മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത് ബാധിക്കുന്നത് അവശ്യവസ്തു വിപണനത്തെ; വിലക്കയറ്റ ഭീഷണിയും ഉയരുന്നു
കൊച്ചി: സംസ്ഥാനത്തെ പ്രധാന മൊത്ത വിപണന മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത് അവശ്യവസ്തു വിപണനത്തെ ബാധിക്കുന്നു. ഇതേതുടര്‍ന്ന് അരിയും പച്ചക്കറിയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുമെന്ന ആശങ്കയും ഉയരുന്നു. വിവിധ ജില്ലകളില്‍ കൊവിഡ് സാമൂഹികവ്യാപനത്തിലേക്ക് കടക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് അപ്രതീക്ഷിതമായി മൊത്തവിപണന കേന്ദ്രങ്ങള്‍ അടച്ചിടേണ്ടിവന്നത്. കഴിഞ്ഞയാഴ്ച തൃശൂര്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശക്തന്‍ മാര്‍ക്കറ്റ് അടക്കമുള്ളവയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതിനുപിന്നാലെ തിരുവനന്തപുരം ചാലയടക്കമുള്ള മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം എറണാകുളം മാര്‍ക്കറ്റ് മൊത്തമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കി. മലപ്പുറത്ത് പൊന്നാനിയടക്കമുള്ള മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്.
എറണാകുളത്ത് ഇന്നലെ മാര്‍ക്കറ്റ് അടച്ചതോടെ 20 ലോഡ് പച്ചക്കറിയാണ് പാഴായത്. എറണാകുളം മാര്‍ക്കറ്റിലെ ഇലക്ട്രിക് കടയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച വൈകിട്ടോടെ ജില്ലാ കലക്ടര്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ ഉത്തരവിടുകയായിരുന്നു. ഇതിന് മുന്‍പ് തന്നെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് എറണാകുളത്തേക്കുള്ള പച്ചക്കറി ലോറികള്‍ പുറപ്പെട്ടിരുന്നു. മൊത്തവിപണനത്തിന് മറൈന്‍ ഡ്രൈവില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം വ്യാപാരികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇന്നലെ രാവിലെ മറൈന്‍ ഡ്രൈവിലേക്ക് ഇതരസംസ്ഥാന ലോറികളും പച്ചക്കറി വാങ്ങാനെത്തിയ ചെറുകിട കച്ചവടക്കാരുടെ വാഹനങ്ങളും ഒപ്പം കാഴ്ചക്കാരും ഒത്തുകൂടിയതോടെ വന്‍ ജനക്കൂട്ടമാണ് രൂപപ്പെട്ടത്. കൊവിഡ് മുന്‍കരുതലുകള്‍ ലംഘിച്ച് ജനം ഒത്തുകൂടുന്നത് സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായി. ഇതോടെ, പൊലിസെത്തി കച്ചവടം അവസാനിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച പച്ചക്കറി വിറ്റഴിയുന്നതിന് മുന്‍പായിരുന്നു അടപ്പിക്കല്‍. ഇതോടെ, മൊത്ത വ്യാപാരികള്‍ക്ക് വന്‍തുക നഷ്ടം വന്നു. ലോഡ് എത്താത്തത് വരുംദിവസങ്ങളില്‍ ചില്ലറ വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകും. എറണാകുളം ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളിലേക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്കും പച്ചക്കറി കയറ്റിപ്പോകുന്നത് എറണാകുളം മാര്‍ക്കറ്റില്‍ നിന്നാണ്.
ഇതുകൂടാതെ അരി, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ മൊത്തവിപണനവും മുടങ്ങിയിരിക്കുകയാണ്. വിവിധ ജില്ലകളിലേക്ക് തുണിത്തരങ്ങള്‍ കയറ്റിപ്പോകുന്ന വസ്ത്ര മൊത്ത വിപണിയും എറണാകുളം മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. എത്ര ദിവസമാണ് മാര്‍ക്കറ്റ് അടച്ചിടേണ്ടിവരിക എന്നത് സംബന്ധിച്ച് അധികൃതര്‍ക്കും വ്യക്തമായ ധാരണയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."