തീവ്രവാദ ബന്ധം: 18,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തുര്‍ക്കി പുറത്താക്കി
അങ്കാറ: തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് 18,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തുര്‍ക്കി പുറത്താക്കി. സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ അടിയന്തര ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് പത്രങ്ങള്‍, ഒരു ചാനല്‍ എന്നിവ അടച്ചു പൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്. പട്ടാള അട്ടിറി ശ്രമത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് 18,632 പേരെ തുര്‍ക്കി പുറത്താക്കിയിരുന്നു.
8,998 പൊലിസ് ഉദ്യോഗസ്ഥര്‍, 3,077 സൈനികര്‍, 1,949 വ്യോമസേന അംഗങ്ങള്‍, 1,126 നാവിക സേന അംഗങ്ങള്‍ എന്നിവരെയാണ് അന്ന് പുറത്താക്കിയത്.
രാജ്യത്തെ അടിയന്തരാവസ്ഥ ഏഴ് തവണ പുതുക്കി. ജൂലൈ 19ന് അടിയന്തരാവസ്ഥ അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രസിഡന്റ് ഉര്‍ദുഗാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് 2016 ജൂലൈയിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ജൂണ്‍ 24ന് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഉര്‍ദുഗാന്‍ ബുധനാഴ്ച അധികാരമേല്‍ക്കും. ഭരണഘടന ഭേദഗതിയെ തുടര്‍ന്ന് വൈസ് പ്രസിഡന്റ്, മന്ത്രിമാര്‍, ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രസിഡന്റിനാണ്.
അതിനിടെ തുര്‍ക്കി പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് പാര്‍ട്ടികളില്‍ നിന്ന് 600 അംഗങ്ങളാണ് ഇന്നലെ ചുമതലയേറ്റത്. ഉര്‍ദുഗാന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് 295 അംഗങ്ങളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."