പാപ്പാത്തിചോലയിലെ കൈയേറ്റം; 60 വര്‍ഷം മുന്‍പ് കുരിശ് സ്ഥാപിച്ചിരുന്നുവെന്ന വാദം തെറ്റ്
തൊടുപുഴ: പാപ്പാത്തിചോലയില്‍ 60 വര്‍ഷം മുന്‍പ് കുരിശുണ്ടായിരുന്നുവെന്ന വാദം തെറ്റ്. ഇന്നലെ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 60 വര്‍ഷം മുന്‍പുതന്നെ ഇവിടെ കുരിശുണ്ടായിരുന്നുവെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ ജില്ലാ കോ ഓഡിനേറ്റര്‍മാര്‍ അവകാശപ്പെട്ടത്.
1960ല്‍ സൂര്യനെല്ലി ഡിവിഷനിലെ എസ്റ്റേറ്റ് മാനേജരായിരുന്ന ബ്രിട്ടീഷുകാരന്‍ ലോറന്‍സ് സായ്പ് തോട്ടം തൊഴിലാളികള്‍ക്ക് ദുഃഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണം നടത്തുന്നതിനായുള്ള സൗകര്യമാണ് എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പാപ്പാത്തിചോല മലമുകളില്‍ നല്‍കിയിരുന്നത്. ദുഃഖ വെള്ളിയാഴ്ച മാനേജര്‍ അനുവദിച്ച വഴിയിലൂടെയാണ് പരിഹാരപ്രദക്ഷിണം നടത്തിയിരുന്നത്.
തുടര്‍ന്ന് 1970ല്‍ വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് പാപ്പാത്തിചോലയിലേക്കുള്ള പരിഹാര പ്രദക്ഷിണം വിശ്വാസികള്‍ ഉപേക്ഷിച്ചു. പിന്നീട് എസ്റ്റേറ്റിലെ കങ്കാണിയായിരുന്ന യേശു മുത്തുവിന്റെ ലയത്തിനോട് ചേര്‍ന്നുള്ള ചെറിയ കുന്നിന്‍ മുകളില്‍ പരിഹാര പ്രദക്ഷിണം നടത്തി. 1988ല്‍ മാത്രം സ്ഥാപിതമായ ജീസസ് ഇന്‍ ക്രൈസ്റ്റ് സംഘടന അവകാശപ്പെടുന്നതു പോലെ സ്ഥിരമായി പ്രാര്‍ഥന നടത്തുന്ന കുരിശോ പ്രാര്‍ഥനാലയമോ പാപ്പാത്തിചോലയില്‍ ഉണ്ടായിരുന്നില്ല.
ക്രൈസ്തവ സഭയുമായി ചേര്‍ന്ന് കരിസ്മാറ്റിക് പ്രാര്‍ഥനാ ഗ്രൂപ്പായി തുടങ്ങിയ സംഘടന വിശ്വാസികളെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നുവെന്ന് മനസിലാക്കിയ കത്തോലിക്കാ സഭ സംഘടനയുടെ സ്ഥാപകനായ ടോം സ്‌കറിയയെ പുറത്താക്കിയതിനുശേഷമാണ് ഇയാള്‍ കുരിശിന്റെ മാഹാത്മ്യത്തിലേക്ക് തിരിഞ്ഞത്.
മൂന്നാറിലെതന്നെ ഏറ്റവും ഉയര്‍ന്ന മലകളില്‍ ഒന്നായ പാപ്പാത്തിചോലയില്‍ ഇരുമ്പ് ഉപയോഗിച്ച് പതിനേഴ് അടി ഉയരമുള്ള കുരിശ് ഉണ്ടാക്കിയ ശേഷം അതിനുമുകളില്‍ അലൂമിനിയം പുതപ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. സൂര്യപ്രകാശമേറ്റ് അലൂമിനിയം പൊതിഞ്ഞ കുരിശില്‍ തട്ടുമ്പോഴുള്ള പ്രകാശ രശ്മികള്‍ സ്വര്‍ഗത്തില്‍ നിന്നുള്ള യേശു ക്രിസ്തുവിന്റെ അനുഗ്രഹ പ്രവാഹമാണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സംഘടനയിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്.
ഇത്തരം പ്രചാരണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സംഘടന വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുരിശ് വണങ്ങാനായി അടുത്തകാലത്ത് ജനങ്ങള്‍ എത്തിത്തുടങ്ങിയത്.
ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈയടക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച കുരിശ് പൊളിച്ചുനീക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
സംഘടനയുടെ നേതാവ് ടോമി സഖറിയ വിദേശത്തായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ചിന്നക്കനാലിലെ പ്രാദേശിക നേതാക്കള്‍.
ഇന്ന് വൈകിട്ടോടെ തൃശൂരില്‍ എത്തുന്ന ഇദ്ദേഹം നാളെ കുരിശ് സ്ഥാപിച്ചിരുന്ന പാപ്പാത്തിചോലയില്‍ എത്തുമെന്നാണ് സൂചന. ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ ഇന്നലെ പാപ്പാത്തിചോലയില്‍ സന്ദര്‍ശനം നടത്തി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."