ജനങ്ങളെ മറക്കുന്ന ഭരണാധികാരികള്‍
ലോകം നേരിടുന്ന വെല്ലുവിളികള്‍ മനുഷ്യര്‍ പ്രകൃതിയെ കരുതാതെ, കരുണ കാണിക്കാതെ, സ്വാര്‍ഥതക്കായി ഉപയോഗപ്പെടുത്തിയതിനാല്‍ കൂടിയാണ്. ഭൂമിയില്‍ വിഭവങ്ങളില്ലാത്തതിനാലല്ല, അനേക ലക്ഷങ്ങള്‍ പട്ടിണി കിടക്കുന്നത്. ഏഴു പതിറ്റാണ്ട് പിന്നിട്ട സ്വതന്ത്രഭാരതത്തില്‍ ദാഹജലത്തിന് വീട്ടമ്മമാര്‍ ബക്കറ്റുമായി കിലോമീറ്ററുകള്‍ ഇപ്പോഴും സഞ്ചരിക്കേണ്ടിവരുന്നത് ഉത്തരവാദിത്വ ബോധമില്ലാത്ത ഭരണകൂടങ്ങളും ചുമതലകള്‍ നിര്‍വഹിക്കാത്ത മനുഷ്യരാല്‍ നാടു നിറഞ്ഞതിനാലാണ്. അധികാരമില്ലാത്തവരെ ഭരണാധികാരികള്‍ അടിമകളാക്കി അനുഭവിച്ചിരുന്ന പോയ കാലം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു.
രാജ്യം കൊവിഡ് വ്യാപന പിടിയില്‍ മാത്രമല്ല, പട്ടിണിയുടെ പിടിയിലുമാണ്. തൊഴില്‍ മേഖല ഭാഗികമായി മാത്രമല്ല, ഏതാണ്ട് സമ്പൂര്‍ണമായി നിലച്ചു. നിത്യോപയോഗ വസ്തുക്കള്‍ കിട്ടണമെങ്കില്‍ ബാഗ് നിറയെ പണവുമായി വരണം. അരി, പഞ്ചസാര ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിലയാണ്. മധുരക്കിഴങ്ങ്, ചേന, ചേമ്പ് തുടങ്ങിയവ മാര്‍ക്കറ്റില്‍ ഇല്ലാതായി. കാട്ടുപന്നിയും കുരങ്ങും കാട്ടാനയും നാട്ടിലിറങ്ങി വിള നശിപ്പിക്കുന്നതിനാല്‍ വനത്തോട് ചേര്‍ന്നുള്ള കൃഷിയോഗ്യമായ ഭൂമികളില്‍നിന്ന് കര്‍ഷകര്‍ ജീവനുംകൊണ്ട് മറ്റു പ്രദേശത്തേക്ക് മാറിത്താമസിച്ചു തുടങ്ങി. കേരളത്തിലും ഒരു വനം വകുപ്പുണ്ട്. ഖജനാവില്‍ നികുതിപ്പണം കുന്നുകൂടി കിടക്കുന്നതിനാല്‍ കാലാകാലങ്ങളായി ശമ്പള കമ്മിഷനുകള്‍ പാസാക്കിവച്ചിട്ടുള്ള വന്‍തുക മാസപ്പടി കൃത്യമായി ഉദ്യോഗസ്ഥന്മാര്‍ക്ക് ലഭിച്ചു കൊള്ളും. എന്നാല്‍, തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഇവര്‍ക്ക് താല്‍പര്യമില്ല.
ഒരു ജനത ഇത്രമേല്‍ ദുരിതപൂര്‍ണമായ ഒരു കാലഘട്ടത്തെ മുന്‍പ് അഭിസംബോധന ചെയ്തിട്ടുണ്ടാവില്ല. പണിയില്ല, ദാരിദ്ര്യത്തിന്റെ വേട്ടയില്‍ പല വീടുകളും ഇരയായി. മുറതെറ്റാതെ ലഭിക്കുന്നത് പത്രസമ്മേളനങ്ങള്‍ മാത്രം. സര്‍ക്കാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥരില്ല. ഉള്ളവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. പരാതി പരിഹാര മാര്‍ഗങ്ങളില്ല. ജില്ലാ കലക്ടര്‍മാര്‍ ഇമേജ് ബില്‍ഡിങ്ങുമായി ബന്ധപ്പെട്ട മീഡിയകളുടെ പിറകെയാണ്. കൊവിഡ് പ്രതിരോധ യജ്ഞം എന്ന ഒരു അനുകൂല സാഹചര്യം അവര്‍ക്ക് ലഭിച്ചിരിക്കുന്നു.
ഈ വറുതിയുടെയും മഹാമാരിയുടെയും കാലത്താണ് മുഖവും കൈയും തുടക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മുക്കാല്‍ ലക്ഷത്തിന് തൂവാല വാങ്ങിയത്. 35,000ന്റെ കണ്ണട വാങ്ങിയ സ്പീക്കറും ലക്ഷങ്ങളുടെ ടയര്‍ വാങ്ങിയ മന്ത്രിയും പുരാതന ബാബിലോണിയയിലെ രാജവംശത്തില്‍ പിറന്നവരല്ല. രാജകുമാരന്മാരും ആയിരുന്നില്ല. മന്ത്രിമന്ദിരങ്ങളുടെ മതിലിനപ്പുറത്ത് പട്ടിണികൊണ്ട് സഹിക്കാന്‍ കഴിയാതെ മണ്ണുവാരി തിന്നത് അനന്തപത്മനാഭന്റെ അനന്തപുരിയില്‍ തന്നെയായിരുന്നു. നിറയെ വിവിധതരം ഉപദേഷ്ടാക്കളെവച്ച് സ്തുതിപാടകസംഘം രൂപവല്‍ക്കരിച്ചു, അപരിഷ്‌കൃത രാജഭരണ രീതി തിരിച്ചുകൊണ്ടുവരുന്നത് ആധുനിക ജനാധിപത്യ രാജകുമാരന്മാരെ തെല്ലും അലോസരപ്പെടുത്തിയതുമില്ല.
പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി രാജകീയ പ്രൗഢിക്ക് വേണ്ടി നിര്‍മിച്ച മയൂരസിംഹാസനത്തില്‍ 1150 കിലോഗ്രാം സ്വര്‍ണവും 230 കിലോഗ്രാം രത്‌നക്കല്ലുകളും മരതകം കൊണ്ട് നിര്‍മിച്ച 12 തൂണുകളും നാല് സ്വര്‍ണ തൂണുകളും ഉണ്ടായിരുന്നു. നീണ്ട ഏഴു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണ് രാജാവിന് വന്നിരിക്കാന്‍ ഈ രാജസിംഹാസനം ഒരുക്കിയത്. അന്നത്തെ ഇന്ത്യയില്‍ പോഷകാഹാരക്കുറവ് മൂലം നിരവധി ശിശുമരണങ്ങള്‍ നടന്നിരുന്നു. പ്രതിരോധശക്തി നഷ്ടപ്പെട്ടതിനാല്‍ അടിക്കടി പകര്‍ച്ചവ്യാധി മനുഷ്യരെ കൊന്നുതീര്‍ത്തിരുന്നു. ദിവസത്തില്‍ ഒരു നേരം എങ്കിലും മതിവരുവോളം വയറുനിറച്ച് ആഹാരം കഴിക്കാന്‍ കഴിവുള്ളവര്‍ വളരെ കുറവായിരുന്നു. എന്നാല്‍, ഈ പട്ടിണിപ്പാവങ്ങളുടെ മനുഷ്യാധ്വാനത്തില്‍നിന്ന് ഉരുത്തിരിയുന്ന പണമായിരുന്നു രാജഭരണ ഭീകരതക്ക് ഉപയോഗപ്പെടുത്തിയ ധനം.
പറയത്തക്ക, പ്രതീക്ഷിച്ച രീതിയിലുള്ള എന്തൊക്കെ മാറ്റങ്ങളാണ് ജനാധിപത്യത്തിന് സംഭാവന ചെയ്യാന്‍ സാധിച്ചത്. നാണം മറക്കാന്‍ മതിയായ വസ്ത്രമില്ലാത്ത എത്ര കോടി ജനങ്ങള്‍ ഇന്ത്യയില്‍ പാര്‍ക്കുന്നു. രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണെന്ന് വിളിച്ചു പറയുന്നവര്‍ രാജഭരണം വിട്ടേച്ചുപോയ കൊളോണിയന്‍ രീതികളില്‍ പലതും നിര്‍ത്തലാക്കിട്ടില്ല. പുലരുന്നതിനു മുമ്പ് പണിക്ക് ഇറങ്ങി ഇരുട്ടിയാല്‍ മാത്രം പണി കയറുന്ന അനേക കോടി മനുഷ്യരുടെ അധ്വാനമാണ് ഈ നാട്ടുരാജാക്കന്മാരും ജനാധിപത്യ രാജാക്കന്മാരും മുടിച്ചു തീര്‍ക്കുന്നത്.
രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ പ്രതിനിധിയായി അംറുബ്‌നുല്‍ ആസ് (റ) കൈറോ പട്ടണം സന്ദര്‍ശിച്ചു. ജൂത, ക്രൈസ്തവ മതനേതാക്കളും നാടുവാഴികളും നാട്ടുപ്രമാണിമാരും നാട്ടുകാരും അവിടെ നൈല്‍ നദിയുടെ തീരത്ത് സമ്മേളിച്ചിരിക്കുന്നു. നിസ്‌കാര സമയമായപ്പോള്‍ അനുയായികളോട് അംഗസ്‌നാനം ചെയ്തുവരാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അമിതമായി വെള്ളം ഉപയോഗിക്കരുത് എന്ന് നിര്‍ദേശിക്കുകയും ചെയ്തു. മദീന പോലെ വരണ്ടുണങ്ങിയ നദികളും പുഴകളും ഇല്ലാത്ത രാജ്യം അല്ല കൈറോ പട്ടണം എന്നും വെള്ളം പിശുക്ക് കൂടാതെ ഉപയോഗിക്കാന്‍ അനുവദിച്ചു കൂടെ എന്നും നാട്ടുകാരില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ടായി. പങ്കുവയ്പിന്റെ തത്വശാസ്ത്രം അംറുബ്‌നുല്‍ ആസ് (റ) അവര്‍ക്ക് പറഞ്ഞു കൊടുത്തു. ഈ മഹാ നഗരത്തിന് അപ്പുറത്ത് അനേകം മനുഷ്യരും കൃഷിത്തോട്ടങ്ങളും ജീവജാലങ്ങളും ജീവിക്കുന്നുണ്ട്. അവര്‍ക്കുകൂടി അവകാശപ്പെട്ടതാണ് ഈ ജലസമ്പത്ത്. നിങ്ങള്‍ക്ക് അവകാശപ്പെട്ടത് മാത്രം ഉപയോഗിച്ച് മറ്റുള്ളത് അവര്‍ക്ക് വിട്ടുകൊടുക്കണം. അല്ലെങ്കില്‍ അവര്‍ക്ക് ജല ദാരിദ്ര്യം അനുഭവപ്പെടും. കൈറോ നിവാസികള്‍ ആദ്യമായിട്ടായിരുന്നു ഈ മാനവികതയുടെ ശബ്ദം കേള്‍ക്കുന്നത്.
ആധുനിക മനുഷ്യര്‍ അവനവനിലേക്ക് മാത്രം ചുരുണ്ടു കൂടുന്നു. സഹജീവിയുടെ ആവശ്യങ്ങളില്‍നിന്ന് പുറംതിരിഞ്ഞു നില്‍ക്കുന്നു.അധികാര കേന്ദ്രങ്ങളിലെത്തുന്നവര്‍ ജനങ്ങളുടെയും നാടിന്റെയും വികസനത്തിനായുള്ള കര്‍മപദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. ജനാധിപത്യ രാജ്യം ആവശ്യപ്പെടുന്നതും അതാണ്. എന്നാല്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്കും പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും പിന്നാലെ പോയി ഭരണാധികാരികള്‍ ജനങ്ങളെ മനപ്പൂര്‍വം മറക്കുകയാണ്. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാവുന്നതും യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കേണ്ട ഇടങ്ങളില്‍ സ്വന്തക്കാരെ കയറ്റിയിരുത്തുന്നതും ജനങ്ങളെ മറന്നതിനാലാണ്. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമില്ലാത്ത ഭരണമാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ഓരോ പൗരനും ആഗ്രഹിക്കുന്നത്. ആ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ ഭരണകൂടം തയാറാകേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."