ഇനി സെമിഫൈനല്‍ അങ്കം
മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് സമാപനമായി. അടുത്ത ദിവസം മുതല്‍ സെമിഫൈനല്‍ മത്സരത്തിന്റെ ചൂടിലേക്ക്. 2018 ലോക ചാംപ്യന്‍മാര്‍ ആരെന്നറിയാന്‍ ഇനി ഏഴു നാളിന്റെ കാത്തിരിപ്പ് മാത്രം. ചൊവ്വാഴ്ച 11.30ന് ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സും ബെല്‍ജിയവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇതിലെ വിജയികളെയാണ് ഫൈനലില്‍ ലുഷ്‌നിക്കി സ്റ്റേഡിയം കാത്തിരിക്കുന്നത്. തൊട്ടടുത്ത ദിവസം നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇരു സെമി ഫൈനലുകളിലും തോല്‍ക്കുന്നവര്‍ തമ്മില്‍ ശനിയാഴ്ച മൂന്നാം സ്ഥാനത്തിനായി മൈതാനത്തിറങ്ങും. പിന്നെ ലോക രാജാക്കന്‍മാരെ തീരുമാനിക്കാന്‍ ഒരു പകലിന്റെയും ഒരു രാത്രിയുടെയും ദൈര്‍ഘ്യം മാത്രം. ഗ്രൂപ്പ് സിയില്‍ നിന്നാണ് ലോകകപ്പിലെ അതിവേഗക്കാരായ ഫ്രാന്‍സ് സെമി ഫൈനലിലെത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെയും ആസ്‌ത്രേലിലയും പരാജയപ്പെടുത്തി. ഡെന്‍മാര്‍ക്കുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയെ 4-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയായിരുന്നു ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറിലും ഫ്രാന്‍സ് മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലാറ്റിനമേരിക്കന്‍ ശക്തികളെ പറഞ്ഞുവിട്ട് ഫ്രാന്‍സ് അനായാസമാണ് സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുള്ളത്. ബെല്‍ജിയവുമായിട്ടാണ് ഫ്രാന്‍സ് സെമി ഫൈനലില്‍ എതിരിടുന്നത്. എന്തു കൊണ്ടും പ്രവചനാതീതമായൊരു മത്സരം തന്നെയായിരിക്കും ഇതെന്ന് നിസംശയം പറയാം. കാരണം റഷ്യയിലെ താരോദയം എംബാപ്പെയുടെ കരുത്ത്, ഗ്രിസ്മാന്റെ കുതിപ്പ്, എന്‍ഗോളോ കാന്റെ എന്ന പ്രതിരോധ താരത്തിന്റെ സാന്നിധ്യം ഇതൊക്കെ ഫ്രാന്‍സിന്റെ സാധ്യതകള്‍ അങ്ങേയറ്റം ഉയര്‍ത്തുന്നു. പക്ഷെ എതിരില്‍ നില്‍ക്കുന്നത് ചില്ലറക്കാരല്ലെന്ന കാര്യമാണ് ഫ്രാന്‍സിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. ഇംഗ്ലണ്ട് അടങ്ങുന്ന ജി ഗ്രൂപ്പില്‍ നിന്നാണ് കരുത്തരായ ബെല്‍ജിയത്തിന്റെ വരവ്.
ഗ്രൂപ്പ് ഘട്ടത്തില്‍ തുണീഷ്യയേയും പാനമയേയും ഇംഗ്ലണ്ടിനേയും പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനോട് ജയിച്ചു. ക്വാര്‍ട്ടറില്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലിനെ 2-1 എന്ന സ്‌കോറിന് കെട്ടുകെട്ടിച്ചാണ് ബെല്‍ജിയം സംഘം സെമി ഫൈനലിലെത്തി നില്‍ക്കുന്നത്. ഫ്രാന്‍സിന്റെതു പോലെ ബെല്‍ജിയത്തിനുമുണ്ട് താരങ്ങള്‍. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങള്‍. മൈതാനത്തിന്റെ ഏത് കോണില്‍ നിന്ന് നോക്കിയാലും ബെല്‍ജിയം ടീമില്‍ താരങ്ങളാണ്. ഗോള്‍ പോസ്റ്റില്‍ ഏറ്റവും മികച്ച കീപ്പര്‍ കുര്‍ട്ടോ. മുന്നേറ്റ നിരയില്‍ കരുത്തനായ ഹസാര്‍ഡും റൊമേലു ലുക്കാക്കു. മധ്യ നിരയും അക്രമണനിരയും അടക്കി വാഴുന്ന കെവിന്‍ ഡിബ്രൂയിന്‍, പ്രതിരോധത്തിന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം കൊംപാനി അങ്ങനെ നീളുന്നു ബെല്‍ജിയത്തിന്റെ താര നിര. ബലാബലം തമ്മില്‍ ഏറ്റുമുട്ടുന്നതോടെ ആദ്യ സെമി ഫൈനലില്‍ മികച്ചൊരു പോരാട്ടമാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. രണ്ടാം സെമി ഫൈനലില്‍ ഇരുടീമുകളും തോല്‍ക്കാന്‍ പാടില്ലെന്ന നിലപാടുള്ളതാണ്. കാരണം മികച്ച ഫുട്‌ബോള്‍ കളിച്ച് സെമി ഫൈനല്‍ വരെ എത്തിയ ക്രൊയേഷ്യ ജയത്തില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ല. ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിട്ടിച്ചും സ്വന്തം തോളിലേറ്റി സെമി ഫൈനല്‍ വരെ എത്തിച്ച ടീം. ഇനി ലുഷ്‌നിക്കിയിലേക്കുള്ള യാത്രയില്‍ മുന്നില്‍ ഇംഗ്ലണ്ട് മാത്രം. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയേ തീരൂ എന്ന വാശിയാണ് ക്രൊയേഷ്യക്ക്. കാരണം 1998 ല്‍ ഡെവര്‍ സ്യൂക്കറില്‍ നിന്ന് നഷ്ടമായത് തിരിച്ച് പിടിക്കണം. അതിന് വേണ്ടിയാണ് ഇനിയുള്ള ഒരോ മത്സരവും. അതിനായിരുന്നു കഴിഞ്ഞ മത്സരത്തില്‍ സ്വന്തം പ്രസിഡന്റ് വരെ സ്റ്റേഡിയത്തില്‍ നേരിട്ടെത്തി ക്രൊയേഷ്യയെ പ്രോല്‍സാഹിപ്പിച്ചത്. അവര്‍ക്കിന് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല. ഇംഗ്ലണ്ടിനെ കുറിച്ചും മറിച്ചൊന്നും പറയാനുണ്ടാകില്ല ഫുട്‌ബോള്‍ ലോകത്തിന്. കാരണം തുടക്കം മുതല്‍ തന്നെ ക്വാളിറ്റി ഫുട്‌ബോള്‍ കളിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ വരവ്. ജി ഗ്രൂപ്പില്‍ നിന്ന് പാനമയേയും തുണീഷ്യയേയും പരാജയപ്പെടുത്തി. ബെല്‍ജിയത്തിനോട് പരാജയപ്പെട്ടു. പ്രീ ക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളംബിയയെ കെട്ടുകെട്ടിച്ചു. ക്വാര്‍ട്ടറില്‍ യൂറോപ്യന്‍ ശക്തികളായ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച് ആധികാരിക ജയവുമായി സെമി ഫൈനലിലേക്ക്. ഇനി ക്രൊയേഷ്യയെ പരാജയപ്പെടുത്തണം. 20 കൊല്ലത്തെ ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ചരിത്രം മാറ്റിയെഴുതുകയാണ് ഹാരി കെയ്‌നെന്ന നായകനും സംഘവും. നാളെ മുതല്‍ നമുക്ക് വീണ്ടും റഷ്യയിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കാം. ആരാകും പുതിയ രാജാക്കന്‍മാര്‍ എന്ന് കാണുന്നതിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."