ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞയാള്‍ പിടിയില്‍
കാളികാവ്: റോഡപകടത്തില്‍പ്പെട്ട് ഗൃഹനാഥന്‍ മരിച്ചതു മറ്റൊരു ബൈക്കിടിച്ചാണെന്നു വ്യക്തമായി. സംഭവത്തില്‍ അപകടം വരുത്തിയ ബൈക്ക് ഓടിച്ചിരുന്നയാളെ പൊലിസ് പിടികൂടി.
പുല്ലങ്കോട് സ്രാമ്പിക്കല്ലിലെ കിളിയമണ്ണില്‍ മുസ(63)യെയാണ് നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാനപാതയില്‍ തലയ്ക്കു പരുക്കേറ്റ് റോഡില്‍ വീണു കിടക്കുന്നതായി കണ്ടെത്തിയിരുന്നത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വയം അപകടത്തില്‍പെട്ടതാകുമെന്നാണ് കരുതിയിരുന്നതെങ്കിലും കാളികാവ് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ബൈക്ക് മൂസയുടെ ബൈക്കില്‍ തട്ടിയാണ് പരുക്കേറ്റതെന്നു വ്യക്തമായത്. ഇതോടെ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റു തെളിവുകളും ബന്ധപ്പെടുത്തി പൊലിസ് നടത്തിയ അന്വേഷണണത്തിലാണ് എടപ്പറ്റ പാതിക്കോടിലെ കോറണത്ത് രവീന്ദ്രനെ പിടികൂടിയത്.
മൂസയുടെ വീട്ടിലേക്കു മരം കയറ്റിവന്ന ഓട്ടോ ഡ്രൈവര്‍ അപകടം നേരില്‍ കണ്ടിരുന്നു. ഓട്ടോ ഇടിച്ചാണ് അപകടമുണ്ടായതെന്ന സംശയത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബൈക്കിടിച്ചാണ് അപകടമുണ്ടായതെന്ന് വ്യക്തമായത്. അപകടം കണ്ട് പേടിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തുപറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവര്‍ പൊലിസിനോട് പറഞ്ഞു.
കാളികാവ് എസ്.ഐ പി.ജെ കുര്യാക്കോസ്, എ.എസ്.ഐ രമേഷ് ബാബു, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പ്രതീപ് കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ആസിഫലി, സാനിര്‍, ജിനാസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."