കൊണ്ടോട്ടി മത്സ്യ മൊത്തവിതരണകേന്ദ്രം നടത്തിപ്പ് പ്രശ്‌നപരിഹാരത്തിന് നഗരസഭ നടപടി തുടങ്ങി
കൊണ്ടോട്ടി: നഗരത്തിലെ മത്സ്യമൊത്തവിതരണകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് നഗരസഭ നടപടി തുടങ്ങി. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ 13 ലക്ഷം രൂപക്ക് കേന്ദ്രം നടത്തിപ്പിനായി പുതിയ സംഘത്തിന് കരാര്‍ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നപരിഹാരങ്ങള്‍ക്കാണ് നഗരസഭ നടപടിയാരംഭിച്ചത്.
പുതുതായി ഏറ്റെടുത്തവര്‍ 20 ദിവസത്തിനകം ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്‍െ നടപടികള്‍ സാധ്യമായിട്ടില്ല. നേരത്തെയുളള കരാറുകാരുടെ നിയന്ത്രണത്തിലുളള പെട്ടികളും മറ്റ് വസ്തുക്കളും നീക്കിയിട്ടില്ലെന്നും പ്ലാന്റ് തുടങ്ങുന്നതിനുളള സ്ഥലസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടും പുതുതായി ഏറ്റെടുത്തവര്‍ നഗരസഭക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി നഗരസഭ സെക്രട്ടറി എ ഫിറോസ് ഖാന്‍ അറിയിച്ചു.
സാധനങ്ങള്‍ മാറ്റികൊടുക്കണമെന്ന് നേരത്തെയുളള നടത്തിപ്പുകാരോട് നോട്ടീസ് മുഖേനെ ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യം കൊണ്ട് പോകുന്ന പെട്ടികള്‍ നീക്കം ചെയ്യുന്നതിന് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായും നിശ്ചിത സമയത്തിനകം ഇവ മാറ്റുമെന്നും സെക്രട്ടറി പറഞ്ഞു.
പെട്ടികള്‍ മാറ്റണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച ഉദ്യോഗസ്ഥ സംഘം മേലങ്ങാടി റോഡിലെ മത്സ്യവിതരണ കേന്ദ്രത്തിലെത്തുകയും ചെയ്തിരുന്നു. അതേ സമയം, പുതിയ കരാറുകാര്‍ക്ക് നടത്തിപ്പ് ചുമതല നല്‍കുമ്പോള്‍ നേരത്തെയുളള തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെടരുതെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."