ടൂറിസം: സാമ്പത്തിക പാക്കേജും ഇളവുകളും ഉടനെന്ന് സെക്രട്ടറി
കൊച്ചി: കേരളത്തിലെ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി ടൂറിസം വ്യവസായ മേഖലക്ക് സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിവരികയാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്.
ആയുര്‍വേദ വെല്‍നെസ് അഡ്വഞ്ചര്‍ ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നുമെന്നും ഈ മേഖലകള്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും അവര്‍ അറിയിച്ചു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി ടൂറിസം മേഖലയില്‍ നിന്നുള്ള സംരംഭകരെ പങ്കെടുപ്പിച്ച് ഫിക്കി ദേശീയ ടൂറിസം കമ്മിറ്റി സംഘടിപ്പിച്ച വിഡിയോ കോണ്‍ഫറന്‍സിങില്‍ സംസാരിക്കുകയായിരുന്നു ടൂറിസം സെക്രട്ടറി.
ടൂറിസം മേഖലയുടെ അതിജീവനത്തിനും പുനരുജ്ജീവനത്തിനും ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് ഫിക്കി ടൂറിസം കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഡോ. ജ്യോത്സ്‌ന സൂരി പറഞ്ഞു.
സെപ്റ്റംബറില്‍ വെര്‍ച്വല്‍ കേരള ട്രാവല്‍മാര്‍ട്ട് സംഘടിപ്പിക്കുമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം അറിയിച്ചു. പലകാര്യങ്ങളിലും രാജ്യത്തിന് മാതൃകയായിട്ടുള്ള കേരളത്തില്‍ ടൂറിസം വൈകാതെ പുത്തനുണര്‍വ് കൈവരിക്കുമെന്ന് ഫിക്കി സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ് പറഞ്ഞു. ഫിക്കി ട്രാവല്‍ ടെക്‌നോളജി കമ്മിറ്റി കോ-ചെയര്‍മാന്‍ ആഷിഷ് കുമാര്‍ മോഡറേറ്ററായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."