സമരം, സിനിമ, സാമൂഹ്യ വിഭജനം
മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം ആസന്നമായ സമയത്ത് അതിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രധാന കഥാപാത്രമായി നാലോ അഞ്ചോ സിനിമകള്‍ വരുന്നു. വളരെ നാടകീയമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം. ബ്രിട്ടിഷ് വിരുദ്ധ സമീപനത്തിന്റെ പേരില്‍ നിരവധി യാതനകള്‍ സഹിക്കേണ്ടിവന്ന കുടുംബ പശ്ചാത്തലവും പൈതൃകവും, സ്വദേശത്തേക്ക് കടന്നുചെല്ലാനോ കുടുംബ ജീവിതത്തിന്റെ സ്വാസ്ഥ്യത്തിലഭയം തേടാനോ കഴിയാതെ ദൂരദേശങ്ങളില്‍ കഴിയേണ്ടിവന്ന ജീവിതഗതി, ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുന്ന മതാഭിമാനവും ബ്രിട്ടിഷ് വിരോധവും, അപാരമായ ഇഛാശക്തിയും ധീരതയും- ഇതെല്ലാമാണ് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ വരച്ചിടാവുന്ന സങ്കീര്‍ണ്ണ രേഖകള്‍. അദ്ദേഹം ഒരു വീരനെപ്പോലെ പൊരുതി, ആലി മുസ്‌ലിയാരടക്കമുള്ള സ്വന്തം നേതാക്കളോട് ഒരു വിധേയനെപ്പോലെ കൂറുപുലര്‍ത്തി, സ്വന്തം കര്‍മ്മ പൂര്‍ത്തീകരണത്തില്‍ നിഷ്ഠൂരമെന്ന് പോലും പറയാവുന്ന തരത്തില്‍ നീതി പാലിച്ചു, നിരവധി ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ജീവിതം, ഒടുവില്‍ ചതിക്കപ്പെടുകയും മരണ ശിക്ഷക്ക് കീഴടങ്ങുകയും ചെയ്തു. മരണാസന്ന വേളയില്‍ കുഞ്ഞഹമ്മദ് ഹാജിക്ക് ഒന്നേയുള്ളു ആവശ്യം. തന്റെ കണ്ണുകള്‍ കെട്ടരുത്. പിന്നില്‍നിന്ന് വെടിവയ്ക്കരുത്. ഭരണാധികാരത്തിനു നേരെ നെഞ്ച് വിരിച്ചുനിന്നാണ് അദ്ദേഹം മരണം ഏറ്റുവാങ്ങിയത്. ഇങ്കുലാബ് വിളിച്ച് തൂക്കുമരത്തിനു നേരെ നീങ്ങിയ രക്തസാക്ഷി ഭഗത് സിങ്ങിനെപ്പോലെ മറ്റൊരാള്‍. തീര്‍ച്ചയായും ചലച്ചിത്ര പ്രവര്‍ത്തകരെ സര്‍ഗാവിഷ്‌ക്കാരത്തിന്റെ തലത്തില്‍നിന്നു നോക്കുമ്പോള്‍ ആവേശഭരിതമാക്കുന്ന കഥയും കഥാപാത്രവുമാണ് മലബാര്‍ സമരവും കുഞ്ഞഹമ്മദ് ഹാജിയും. ഈജിപ്ത്യന്‍ സംവിധായകനായ മുസ്തഫാ അക്കാദ് അനശ്വരമാക്കിയ ഉമര്‍ മുഖ്താറിനെപ്പോലെയൊരു കഥാപാത്രവും ആഫ്രിക്കന്‍ മരുഭൂമിയില്‍ ഇറ്റാലിയന്‍ അധിനിവേശത്തിന്നെതിരായി ഉമര്‍ മുഖ്താര്‍ നടത്തിയ ധീരോജ്വലമായ പോരാട്ട പശ്ചാത്തലം പോലെയൊരു കഥാപരിസരവും തീര്‍ച്ചയായും ചലച്ചിത്ര സൃഷ്ടാക്കള്‍ മനസ്സില്‍ കണ്ടിട്ടുണ്ടാവും. അതിനാല്‍ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ആവിഷ്‌കാരവും ആലോചനയും അതിനുള്ള ഉദ്യമങ്ങളും ഉണ്ടായത് തികച്ചും സ്വാഭാവികമാണ്.
പ്രശ്‌നത്തിന്റെ കാതല്‍
ഇതിഹാസ കഥാപാത്രങ്ങളെയും ചരിത്ര പുരുഷന്മാരെയും അവരുടെ ജീവിതത്തെയും പ്രമേയമാക്കി നിരവധി സിനിമകള്‍ ആഗോള തലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വ്യക്തി ജീവിത ചിത്രീകരണ സിനിമകള്‍ ചിലപ്പോള്‍ എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. ആറ്റന്‍ ബറോയുടെ ഗാന്ധി സിനിമയെ കൊണ്ടാടിയ ഇന്ത്യ ഗാന്ധിയെപ്പറ്റി നിര്‍മിച്ച 'നയന്‍ ഹവേഴ്‌സ് റ്റു രാമ' നിരോധിച്ചിട്ടുമുണ്ട്. അതായത് കലാസൃഷ്ടികള്‍ വ്യക്തികളെയും ചരിത്ര സംഭവങ്ങളെയും വ്യാഖ്യാനിക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള രാഷ്ട്രീയം വിമര്‍ശിക്കപ്പെടാം. ഇപ്പോള്‍ വാരിയംകുന്നത്തിനെ കുറിച്ചുള്ള സിനിമ നിര്‍മിക്കുന്നതിനെതിരായി രംഗത്ത് വന്നിട്ടുള്ളത് സംഘ്പരിവാര്‍ ശക്തികളാണ്. വരാനിരിക്കുന്ന വാരിയം കുന്നന്‍ സിനിമകള്‍ ഹിന്ദുക്കള്‍ക്കെതിരായി നടന്ന അതിക്രമങ്ങളെയും മതപരിവര്‍ത്തനങ്ങളെയും വെള്ളപൂശി അവയുടെ നായകനെ ചരിത്രത്തില്‍ ധീരോദാത്ത പരിവേഷത്തോടെ പ്രതിഷ്ഠിക്കുകയാണെന്ന് മുറവിളി കൂട്ടിക്കൊണ്ട് സമൂഹത്തില്‍ മതപരമായ വിഭജനം സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതും സിനിമയുടെ കടലാസ് പണികള്‍ പോലും പൂര്‍ത്തിയാക്കുന്നതിന് മുന്‍പ്. അവരുടെ ലക്ഷ്യം വലിയൊരളവോളം സാധിച്ചു കഴിഞ്ഞു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ സമരം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. 1921- 22 കാലത്ത് ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ ഭാഗങ്ങളിലും നടന്ന ബ്രിട്ടിഷ് വിരുദ്ധ സമരങ്ങളാണ് സാമാന്യമായി മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും മറ്റും വ്യവഹരിക്കപ്പെടുന്നത്. ഇത് ഇസ്‌ലാമിക ജിഹാദിന്റെ ഭാഗമായിരുന്നു എന്നും മലബാറിലെ ഹിന്ദുക്കള്‍ അതി ഭീകരമായി കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നും കൊള്ളക്കും ബലാത്സംഗത്തിനും വിധേയരായി എന്നും അറുതിയില്ലാത്ത യാതനകള്‍ ഏറ്റുവാങ്ങേണ്ടിവന്നു എന്നുമാണ് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നത്. അതേസമയം സമരത്തെപ്പറ്റി ഇംഗ്ലീഷിലും മലയാളത്തിലും വന്ന ആധികാരിക ചരിത്രഗ്രന്ഥങ്ങളൊന്നും തന്നെ സമരം ഹിന്ദു വിരുദ്ധമായിരുന്നുവെന്ന് വിധിയെഴുതുന്നില്ല. കോണ്‍റാഡ് വുഡ്, സൗമ്യേന്ദ്രനാഥ ടാഗൂര്‍, ഡോ. കെ.എന്‍ പണിക്കര്‍, ഡോ. എം. ഗംഗാധരന്‍, ഡോ. കെ.ടി ജലീല്‍ തുടങ്ങിയവര്‍ മലബാര്‍ കലാപത്തെ ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാക്കിയവരാണ്. അവരുടെയാരുടെയും പുസ്തകങ്ങളില്‍ കലാപം ഹിന്ദു വിരുദ്ധമായിരുന്നു എന്ന് തീര്‍പ്പ് കല്‍പ്പിക്കുന്നില്ല.
സമരകാലത്ത് അതിന്റെ ആഘാത പ്രത്യാഘാതങ്ങള്‍ നേരിട്ടനുഭവിച്ച വ്യക്തിയാണ് കോണ്‍ഗ്രസ് -ഖിലാഫത്ത് നേതാവായ കെ. മാധവന്‍ നായര്‍. അദ്ദേഹം തന്റെ അനുഭവങ്ങളെ ആസ്പദമാക്കി മലബാര്‍ കലാപം എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കാളിയായതിന്റെ പേരില്‍ സമുദായ ഭ്രഷ്ട് നേരിടേണ്ടി വന്ന ബ്രാഹ്മണനാണ് മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. അദ്ദേഹം ഖിലാഫത്ത് സ്മരണകള്‍ എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. ഈ പുസ്തകങ്ങളൊന്നും തന്നെ മലബാര്‍ സമരം ഹിന്ദു വിരുദ്ധമോ ഇസ്‌ലാമിക വ്യാപനത്തില്‍ കേന്ദ്രീകരിച്ചുള്ളതോ ആയ പ്രക്ഷോഭമാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല. അതേസമയം സമരം തീര്‍ത്തും ബ്രിട്ടിഷ് വിരുദ്ധമായിരുന്നു എന്ന കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. മലബാറില്‍ നിലനിന്നിരുന്ന ജന്മിത്വത്തിന് ബ്രിട്ടിഷുകാരുടെ റവന്യൂ നയങ്ങള്‍ വലിയ പിന്തുണയായിവര്‍ത്തിച്ചിരുന്ന കാലത്താണ് ഈ സമരം മൂര്‍ത്തരൂപമാര്‍ജിക്കുന്നത്. ജന്മിമാര്‍ ഭൂരിപക്ഷവും സവര്‍ണ ഹിന്ദുക്കളായിരുന്നു, കുടിയാന്മാര്‍ മുസ്‌ലിംകളും. മുസ്‌ലിം കുടിയാന്മാര്‍ ഹിന്ദു ജന്മിമാര്‍ക്കും അവരെ സഹായിച്ച് കൊണ്ടിരുന്ന ബ്രിട്ടിഷ് അധികാരികള്‍ക്കും എതിരായി പ്രക്ഷോഭത്തെ രൂപപ്പെടുത്തി. ഒരേ സമയം ജന്മിക്കും ഭരണകൂടത്തിനുമെതിരായ സമരമായിരുന്നു അത്. സ്വാഭാവികമായും സവര്‍ണ ജന്മിമാര്‍ ബ്രിട്ടിഷ് അനുകൂലികള്‍ ആയിരുന്നതിനാല്‍ സമരത്തിന്ന് ഹിന്ദു വിരുദ്ധ ഛായ കൈവന്നു എന്നതൊരു വസ്തുതയാണ്. അതേസമയം മുസ്‌ലിം ജന്മിമാരില്‍ പലരും ബ്രിട്ടിഷ് അനുകൂലികളായിരുന്നു. സമരക്കാരുടെ കയ്യാല്‍ അവര്‍ക്കും മരണവും മര്‍ദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
കെ. മാധവന്‍ നായരുടെ 'മലബാര്‍ കലാപ'ത്തില്‍ ഇങ്ങനെയൊരു ഭാഗമുണ്ട്, മാപ്പിളമാര്‍ പ്രവര്‍ത്തിച്ച അക്രമങ്ങളെപ്പറ്റി മാധവന്‍ നായര്‍ വാരിയംകുന്നനോട് ചോദിക്കുന്നതാണ് സന്ദര്‍ഭം. മാധവന്‍ നായര്‍ എഴുതുന്നു: ഞാന്‍ അല്‍പം ആലോചിച്ച് വീണ്ടും ഇങ്ങനെ പറഞ്ഞു ' എനിക്ക് മറ്റൊന്നും പറയാനില്ല. എങ്കിലും മാപ്പിളമാര്‍ പ്രവര്‍ത്തിച്ച അക്രമങ്ങള്‍ നിങ്ങള്‍ കണ്ടുവോ? ഒരു ഹിന്ദുവിന്റെ വീടെങ്കിലും അവര്‍ കൊള്ള ചെയ്യാന്‍ ബാക്കിയില്ലല്ലോ. ഇതെന്ത് അന്യായമാണ്. ഇങ്ങനെയാണോ നിങ്ങളുടെ മതം ഉപദേശിക്കുന്നത്. നിങ്ങള്‍ക്കു ശക്തിയുണ്ടെങ്കിലും മനസ്സുണ്ടെങ്കിലും ഈ കൊള്ള നിര്‍ത്തുകയാണ് വേണ്ടത്.
ഉടനെ ഹാജിയാര്‍ കണ്ണൊന്നുരുട്ടി മിഴിച്ചു എന്നോട് ഇങ്ങനെ പറഞ്ഞു: ' അതിനു തന്നെയാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്. മഞ്ചേരി നാലുംകൂടിയ സ്ഥലത്ത് വെച്ച് ഞാന്‍ ഇപ്പോള്‍ ഇത് പറഞ്ഞു തന്നെയാണ് ഇങ്ങോട്ടു വന്നത്. കൊള്ള ചെയ്യുന്ന ഏത് മാപ്പിളയേയും എന്റെ കൈയില്‍ കിട്ടിയാല്‍ അവന്റെ വലത്തെ കയ്യ് ഞാന്‍ വെട്ടി മുറിക്കും. അതിനു സംശയമില്ല. ഇവിടെ ഒരു കൊള്ള നടക്കുന്നുണ്ടെന്ന് കേട്ടിട്ടാണ് ഞാന്‍ ഇങ്ങോട്ട് തന്നെ ഇപ്പോള്‍ വന്നത് '
'കൈ മുറിക്കുന്നതും മറ്റും സാഹസമാണ്. അതൊന്നും ചെയ്യരുത്. പക്ഷേ കൊള്ള എങ്ങനെയെങ്കിലും നിര്‍ത്തുന്നത് അത്യാവശ്യമാണ് എന്നു ഞാന്‍ മറുപടി പറഞ്ഞു. ഹാജിയാര്‍: 'അങ്ങനെ പറഞ്ഞാലേ അവര്‍ പേടിക്കയുള്ളൂ എന്ന് സ്വകാര്യമായി എന്റെ ചെവിയില്‍ മന്ത്രിച്ചു (പുറം- 171)
കുഞ്ഞഹമ്മദ് ഹാജി അരീക്കോട്ട് പോയത് മൊയ്തീന്‍കുട്ടി ഹാജി പല നിര്‍ബന്ധിത മതം മാറ്റങ്ങളും മറ്റു തെറ്റായ പ്രവൃത്തികളും ചെയ്യുന്നു എന്നു കേട്ടിട്ടായിരുന്നു. അവിടെ നടക്കുന്ന നിര്‍ബന്ധമതം മാറ്റം തടയാന്‍ ഹാജിക്ക് സാധിച്ചിരുന്നു എന്ന് ഡോ. എം. ഗംഗാധരനും രേഖപ്പെടുത്തിയിട്ടുണ്ട് (മലബാര്‍ കലാപം. പുറം- 279).
അപചയങ്ങള്‍
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു സമരത്തിന്റെ അച്ചടക്കമോ കാര്‍ഷിക സമരത്തിന്റെ പ്രത്യയശാസ്ത്ര വ്യക്തതയോ മലബാര്‍ സമരത്തിന് ഉണ്ടായിരുന്നില്ല. അതായിരുന്നു ഏറെക്കുറെ നിരക്ഷരരായ മാപ്പിളമാര്‍ മുന്‍കൈയെടുത്തു നടത്തിയ സമരത്തിന്റെ പ്രധാന പരിമിതി. അതിനെക്കുറിച്ചു പറയുമ്പോള്‍ 1921ലെ സമരത്തിന് മുമ്പ് മാപ്പിള ഹൃദയഭൂമിയില്‍ നടന്നുപോന്ന കൊളോണിയല്‍ വിരുദ്ധ കലാപങ്ങളെക്കുറിച്ചും പറയണം. ബ്രിട്ടിഷുകാര്‍ക്കെതിരായി നിരവധി ചെറുത്തുനില്‍പ്പുകള്‍ മാപ്പിളമാര്‍ നടത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ ഒരുപാട് യാതനകള്‍ സഹിച്ചിട്ടുമുണ്ട്. മാപ്പിള ഔട്ട്‌റേജസ് ആക്ടും മറ്റും അവര്‍ക്ക് വരുത്തിവച്ച പ്രയാസങ്ങള്‍ തുല്യതയില്ലാത്തതാണ്. ഈ ചെറുത്തുനില്‍പ്പുകളുടെ തുടര്‍ച്ചയാണ് 1921 ലെ സമരം. അതെങ്ങനെ വളരെ എളുപ്പത്തില്‍ അക്രമാസക്തമായി എന്ന് മനസ്സിലാക്കണമെങ്കില്‍ കൊളോണിയല്‍ വാഴ്ചയുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടിഷുകാര്‍ക്കെതിരേ ഇന്ത്യയില്‍ പലേടത്തുമുണ്ടായ സമരങ്ങളുടെ വര്‍ഗ സ്വഭാവത്തെ മലബാര്‍ സമരത്തോട് ചേര്‍ത്തുവച്ച് വായിക്കണം.
ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്തുതന്നെ ചെറുത്തുനില്‍പ്പുകള്‍ ആരംഭിച്ച 1757ല്‍ നടന്ന പ്ലാസിയുദ്ധമാണ് ഇന്ത്യയില്‍ ബ്രിട്ടിഷ് വാഴ്ചക്ക് അടിത്തറയിട്ടത്. അതു മുതല്‍ സമരങ്ങളാരംഭിച്ചു. പ്രധാനമായും ഗോത്രവര്‍ഗക്കാരായിരുന്നു, കലാപങ്ങളിലേര്‍പ്പെട്ട ബസ്തര്‍ ഭീല്‍, കോലി, സാന്താള്‍, ബുന്ദേലാ, ബിര്‍സാ തുടങ്ങി ചെറുതും വലുതുമായ 140 കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അപ്‌റൈസിങ്ങുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. തങ്ങളുടെ വംശീയവും സാമുദായികവുമായ സ്വത്വത്തിനു നേരെ ബ്രിട്ടിഷ് കൊളോണിയലിസ്റ്റുകള്‍ നടത്തിയ കൈയേറ്റങ്ങളെ പ്രതിരോധിക്കാനുള്ള ഉദ്യമങ്ങളായിരുന്നു അവ. കാടുകളെ ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവര്‍ഗക്കാരില്‍നിന്ന് വനവിഭവങ്ങളും ഭൂമിയും പിടിച്ചെടുക്കാനും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കാനും ബ്രിട്ടിഷുകാര്‍ ശ്രമിച്ചു. അത് പ്രാകൃതമെന്ന് വ്യവഹരിക്കപ്പെടുന്ന ഈ ഗോത്രവര്‍ഗ സമൂഹത്തില്‍ സൃഷ്ടിച്ച അസ്തിത്വപ്രതിസന്ധിയില്‍നിന്നാണ് ആദ്യത്തെ ബ്രിട്ടിഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഗോത്രവര്‍ഗക്കാരുടെ കലാപങ്ങള്‍ക്ക് പ്രേരകമായ അസ്തിത്വ പ്രതിസന്ധി തന്നെയാണ് മാപ്പിളമാരുടെ പ്രതിരോധങ്ങള്‍ക്കും പ്രേരകമായത്. മലബാര്‍ മേഖലയിലെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കും ഇസ്‌ലാമിക ജീവിത വ്യവസ്ഥക്കുമെതിരായിരുന്നു ബ്രിട്ടിഷ് അധികൃതര്‍, മമ്പുറം സയ്യിദ് ഫസല്‍ ജിഫ്രി, വെളിയങ്കോട് ഉമര്‍ ഖാസി തുടങ്ങിയവരുടെ കൊളോണിയല്‍ വിരുദ്ധ നിലപാടുകള്‍ ഓര്‍ക്കുക. ഇത് സാമാന്യ ജനങ്ങളില്‍ ഒരേസമയം തീവ്രമായ മതാഭിമാനവും ബ്രിട്ടിഷ് വിരോധവും ജനിപ്പിച്ചു. ബ്രിട്ടിഷുകാര്‍ക്കൊപ്പമായിരുന്നു ഹിന്ദു സവര്‍ണ ജന്മികള്‍. അവര്‍ക്കെതിരില്‍ കുടിയാന്മാരായ മാപ്പിളമാരില്‍ രോഷം പതഞ്ഞുപൊങ്ങിയത് സ്വാഭാവികം. ഈ ശത്രുത കൂടുതല്‍ അക്രമാസക്തമായത് പട്ടാളക്കാര്‍ നടത്തിയ ക്രൂരതകള്‍ മൂലമാണ്. അതോടൊപ്പം സമരക്കാരുടെ മതാഭിമാനം വിശുദ്ധ ജിഹാദ് എന്ന ആശയതലത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞ ഗോത്രവര്‍ഗ സാമുദായിക ചെറുത്തുനില്‍പ്പുകള്‍ക്കെല്ലാം ഇങ്ങനെയൊരു മാനമുണ്ട്.
ഒരു കാര്യം തീര്‍ച്ച, മലബാര്‍ സമരത്തെ വിലയിരുത്തേണ്ടത് അതിന്റെ അപചയങ്ങളുടെ അടിസ്ഥാനത്തിലല്ല. അതിന്റെ പിന്നിലുണ്ടായിരുന്ന ആശയങ്ങളുടെയും ചിന്തയുടെയും പശ്ചാത്തലത്തിലാണ്. പ്രയോഗതലത്തില്‍ സമരം നടത്തിയത് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാത്ത സാധാരണ മനുഷ്യരാണ്. സമരത്തിന് കൃത്യമായ ദിശാബോധം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ അതിനെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അപ്രാപ്തരാവുകയും ചെയ്തു. കോണ്‍ഗ്രസ് കൈവിട്ടപ്പോഴുണ്ടായ നിരാശാബോധത്തില്‍ നിന്നാവാം സമരം വഴിതെറ്റിപ്പോയത്. ലോക പരിചയമോ രാഷ്ട്രീയ ജ്ഞാനമോ വേണ്ടത്രയില്ലാത്ത നേതൃത്വത്തിന് സ്വാഭാവികമായും അപചയങ്ങള്‍ സംഭവിച്ചു. ഈ ദുരന്തത്തിന്റെ ഇരകളിലൊരാളാണ് ആലി മുസ്‌ലിയാരെപ്പോലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും.
മലബാര്‍ സമരത്തില്‍ ഏറ്റവുമധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചവര്‍ ആരാണ്? മാപ്പിളമാര്‍ തന്നെ. അവര്‍ അനുഭവിച്ച യാതനകളെയും പട്ടാളത്തിന്റെ ക്രൂരതകളെയും പറ്റി കെ. മാധവന്‍ നായര്‍ ഹൃദയ ഭേദകമായി വിവരിക്കുന്നുണ്ട്. 'ക്രൂര മുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയല്ലായിരുന്നു' മലബാര്‍ സമരത്തിന്റെ ബാക്കിപത്രം. ഏറനാട്ടിലും വള്ളുവനാട്ടിലും വീണ മാപ്പിളയുടെ ചോരയായിരുന്നു. ഹതഭാഗ്യരായ മാപ്പിളമാര്‍ക്ക് ആശ്വാസം പകരാന്‍ കോട്ടക്കല്‍ പി.എസ് വാരിയരെപ്പോലെയുള്ളവര്‍ മുന്നോട്ടുവന്നത് സമരത്തിന്റെ മറുവശമാണ്. ഈ മറുവശത്ത് നിന്നാണ് ഏറനാടും വള്ളുവനാടും അതിന്റെ സ്‌നേഹാര്‍ദ്രതകള്‍ തിരിച്ചുപിടിച്ചതും മത സൗഹാര്‍ദത്തിന്റെ വിളനിലമായതും.
വാല്‍ക്കഷണം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സാധാരണക്കാരില്‍നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന ദേശാഭിമാനിയാണെന്ന് കാലാന്തരേണ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് കെ. മാധവന്‍ നായര്‍ പ്രവചിച്ചു. സിനിമയെച്ചൊല്ലിയുള്ള ഒച്ചപ്പാടുകളുടെ പശ്ചാത്തലത്തില്‍, ദൈവമേ ഈ പ്രവചനം പിഴച്ചുവെന്നാണോ കരുതേണ്ടത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."