ജൈവ അടയാളങ്ങളെ കാമറയില്‍ പകര്‍ത്തി യുവ ഫോട്ടോഗ്രഫര്‍
തൃക്കരിപ്പൂര്‍: നാലായിരത്തിലധികം ജൈവ അടയാളങ്ങളെ കാമറയില്‍ പകര്‍ത്തി യുവ ഫോട്ടോഗ്രഫര്‍ ശ്രദ്ധേയനാകുന്നു. തൃക്കരിപ്പൂര്‍ പൂച്ചോല്‍ സ്വദേശിയും കരിവെള്ളൂരില്‍ താമസക്കാരനുമായ അഭിലാഷ് പത്മനാഭനാണ് പക്ഷികളും പൂമ്പാറ്റകളും തുമ്പികളുമടങ്ങുന്ന ജീവന്റെ തുടിപ്പുകളെ അതിസൂക്ഷ്മമായി ഒപ്പിയെടുത്ത് പരിസ്ഥിതി പഠനത്തിനുള്ള ഉപകരണമായി കാമറയെ മാറ്റിത്തീര്‍ക്കുന്നത്. തൃക്കരിപ്പൂര്‍, കുണിയന്‍, കരിവെള്ളൂര്‍ കാങ്കോല്‍, മാതമംഗലം പ്രദേശങ്ങളില്‍ നിന്നാണ് നാലായിരത്തിലധികം വരുന്ന ജൈവ ചിഹ്നങ്ങളെ നിരീക്ഷകമനസോടെ പകര്‍ത്തിയെടുത്തത്. കര്‍ണാടകത്തിലെ പുത്തൂരില്‍നിന്നും നൂറിലധികം ചിത്രങ്ങളും കാമറയ്ക്കകത്താക്കിയിട്ടുണ്ട്. തൃക്കരിപ്പൂര്‍, കരിവെള്ളൂര്‍ മേഖലയിലെ 90 ശതമാനത്തിലധികം പക്ഷികളെയും പൂമ്പാറ്റകളെയും ചെറു പ്രാണികളെയും ഇതിനകം തന്നെ തന്റെ കാമറയില്‍ രേഖപ്പെടുത്തിക്കഴിഞ്ഞുവെന്ന് അഭിലാഷ് പത്മനാഭന്‍ പറയുന്നു. ഈ മധ്യവേനലോടെ തന്റെ ദൗത്യം സമ്പൂര്‍ണമാക്കാമെന്ന പ്രതീക്ഷയിലാണ് ഈ ഫോട്ടോഗ്രഫര്‍. ഈ ഫോട്ടോക്കമ്പം തുടങ്ങിയിട്ട് ഒരു വര്‍ഷമെ ആയുള്ളൂവെങ്കിലും ഇക്കാലയളവില്‍ പരമാവധി ചിത്രങ്ങള്‍ തന്റെ ശേഖരത്തിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കുണിയന്‍ പുഴയോരത്ത് ദേശാടനത്തിനെത്തുന്ന ഒട്ടേറെ അപൂര്‍വ പക്ഷികളും ഈ പറവ ശേഖരത്തെ സമ്പന്നമാക്കുന്നു. കഴിഞ്ഞ ദിവസം ഇടയിലെക്കാട് എ.എല്‍.പി സ്‌കൂളില്‍ അഭിലാഷ് പത്മനാഭന്റെ ആദ്യത്തെ ഫോട്ടോ പ്രദര്‍ശനം നടന്നു. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. എണ്‍പതോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിനായി തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."