2.24 ലക്ഷത്തിന്റെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നിര്‍ത്തലാക്കി
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള രണ്ടുവര്‍ഷക്കാലംകൊണ്ട് അനധികൃതമായി കൈപ്പറ്റിയിരുന്ന 2.24 ലക്ഷത്തിന്റെ വിവിധ സാമൂഹ്യക്ഷേ പെന്‍ഷനുകള്‍ നിര്‍ത്തലാക്കി. വിധവ, വാര്‍ധക്യകാല പെന്‍ഷനുകളാണ് ഇത്തരത്തില്‍ നിര്‍ത്തലാക്കിയത്.
2016നു ശേഷം രണ്ടുതവണയായി ഈ സര്‍ക്കാര്‍ സാമൂഹ്യക്ഷേ പെന്‍ഷന്‍ തുകയില്‍ വര്‍ധന വരുത്തിയിരുന്നു. 600 രൂപയായിരുന്നത് ആദ്യം 1000 രൂപയായി ഉയര്‍ത്തുകയും ഏഴ് മാസത്തിനിടെ അത് 1,100 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു.
നിലവില്‍ അഞ്ച് വിഭാഗങ്ങളിലായി സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നുണ്ട്. 42.17 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമ്പോള്‍ 483.30 കോടി രൂപ സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണത്തിനായി ചെലവഴിക്കുന്നുമുണ്ട്. 2016-18 കാലയളവില്‍ പുതിയതായി 8.73 ലക്ഷം ഗുണഭോക്താക്കളെയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
അധികാരത്തില്‍ വന്നതിനു ശേഷം 10,707 കോടി രൂപ ഈ സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍വേണ്ടി ചെലവഴിക്കുകയും ചെയ്തു.
വന്‍ തുക ചെലവഴിക്കുന്നതിനാല്‍ അര്‍ഹരായവരുടെ കൈകളില്‍ മാത്രമേ സാമൂഹ്യക്ഷേമ പെന്‍ഷന്‍ എത്താവൂ എന്ന് കര്‍ശന നിര്‍ദേശം ധനകാര്യ വകുപ്പ് തുടര്‍ച്ചയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
ഇത്തരത്തില്‍ ചട്ടവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയ അനര്‍ഹരില്‍ നിന്ന് ഏകദേശം 24 കോടി രൂപയോളം തിരിച്ചുപിടിച്ചതായി ധനകാര്യ വകുപ്പ് കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."