സബ് കലക്ടറെ ഊളമ്പാറയ്ക്ക് വിടണം: എം.എം മണി
സബ് കലക്ടര്‍ ആര്‍.എസ്.എസിന് കുഴലൂതുന്നു
തൊടുപുഴ: മൂന്നാര്‍ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി. കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും ദേവികുളം സബ് കലക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്നും മണി പറഞ്ഞു.
സി.പി.എം ഏരിയാകമ്മിറ്റി അംഗം കെ.എം തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിശ്വാസികള്‍ ഭൂമി കൈയേറിയിട്ടില്ല. സബ് കലക്ടര്‍ ആര്‍.എസ്.എസിന് വേണ്ടി ഉപജാപം നടത്തുന്നയാളാണ്. നേരെചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലതാണെന്നും മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
അത് പൊളിക്കാന്‍ ഒരു കോന്തന്‍ വന്നാല്‍ അവന് തലയ്ക്ക് സുഖമില്ലെന്ന് പറയേണ്ടിവരും. ആര്‍.എസ്.എസുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കലക്ടര്‍ കുരിശ് പൊളിച്ചത്. ആര്‍.എസ്.എസിന് കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ടുവരേണ്ട. ഞങ്ങള്‍ കലക്ടര്‍ക്കും സബ് കലക്ടര്‍ക്കുമൊപ്പമല്ല, ജനങ്ങള്‍ക്കൊപ്പമാണ്. പ്രസംഗത്തില്‍ റവന്യൂ വകുപ്പിനെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ദേവികുളം സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണെന്നും മണി കുറ്റപ്പെടുത്തി. ചടങ്ങില്‍ പങ്കെടുത്ത സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനും എസ് രാജേന്ദ്രന്‍ എം.എല്‍.എയും സബ് കലക്ടറെ വിമര്‍ശിച്ച് രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."