ഇഞ്ചുറി ടൈമിലെ 'സെല്‍ഫ് ഗോള്‍' വിജയരാഘവന് മുന്നണിയിലും പുറത്തും വിമര്‍ശനം
ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനറും മുന്നണിയും പ്രതിരോധത്തില്‍. സ്ഥാനാര്‍ത്ഥിയെ ആക്ഷേപിച്ചും പാണക്കാട് തങ്ങളെ വിമര്‍ശിച്ചും തെരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ പുതിയ വിവാദങ്ങള്‍ വിളിച്ചുവരുത്തിയ എ. വിജയരാഘവന്റെ പ്രസ്താവനകളില്‍ തലവേദന മാറാതെ വിഷമവൃത്തത്തിലാണ് മുന്നണി നേതൃത്വം.
പ്രസ്താവന ഒന്നിലധികം തവണ ആവര്‍ത്തിച്ചതും നിരന്തരം സമുദായ നേതാക്കളെയുള്‍പ്പെടെ വിമര്‍ശിക്കുന്നതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ഇടതുമുന്നണി ഘടകകക്ഷികളുടെയുള്‍പ്പെടെ അഭിപ്രായം. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മണ്ഡലത്തില്‍ സിറ്റിങ് സീറ്റ് ഇടതുമുന്നണിയുടേതാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമ്യാ ഹരിദാസ് നോമിനേഷന്‍ നല്‍കി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിനെ പൊതുവേദിയില്‍ പരിഹസിച്ചാണ് പൊന്നാനിയില്‍ വിജയരാഘവന്റെ വിവാദ പ്രസംഗം.
സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നാല്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ചു ആശീര്‍വാദം വാങ്ങുന്നതിനെയും വര്‍ഗീയച്ചുവയോടെ പരിഹസിച്ചതോടെ വിജയരാഘവനാണ് രണ്ടു ദിവസമായി തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച. ഇത് ആലത്തൂരില്‍ തോല്‍വി ചോദിച്ചുവാങ്ങാനും പൊന്നാനിയിലും മലപ്പുറത്തും ലഭിക്കാവുന്ന വോട്ടുകളില്‍ തന്നെ വലിയതോതില്‍ വിള്ളല്‍ വീഴാനും ഇടയാക്കുമെന്ന് ഇടതുമുന്നണി ഭയക്കുന്നുണ്ട്.
യു.ഡി.എഫിനു രാഷ്ട്രീയ ആയുധം നല്‍കാനേ വിജയരാഘവന്റെ പ്രസ്താവന ഉപകരിക്കൂവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇന്നലെ തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിജയരാഘവന്റെ 'ജാഗ്രതക്കുറവി'നെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ മതിലൊരുക്കാന്‍ മുന്നില്‍നിന്ന സി. പി.എം പൊതുവേദിയില്‍ വനിതകളെ അപഹസിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന ആരോപണത്തോടെയാണ് പ്രസ്താവനയെ രാഷ്ട്രീയപരമായി യു.ഡി.എഫ് ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഇഫക്ടിനിടയില്‍ നേതാക്കളുടെ നിയന്ത്രണക്കുറവ് മലബാറില്‍ എല്‍.ഡി.എഫിനു കനത്ത ആഘാതത്തിലേക്കാകും വഴിവയ്ക്കുകയെന്നതാണ് പൊതുവികാരം.
നേരത്തെ, പലതവണ വിവാദ പ്രസ്താവനകള്‍ തുടര്‍ന്നുവന്ന വിജയരാഘവന്‍ മലപ്പുറത്ത് ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിലും ദേശീയപാത സ്ഥലമെടുപ്പ് സര്‍വേയിലും പങ്കെടുത്തവരെയും തീവ്രവാദികളാക്കി ഒന്നിലധികം തവണ പ്രസംഗിച്ചിരുന്നു. മുന്നണി കണ്‍വീനറുടെ നാക്കുപി ഴ പാര്‍ട്ടിക്കു മലപ്പുറത്ത് സൃഷ്ടിച്ച തലവേദന മാറും മുന്‍പേയാണ് തെരഞ്ഞെടുപ്പ് അങ്കത്തട്ടിലെ ആക്ഷേപ പ്രസംഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കേ വിജയരാഘവന്റെ നിലപാടുകളോട് നയപരമായി ഇടപെടുകയെന്നതാകും ആലത്തൂര്‍, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ ഇടതു സ്ഥാനാര്‍ഥികള്‍ക്കുളള പ്രധാന വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."