ജീവനക്കാരെ നിയമിച്ച് മലമ്പുഴ ജയില്‍ പ്രവര്‍ത്തനം ആരംഭിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
പാലക്കാട്: മലമ്പുഴയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലാ ജയിലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ ഉടന്‍ സൃഷ്ടിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ജയില്‍ ഡി ജി പിക്കും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കിയത്.
28 പേരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള പാലക്കാട് കോട്ട സ്‌പെഷ്യല്‍ സബ്ജയിലില്‍ അന്തേവാസികളുടെ എണ്ണം 200 കവിഞ്ഞെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കമ്മിഷന്‍ ജയില്‍ മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. കോട്ട സബ്ജയില്‍ കെട്ടിടം പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലായതിനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ട സബ്ജയിലില്‍ തടവുകാരുടെ എണ്ണം കൂടുമ്പോള്‍ വിയ്യൂര്‍, പാലക്കാട് ജില്ലാ ജയില്‍, ആലത്തൂര്‍ സബ്ജയില്‍ എന്നിവിടങ്ങളിലെക്ക് മാറ്റാറാണ് പതിവ്. ജയില്‍ കെട്ടിടം ഒഴിയണമെന്ന് പുരാവസ്തു വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2006-2011 ല്‍ സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2019 ല്‍ മലമ്പുഴയില്‍ പുതിയ ജയിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 340 തടവുകാരെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ടന്നും റിപ്പോര്‍ട്ടിലുണ്ട്. സ്‌പെഷ്യല്‍ ജയിലില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമെ മലമ്പുഴ ജില്ലാ ജയിലില്‍ 49 ജീവനക്കാരുടെ തസ്തിക അധികം സൃഷ്ടിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ജയിലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരുടെ തസ്തിക സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയാല്‍ ജയിലിന്റെ പ്രവര്‍ത്തനമാരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മാണം പൂര്‍ത്തിയാക്കിയ ജയിലിന്റെ പ്രവര്‍ത്തനം ജീവനക്കാരുടെ അഭാവത്തില്‍ ആരംഭിക്കാതിരിക്കുന്നത് ശരിയല്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."