കെ.പി.സി.സി അധ്യക്ഷനെ പ്രഖ്യാപിക്കല്‍: നടപടി അന്തിമഘട്ടത്തില്‍
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന്റെ നടപടികള്‍ അന്തിമഘട്ടത്തില്‍. നടപടികളുടെ ഭാഗമായി കേരളാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ അന്തിമ പട്ടിക സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി.
മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, കെ.സുധാകരന്‍, വി.ഡി സതീശന്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇന്നലെ രാവിലെ മുകുള്‍ വാസ്‌നികും രാഹുലും തമ്മില്‍ കൂടിക്കാഴ്ചയും നടന്നു. വൈകാതെ തന്നെ കെ.പി.സി.സി അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്ന് എ.ഐ.സി.സി വൃത്തങ്ങള്‍ അറിയിച്ചു. വി.എം സുധീരന്‍ രാജിവച്ച ഒഴിവില്‍ ഉപാധ്യക്ഷന്‍ എം.എം ഹസന് താല്‍ക്കാലിക ചുമതല നല്‍കി ഒരു വര്‍ഷമായിട്ടും പകരക്കാരനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡിന് സാധിച്ചിട്ടില്ല.
ഇതിനിടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും രാജ്യസഭാ സീറ്റ് വിവാദവും കോണ്‍ഗ്രസ് കേരളാ ഘടകത്തെ വലിയ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപനവും നീണ്ടത്.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച് രാഹുലിനെ അധ്യക്ഷനായി അവരോധിച്ച നടപടിക്ക് ചുക്കാന്‍ പിടിച്ചത് മുല്ലപ്പള്ളിക്കുള്ള അനുകൂല ഘടകമാണ്. എന്നാല്‍ സംഘടനാ സംവിധാനം ദുര്‍ബലമായ സാഹചര്യത്തില്‍ ശക്തനായ നേതാവ് തന്നെ വേണമെന്ന ആവശ്യം ഉയര്‍ന്നത് മുരളീധരനും സുധാകരനും അനുകൂലമാണ്.
നേരത്തെ കെ.പി.സി.സി പ്രസിഡന്റ് ചുമതല വഹിച്ചതും പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുന്ന സാഹചര്യത്തില്‍ ജാതി പ്രാതിനിധ്യം പരിഗണിക്കുന്നതും മുരളീധരന് പ്രതികൂലഘടകമാണ്. അടുത്തിടെ കര്‍ണാടകയില്‍ പുതിയ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിച്ച രാഹുല്‍, യുവത്വത്തിനാണ് പ്രാധാന്യം നല്‍കിയത്.
ഇത്തരമൊരു തീരുമാനം കേരളത്തിലും കൈകൊണ്ടാല്‍ നിലവില്‍ കെ.പി.സി.സി ഉപാധ്യക്ഷനായ വി.ഡി സതീശന്റെ പേരാവും പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."