ഒളിംപ്യനാകാന്‍ ജിസ്‌ന; പ്രാര്‍ഥനയില്‍ മലയോരം
ആലക്കോട്: ഇന്ത്യയുടെ ഒളിംപിക് മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയുമായി മലയോരത്തിന്റെ അഭിമാനം ജിസ്‌നയും. അടുത്തമാസം റിയോ ഡി ജനീറോയില്‍ ഒളിംപിക്‌സ് ആരവമുയരുമ്പോള്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങുന്ന 11 മലയാളി താരങ്ങള്‍ക്കൊപ്പം ഈ പി.ടി ഉഷയുടെ ശിഷ്യയുമുണ്ടാകും. പതിനേഴുകാരിയായ ജിസ്‌ന മാത്യു 400 മീറ്റര്‍ റിലേ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ആഹ്ലാദത്തിലാണ് മലയോരം. മൂന്നു പതിറ്റാണ്ടു മുമ്പ് എം.ഡി വത്സമ്മയാണ് ആലക്കോട് മേഖലയില്‍ നിന്നു ആദ്യമായി ഒളിംപിക്‌സ് ടീമിലെത്തിയത്.
നടുവില്‍ പഞ്ചായത്തിലെ താവുകുന്ന് ബക്കിരിമലയിലെ കുഴിവേലില്‍ മാത്യു-ജെസി ദമ്പതികളുടെ മകളാണ് ജിസ്‌ന. വായാട്ടുപറമ്പ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പി.ടി ഉഷ സ്‌കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജിസ്‌ന പൂവ്വമ്പായി എയിംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ജൂനിയര്‍ തലത്തിലെ മിന്നുന്ന പ്രകടനമാണ് ചെറുപ്രായത്തില്‍ തന്നെ ജിസ്‌നയെ ഇന്ത്യന്‍ സംഘത്തിലെത്തിച്ചത്. ദോഹയില്‍ ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ വെള്ളി, സമോവയില്‍ കോമണ്‍വെല്‍ത്ത് യൂത്ത് മീറ്റില്‍ മികച്ച പ്രകടനം, ചൈനയില്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റിലേയില്‍ വെള്ളി, ബീജിങ്ങില്‍ നടന്ന ലോക മീറ്റിലെ പങ്കാളിത്തം, ജൂനിയര്‍ നാഷണല്‍ മീറ്റില്‍ മൂന്ന് സ്വര്‍ണം, ജാര്‍ഖണ്ഡില്‍ ദേശീയമീറ്റില്‍ രണ്ടു സ്വര്‍ണം, കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന മീറ്റില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും തുടങ്ങി നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഈ കൊച്ചുമിടുക്കി. ജിസ്‌നയുടെ നേട്ടങ്ങള്‍ക്ക് അംഗീകാരമായി വീടിനു സമീപത്തുകൂടി കടന്നു പോകുന്ന റോഡ് ടാര്‍ ചെയ്യുകയും റോഡിന് ജിസ്‌നയുടെ പേര് നല്‍കുകയും ചെയ്തിരുന്നു.
പ്രാരാബ്ദങ്ങള്‍ക്കിടയിലും കഠിന പ്രയത്‌നത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായി നേടിയെടുത്ത മെഡലുകള്‍ക്കിടയില്‍ ഒരു ഒളിംപിക്‌സ് മെഡല്‍ രാജ്യത്തിനുവേണ്ടി നേടാനാവട്ടെ എന്ന പ്രാര്‍ഥനയിലാണ് വീടുകാര്‍ക്കൊപ്പം മലയോര ജനതയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."