ഓഗസ്റ്റ് ഒന്നിനു മുന്‍പായി വീടൊഴിയാന്‍ പ്രിയങ്കാ ഗാന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ല്യൂട്ടന്‍സ് ഡല്‍ഹിയിലെ വീട് ഒരു മാസത്തിനുള്ളില്‍ ഒഴിയാന്‍ പ്രിയങ്കാ ഗാന്ധിയോട് കേന്ദ്ര സര്‍ക്കാര്‍. ലോധി എസ്‌റ്റേറ്റിലെ 6 ബി വിഭാഗത്തില്‍പ്പെട്ട 35ാം നമ്പര്‍ വസതിയാണ് പ്രിയങ്കയുടേത്. ഓഗസ്റ്റ്ഒന്നിനുമുന്‍പായി വീടൊഴിയണമെന്നാവശ്യപ്പെട്ടാണ് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഗാന്ധി കുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി. 1997 ഫെബ്രുവരി മുതലാണ് പ്രിയങ്കയ്ക്ക് അന്നത്തെ സര്‍ക്കാര്‍ ഈ വീടനുവദിച്ചത്.
മുന്‍ പ്രധാനമന്ത്രിമാരായ, പ്രിയങ്കയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സാഹചര്യത്തില്‍ കുടുംബത്തിന്റെ സുരക്ഷ പരിഗണിച്ചായിരുന്നു ഇത്.
എസ്.പി.ജി സുരക്ഷ ഇസഡ് പ്ലസ് സുരക്ഷയായി കുറച്ച സാഹചര്യത്തില്‍ പ്രിയങ്കയ്ക്ക് ലോധി എസ്‌റ്റേറ്റിലെ വീട് കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന് നോട്ടിസില്‍ പറയുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമുള്ളയാള്‍ക്ക് സര്‍ക്കാര്‍ താമസ സൗകര്യമുപയോഗിക്കാന്‍ അനുമതിയുണ്ടായിരിക്കില്ല. സുരക്ഷാ സാഹചര്യം വിലയിരുത്തി ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ ഇളവ് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അക്കോമഡേഷനു വേണ്ടിയുള്ള മന്ത്രിസഭാ സമിതിയാണ്.
പ്രിയങ്കയ്ക്ക് പുറമെ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി സുരക്ഷയാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചത്. പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിക്കും മാത്രമാണിപ്പോള്‍ എസ്.പി.ജി സുരക്ഷ.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ എസ്.പി.ജി സുരക്ഷയും പിന്‍വലിച്ചിരുന്നു. സോണിയ, രാഹുല്‍, മന്‍മോഹന്‍ എന്നിവര്‍ പാര്‍ലമെന്റംഗങ്ങളായതിനാല്‍ അവര്‍ക്ക് നിലവിലുള്ള വീട്ടില്‍ തുടരാന്‍ തടസ്സമുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."