വടക്കാഞ്ചേരി മേഖല കൂര്‍ക്ക കൃഷിയുടെ നിറവിലേക്ക്
വടക്കാഞ്ചേരി: മേഖലയിലെ പാടശേഖരങ്ങള്‍ കൂര്‍ക്ക കൃഷിയുടെ സമൃദ്ധിയിലേക്ക്. ഇതിന് മുന്നോടിയായി കൂര്‍ക്ക തണ്ട് ഉല്പാദനത്തിന് തുടക്കമായി.
വിത്ത് നട്ട് മുളപ്പിച്ചെടുക്കുന്ന തണ്ടുകളാണ് പാടശേഖരങ്ങളില്‍ വരും നാളുകളില്‍ കാര്‍ഷിക സമൃദ്ധിയാവുക. വിത്ത് നട്ട് പാകമാകുമ്പോള്‍ നുള്ളിയെടുത്ത് വില്‍പ്പന നടത്തുകയാണ് ആദ്യഘട്ടം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായ കൂര്‍ക്ക തണ്ടുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്ന് വടക്കാഞ്ചേരി മേഖലയാണ്. ഏറ്റവും മികച്ച കൂര്‍ക്കയാണ് ഇവിടെ ഉല്പ്പാദിക്കുന്നതെന്നതാണ് പ്രധാന സവിശേഷത.
രുചികരമായ കൂര്‍ക്കയുടെ തണ്ട് ഈ മേഖലയില്‍ നിന്ന് ലഭിക്കുമെന്നതും ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുകയാണ്. കൂര്‍ക്ക തണ്ട് ഉല്‍പ്പാദനത്തില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വ്യക്തിയാണ് മുളങ്കുന്നത്ത്കാവ് സ്വദേശി ഗ്രാമല ചെട്ടിയാര്‍ കുന്നില്‍ താഴത്ത് പറമ്പില്‍ വീട്ടില്‍ ശ്രീനിവാസന് (49).
ഇദ്ദേഹത്തിന് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. കാല് നൂറ്റാണ്ടായി കാര്‍ഷിക രംഗത്ത് സജീവമായ ഇദ്ദേഹം ഒരേക്കര്‍ സ്ഥലത്താണ് കൂര്‍ക്ക തണ്ട് കൃഷി ചെയ്യുന്നത്. ഇത് വിളവെടുത്താല്‍ എട്ട് ഏക്കര്‍ സ്ഥലത്ത് കൂര്‍ക്കകൃഷി ചെയ്യാനാകും. കൂര്‍ക്ക തണ്ടിനോടൊപ്പം കണി വെള്ളരി, നെല്ല്, വാഴ, ചീര, ചേമ്പ് എന്നിവയും കൃഷി ചെയ്യുന്നു.
ചോറ്റുപാറ കൃഷിഭവനാണ് ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളുമൊക്കെ ചെയ്ത് കൊടുക്കുന്നത്. പീച്ചി ഡാമില്‍ നിന്നുള്ള ജലാശയത്തിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി. കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടായ കാര്‍ഷിക നാശം കൂര്ക്കതണ്ട് കൃഷിയിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയും വെച്ച് പുലര്‍ത്തുന്നു ശ്രീനിവാസന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."