്ല എന്നാണ് അതിൽ ഒരുദ്യോഗസ്ഥൻ പറഞ്ഞത് .സാർ ഞാൻ ക്രൈം ഒന്നും ചെയ്തിട്ടില്ലെന്നും പോകാൻ അനുവദിക്കണമെന്നും പറഞ്ഞപ്പോൾ ഞങ്ങൾ സ്റ്റേഷനിൽ കൊണ്ടുപോകും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി .സർ ഞാൻ നാളെ സ്റ്റേഷനിൽ ആവശ്യമെങ്കിൽ ഐഡികാർഡ് എത്തിക്കാം എന്നും പറഞ്ഞു ഞാൻ മുന്നോട്ട് പോകാൻ തുന്നിഞ്ഞു.അപ്പോൾ എൻറെ കയ്യിൽ കയറി ബലമായി പിടിക്കുകയും ചെയ്തു .തുടർന്ന് ദേഹത്ത് തൊടരുതെന്നും എന്നെ തടഞ്ഞു വെക്കരുത് എന്നും ഹോസ്റ്റലിൽ പോകണം എന്നും പറഞ്ഞ് വീണ്ടും ഞാൻ പോകാനൊരുങ്ങിയപ്പോൾ വീണ്ടും രണ്ടുപേരും എൻറെ കയ്യിൽ ബലമായി പിടിച്ച് പുറകോട്ടു വലിച്ചു .ആരെയെങ്കിലും വിളിക്കാൻ എന്റെ മൊബൈൽ ഫോൺ ഒരെണ്ണം ഓഫും ആകുമായിരുന്നു മറ്റേതിൽ ബാലൻസും ഇല്ലായിരുന്നു .അവർ എന്നെ പോകാൻ അനുവദിക്കാതെ റോട്ടിൽ ഏകദേശം അരമണിക്കൂറോളം അകാരണമായി അവിടെ തടഞ്ഞുനിർത്തുകയും തുടർച്ചയായി അപമാനിക്കുകയും ചെയ്തു. ഞാൻ തീർച്ചയായും ഡിജിപ്പിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി കൊടുക്കും എന്നു പറഞ്ഞപ്പോൾ നീ ആർക്കുവേണമെങ്കിലും പരാതി കൊടുക്ക് എന്ന് പറഞ്ഞുകൊണ്ട് എൻറെ ഫോട്ടോ എടുക്കുവാനും ഞാൻ പരാതി കൊടുക്കും എന്നു പറയുന്നത് ഷൂട്ട് ചെയ്യുവാനും ശ്രമിച്ചു .തുടർന്ന് ഇവനെ എങ്ങനെ വിട്ടാൽ ശരിയാവില്ല എന്നു പറഞ്ഞുകൊണ്ട് അവർ മറ്റ് ഉദ്യോഗസ്ഥരെ വിളിച്ചു. മറ്റൊരാളെയും വിളിക്കാൻ ആവാതെ നിസ്സഹായനായി നിൽക്കുവാനും കഴിഞ്ഞുള്ളൂ .ഞാൻ ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആണെന്നും ചെറിയ സാമൂഹിക ഇടപെടലുകൾ നടത്തുന്ന വ്യക്തിയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞപ്പോൾ അവർ എന്നോട് വീണ്ടും കയർത്തു. ആ വഴി ഒരു കാൽനടയാത്രക്കാരൻ പോയപ്പോൾ അയാളുടെ മുന്നിൽ വച്ചും എന്നെ അപമാനിച്ചു .പൂർണ്ണമായും ഒറ്റപ്പെട്ട നേരമായിരുന്നു.ഭാഗ്യത്തിന് ആ സമയത്ത് എൻറെ സുഹൃത്തായ ഷംനീറയും അവളുടെ സുഹൃത്തും ക്യാമ്പസിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു അവരെ കണ്ട ഉടനെ എന്നെ തടഞ്ഞുവെച്ചത് ആണെന്നും പോകാൻ അനുവദിക്കുന്നില്ലെന്നും അവളോട് ഞാൻ പറഞ്ഞു. അപ്പോൾ ഒരു ഉദ്യോഗസ്ഥൻ എൻറെ സ്വഭാവം ശരിയല്ല എന്ന രീതിയിലും ഇവന്റെ figure unusual ആണെന്നും ഉള്ള രീതിയിൽ വംശീയാധിക്ഷേപം നടത്തി. തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൂടി എത്തിച്ചേരുകയും അവരോട് ഞാൻ എന്നെ കേൾക്കാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു നടന്ന സംഭവങ്ങൾ പറഞ്ഞു .എടാ പോടാ എന്ന് വിളിച്ചെന്നും അസഭ്യം പറഞ്ഞു എന്നും പറഞ്ഞപ്പോൾ അതിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് ആ പറഞ്ഞു ഉദ്യോഗസ്ഥനെ നിന്നെക്കാൾ എത്ര പ്രായം ഉണ്ടെന്ന് അറിയുമോ ഡാ എന്നാണ് .ഈ അവസരത്തിൽ ഷംനീയോട് ഞാൻ വീഡിയോ എടുക്കുവാൻ പറയുകയും ഞാൻ പരാതിപ്പെടും എന്ന് ആവർത്തിച്ചപ്പോൾ അതിൽ ഒരു ഉദ്യോഗസ്ഥൻ മാന്യമായി ഇടപെടുകയും എന്നോട് പൊയ്ക്കൊള്ളാൻ പറയുകയും ചെയ്തു .തുടർന്ന് എൻറെ അഡ്രസ്സ് മതിയെന്നു പറഞ്ഞു ആ ഉദ്യോഗസ്ഥർ അത് രേഖപ്പെടുത്തി പോകാൻ അനുവദിച്ചു .ഏകദേശം ഒരു മണിക്കൂറോളമാണ് പൊതു റോഡിൽ വച്ച് എന്നെ തടഞ്ഞുനിർത്തുകയും അപമാനിക്കുകയും യൂണിവേഴ്സിറ്റിയിലേക്ക് ഉള്ള എന്നെ പ്രവേശനത്തെ നിഷേധിക്കുകയും ചെയ്തത്. അവിടെ ധൈര്യത്തോടെ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും യൂണിവേഴ്സ് കവാടം എത്തുന്നതിനുമുൻപ് ഉള്ള ഓവുചാലിൽ തിണ്ണയിലിരുന്ന് ഞാൻ കരഞ്ഞുപോയി .ഒരു അരമണിക്കൂർ നേരം കൃത്യമായി ഒറ്റപ്പെടുകയും എൻറെ കൂട്ടുകാർ വന്നില്ലായിരുന്നെങ്കിൽ എന്തെങ്കിലും കള്ളക്കേസിൽ അവർ കുടുക്കുമായിരുന്നു എന്നതും തീർച്ചയാണ്. അന്തസ്സിന് ഏൽക്കേണ്ടിവരുന്ന മുറിവു പോലെ മറ്റൊന്നുമില്ല....
ഐഡി അടക്കമുള്ള തെളിയിക്കൽ രേഖകൾ ആവശ്യപ്പെടുമ്പോൾ കയ്യിലില്ലെങ്കിൽ തടഞ്ഞു വയ്ക്കുകയോ ചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യരുതെന്ന് കേരള പോലീസ് ആക്ടിലെ വ്യക്തമായ ചട്ടവും ലംഘിച്ചാണ് ഈ ഉദ്യോഗസ്ഥർ എനിക്കെതിരെ ഇത്രയും മോശമായ രീതിയിൽ പെരുമാറിയത്. പ്രസ്തുത വിഷയത്തിൽ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. റസീപ്റ്റ് തന്ന ശേഷം അവിടെനിന്ന് സ്റ്റേഷൻ ഓഫീസർ മാറിയ ഉടനെ മറ്റ് ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്ന് ഈ യൂണിവേഴ്സിറ്റിയിലെ പെൺകുട്ടികളെയും ബൈക്കിനു പുറകിൽ വച്ച് കറങ്ങാൻ നടക്കുന്ന ചെക്കന്മാർ ഒക്കെ ഉണ്ടെന്നു അതൊക്കെ അറിയാമെടായെന്നും ഇവിടെ ചില ചട്ടക്കൂട് ഉണ്ടെന്നും ഞങ്ങൾ ഇഷ്ടംപോലെ പരിശോധിക്കുമെന്നും അമർഷത്തോടെ എന്നോട് സംസാരിച്ചു. പോലീസിലെ ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യവും വംശീയാധിക്ഷേപവും തടഞ്ഞു വെക്കലുകളും മിക്കപ്പോഴും നടക്കുന്നത് ഞാനടങ്ങുന്ന കറുത്ത ശരീരങ്ങൾക്കും ആദിവാസി ദളിത് ട്രാൻസ് ക്യുവർ മുസ്ലീം വിഭാഗങ്ങൾക്കും നേരെആണെന്ന് കൃത്യമായ ബോധ്യമുണ്ട് .അതുകൊണ്ട് തന്നെ ഇത് ഞാനെന്ന വ്യക്തിക്ക് മാത്രം സംഭവിച്ചതേയല്ലെന്ന കൃത്യമായ ബോധ്യമുണ്ട്. എന്റെ യൂണിവേഴ്സിറ്റിയുടെ തൊട്ടടുത്ത് വച്ച് അവർ തടഞ്ഞെങ്കിൽ, എം എ വിദ്യാർത്ഥിയായ എനിയ്ക്ക് ഇത്രയും നേരിടേണ്ടി വന്നെങ്കിൽ ഒറ്റപ്പെട്ട ,ഒച്ച കളില്ലാത്ത മനുഷ്യരെ നിങ്ങളെ പോലുള്ള ഉദ്യോഗസ്ഥർ എന്തും ചെയ്യും.അതുകൊണ്ടു തന്നെ കൃത്യമായ നിയമ നടപടികളിലൂടെ തന്നെ പ്രസ്തുത വിഷയത്തെ നേരിടും.
പള്ളിക്കൂടങ്ങളിൽ കയറ്റാത്ത ഞങ്ങടെ അപ്പനപ്പൂപ്പൻമാർ ഉയിരുകൊടുത്തും പട്ടിണി കിടന്നും വില്ലുവണ്ടി പായിച്ചുമൊക്കെയാണ് ഞങ്ങൾക്ക് പഠിക്കാനുള്ള അവസരവും പൊതുവഴിയുമൊക്കെ ഉണ്ടാക്കി തന്നത്. ആട്ടിയകറ്റാനും അപമാനിക്കുവാനും നിന്നു തരാൻ സൗകര്യമില്ല. നിങ്ങൾക്കെതിരെ നടപടിയെടുക്കും വരെ ഭരണഘടനാപരമായി മുന്നോട്ടു പോകും.. ഇന്ന് ഭീക്ഷണിപെടുത്തിയ ഏമാൻമാരേ,
കാലു പിടിക്കാൻ സൗകര്യമില്ല.. അന്തസ്സായി ജീവിക്കും....
ഒപ്പമുണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."