ജോസ് വിഭാഗത്തെ പിടിക്കാനുള്ള സി.പി.എം ശ്രമത്തിന് ഉടക്കിട്ട് സി.പി.ഐ: എല്‍.ഡി.എഫ് വിപുലീകരിക്കാനുള്ള ചര്‍ച്ച ഇപ്പോഴില്ല, കോടിയേരിയെ തള്ളി കാനം
തിരുവനന്തപുരം: ജോസ് വിഭാഗത്തിനെ ചാക്കിട്ടു പിടിക്കാന്‍ സി.പി.എം വലയെറിയുമ്പോള്‍ ഉടക്കുമായി സി.പി.ഐ രംഗത്ത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും എ.വിജയരാഘവന്റെയും പ്രസ്താവനകളെ തള്ളിക്കളഞ്ഞത്. യു.ഡി.എഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസെന്ന കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തെയാണ് കാനം തള്ളിക്കളഞ്ഞത്.
സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയാണ് കാനം കോടിയേരിയേയും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെയും തള്ളിക്കളഞ്ഞത്. എല്‍.ഡി.എഫ് വിപുലീകരിക്കാനുള്ള യാതൊരു ചര്‍ച്ചയും ഇപ്പോഴില്ലെന്ന് കാനം തുറന്നടിച്ചു. ജോസ് വിഭാഗത്തെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. സ്വന്തം നാട്ടില്‍ തോറ്റ ചരിത്രമാണ് ജോസ് വിഭാഗത്തിനുള്ളത്. അതും കെ.എം മാണിയെപോലൊരാളുടെ വിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍. ഇവര്‍ക്കാണോ ബഹുജന അടിത്തറയുണ്ടെന്നു പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉണ്ടെങ്കില്‍ തന്നെ അത് യു.ഡി.എഫിന്റെ അടിത്തറയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ക്ലാസില്‍ നിന്നു പുറത്താക്കിയ കുട്ടിയെ സ്‌കൂളില്‍ നിന്നു പുറത്താക്കിയില്ല. അത്തരമൊരുകുട്ടി നിര്‍ബന്ധിത ടി.സിയുമായി എല്‍.ഡി.എഫിലേക്ക് വരേണ്ടെന്നും കാനം പറഞ്ഞു. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫ് കൂടുതല്‍ ദുര്‍ബലമാകുമെന്നും കേരള കോണ്‍ഗ്രസ് ബഹുജനാടിത്തറയുള്ള പാര്‍ട്ടിയാണെന്നും അവര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ ഇടപെട്ട് പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നുമായിരുന്നു കോടിയേരി പാര്‍ട്ടി പത്രത്തിലെഴുതിയത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും കോടിയേരിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിനെതിരേയാണ് സി.പി.ഐ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."