കറാച്ചി ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയെന്ന് ഇമ്രാന്ഖാന്
ഇസ്ലാമാബാദ്: കറാച്ചിയിലെ പാകിസ്താന് സ്റ്റോക് എക്സ്ചേഞ്ച് കെട്ടിടത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ പൊലിസ് ഇന്‍സ്പെക്ടറും രണ്ടു സുരക്ഷാ സൈനികരുമുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. എ.കെ. 47 തോക്കുകളും ഗ്രനേഡുകളുമായെത്തിയ അക്രമികളെ സുരക്ഷാസേന വെടിവച്ചു കൊല്ലുകയായിരുന്നു.
ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇന്ത്യ ഇതില്‍ പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം പാര്‍ലമെന്റില്‍ സംസാരിക്കവെ ഇന്ത്യക്കെതിരേ ആരോപണമുന്നയിച്ച ഇമ്രാന്ഖാന് അതിന് യാതൊരു തെളിവും ഹാജരാക്കിയില്ല. ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്ട്ടുണ്ടായിരുന്നെന്നാണ് ഖാന് പറഞ്ഞത്. ഭീഷണിയെക്കുറിച്ച് പാര്‍ലമെന്റിനെ ധരിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമികളുടെ കൈവശം മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിലെ പോലെ ആളുകളെ ബന്ദികളാക്കാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സുരക്ഷാ സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം അത് വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക് രഹസ്യാന്വേഷണ വിഭാഗം നാല് വലിയ ആക്രമണങ്ങള്‍ ഇല്ലാതാക്കിയെന്നും അതില്‍ രണ്ടെണ്ണം തലസ്ഥാനമായ ഇസ്ലാമാബാദിനെ ലക്ഷ്യംവച്ചായിരുന്നെന്നും ഇമ്രാന്ഖാന് അവകാശപ്പെട്ടു.ബലൂച് തീവ്രവാദികള്‍ക്ക് ഇന്ത്യ സഹായം ചെയ്യുന്നതായി പാകിസ്താന് പലതവണ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത് നിഷേധിക്കുന്നു. 2018ല്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റ് ആക്രമിച്ചതിനു പിന്നിലും ബലൂച് തീവ്രവാദികളായിരുന്നു. ഈ സംഘടനയെ 2006ല്‍ പാകിസ്താന് നിരോധിച്ചതാണ്. ജൂലൈയില്‍ യു.എസ് ആഗോള ഭീകരസംഘടനകളുടെ കൂട്ടത്തില്‍ ഇതിനെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."