മാസത്തിലെ അവസാന പ്രവൃത്തി ദിവസം ശമ്പളം നല്‍കി കെ.എസ്.ആര്‍.ടി.സി, നടപടി ഒരു വര്‍ഷത്തിനു ശേഷം
തിരുവനന്തപുരം: ഒരു വര്‍ഷത്തിലേറെ പിന്നിട്ടപ്പോള്‍ ഇതാദ്യമായി മാസത്തിന്റെ അവസാന പ്രവൃത്തി ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യ മാസങ്ങളില്‍ കൃത്യമായി ശമ്പളം ലഭിച്ചെങ്കിലും പിന്നീട് അഞ്ച്, എട്ട് തിയതിയിലേക്കും അത് ഗഡുക്കളായി മാറുന്ന അവസ്ഥയുമുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന കെ.എസ്.ആര്‍.ടി.സിയില്‍ മാനേജിങ് ഡയറക്ടര്‍മാര്‍ മാറി വന്നതല്ലാതെ ശമ്പളത്തില്‍ ക്രമീകരണമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ടോമിന്‍ തച്ചങ്കരി മാനേജിങ് ഡയറക്ടറായി വന്നതിനു ശേഷം വീണ്ടും ശമ്പളം കൃത്യമായി. ആ പത്തുമാസം മാസത്തിന്റെ അവസാന പ്രവൃത്തി ദിവസത്തില്‍ ശമ്പളം നല്‍കിയെങ്കിലും അദ്ദേഹം പുറത്തുപോയ ശേഷം വീണ്ടും കാര്യങ്ങള്‍ തകിടംമറിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കൃത്യമായി പണം അനുവദിച്ചിരുന്നെങ്കിലും ബാക്കി തുക കണ്ടെത്താനാകാതെ ശമ്പളം വൈകുന്നത് പതിവായി മാറുകയായിരുന്നു.
എം.പി.ദിനേശ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം രാജിവച്ചുപോയ കഴിഞ്ഞ മാസം വരെ ജീവനക്കാര്‍ക്ക് മാസത്തിന്റെ അവസാന പ്രവൃത്തി ദിനത്തില്‍ ശമ്പളം നല്‍കിയിരുന്നില്ല.
പുതിയ എം.ഡിയായി ബിജു പ്രഭാകര്‍ ചുമതലയേറ്റ ആദ്യ മാസത്തിന്റെ അവസാന പ്രവൃത്തി ദിനത്തില്‍തന്നെ ശമ്പളം നല്‍കുകയായിരുന്നു. ജീവനക്കാരെ ഒപ്പം നിര്‍ത്തി കെ.എസ്.ആര്‍.ടി.സിയില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കുന്നതിനായി 69 കോടി രൂപ സര്‍ക്കാര്‍ നേരത്തെ തന്നെ അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."