'ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി; അന്വേഷണത്തില്‍ ഇടപെട്ടു' സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യം
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആരോപണവുമായി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനാണെന്നും കേസിന്റെ അന്വേഷണത്തില്‍ വെള്ളാപ്പള്ളി ഇടപെട്ടെന്നും സഹോദരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 18 വര്‍ഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല. സി.ബി.ഐ അന്വേഷണം വേണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി. മരണം സംബന്ധിച്ചുള്ള ദുരൂഹത അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുക്കണമെന്നും ബ്രഹ്മശ്രീ ശാശ്വതീകാനന്ദ സ്വാമിജി മതാതീത ആത്മീയ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ശാന്ത കുമാരി ആവശ്യപ്പെട്ടു.
സ്വാമിയുടെ മരണസമയത്ത് ആലുവയിലെ ആശ്രമത്തിലെ സെക്രട്ടറി രത്‌നതീര്‍ഥര്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഹൈക്കോടതിയ്ക്ക് നല്‍കിയ കത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പരാമര്‍ശങ്ങളുണ്ട്. വെള്ളാപ്പള്ളിയ്ക്കും മകനും പങ്കുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രീതാന്മാനന്ദ സ്വാമിയുടെ തിരോധാനം ഉണ്ടാകുന്നത്. ശാശ്വതീകാനന്ദയുടെ നിഴല്‍ പോലെ കഴിഞ്ഞ പുരുഷോത്തമന്‍ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടതും ഇഷ്ടദാനമായി കിട്ടിയ സ്ഥലങ്ങള്‍ പുനലൂര്‍ പ്രസാദ്, ഇടുക്കി സി.കെ കേശവന്‍ എന്നിവര്‍ക്ക് കിട്ടിയതും എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ശാന്തകുമാരി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ ആത്മഹത്യ ചെയ്ത കെ.കെ മഹേഷിന്റേത് ഇതിലെ ഒടുവിലത്തെ സംഭവമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംഘടനാ ജനറല്‍ സെക്രട്ടറി ബിജു ദേവരാജ്, അനപേക്ഷാനന്ദ സ്വാമി എന്നിവരും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."