ദേവു ജീവനുവേണ്ടി പൊരുതുന്നു; പിതാവിന്റെ ജീവനകന്നതറിയാതെ
സമൂഹമാധ്യമങ്ങളില്‍ താരമായ ദേവുവിന്റെ അച്ഛനെ ആശുപത്രി വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ താരമായ ഒന്‍പത് വയസുകാരി ആശുപത്രിക്കിടക്കയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുമ്പോള്‍ പിതാവിനെ ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് സംഭവം. നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ താരമായ ദേവു (ചന്ദന) ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. ദേവുവിന്റെ പിതാവ് ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കര വീട്ടില്‍ ബി ചന്ദ്രബാബു (42)വിനെയാണ് ഇന്നലെ രാവിലെ എസ്.എ.ടി ആശുപത്രിയുടെ നഴ്‌സിങ് ഹോസ്റ്റലിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ദേവുവിന്റെ നില ഗുരുതരമാണെന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് ചന്ദ്രബാബു മകളെ സന്ദര്‍ശിച്ചിരുന്നു. മകളുടെ ആരോഗ്യം മെച്ചപ്പെടാത്തതില്‍ ചന്ദ്രബാബു ദിവസങ്ങളായി മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന രോഗം ബാധിച്ച ദേവുവിനെ അഞ്ചു ദിവസം മുന്‍പാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് എസ്.എ.ടിയിലേക്ക് മാറ്റിയത്.
ചന്ദ്രബാബുവും ഭാര്യ രജിതയും ഇളയച്ഛന്‍ രമേശുമാണ് ദേവുവിനൊപ്പം തിരുവനന്തപുരത്തേക്ക് വന്നത്. ചന്ദ്രബാബു പെയിന്റിങ് തൊഴിലാളിയാണ്. ഇന്നലെ പുലര്‍ച്ചയോടെ ജീവനൊടുക്കിയതാകാമെന്നാണ് പൊലിസ് നിഗമനം. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലം വന്നതിനുശേഷമായിരിക്കും മൃതദേഹം വിട്ടുനല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് മെഡിക്കല്‍ കോളജ് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."